അർജുൻ ; അനാസ്ഥയുടെ ആഴങ്ങളിൽ



കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള കേരളത്തിന്റെ കാത്തിരിപ്പ്‌ 10–-ാം നാളിലേക്ക്‌. അർജുൻ തിരിച്ചുവരുമെന്നുതന്നെയായിരുന്നു ഒരാഴ്‌ചവരെ നമ്മളെല്ലാം കരുതിയത്‌. ഉത്തര കന്നഡ ജില്ലയിൽ കാർവാർ അങ്കോളയ്‌ക്ക്‌ 10 കിലോമീറ്റർ അപ്പുറം ഷിരൂരിലെ ഗംഗാവലിപ്പുഴയിലാണ്‌ ഇപ്പോൾ അർജുന്റെ ട്രക്കുള്ളത്‌. 16നു രാവിലെ എട്ടരയോടെയാണ്‌ ഷിരൂരിലെ ചായക്കടയും അവിടെ പാർക്ക്‌ ചെയ്‌ത വാഹനങ്ങളും മണ്ണിടിച്ചിലിൽ ഒന്നാകെ ഗംഗാവലിപ്പുഴയിൽ പതിച്ചത്‌. ഏഴുപേരുടെ മൃതദേഹം രണ്ടുനാളത്തെ തിരച്ചിലിൽ 30 കിലോമീറ്റർ അകലെ നിന്നുവരെ ലഭിച്ചു. മൊത്തം 11 പേരെ കാണാതായതിൽ എട്ടുപേരുടെ മൃതദേഹം മാത്രമാണ്‌, കരയ്‌ക്കടിഞ്ഞതിനാൽമാത്രം കിട്ടിയത്‌. എൻജിൻ ഭാഗം നഷ്ടപ്പെട്ട ഒരു ടാങ്കർ ലോറിയും കരയ്‌ക്കടിഞ്ഞു. മണ്ണിടിഞ്ഞുണ്ടായ തിരത്തള്ളലിൽ, 500 മീറ്ററോളം അകലമുള്ള പുഴയുടെ അക്കരെ ഭാഗത്തെ ഹനസൂർ എന്ന ഗ്രാമത്തിലെ ഏഴു വീടും തകർന്നു. രണ്ടുപേർ ഒലിച്ചുംപോയി. ഈ ഭീകര കാഴ്‌ചകളും ദുരന്തത്തിന്റെ വ്യാപ്‌തിയും പുറത്തെത്തിച്ചത്‌, അപകടം നടന്ന്‌ നാലാംനാൾ ഷിരൂരിൽ എത്തിയ മലയാള മാധ്യമങ്ങളാണ്‌. അതുവരെ ഒഴുകിയവൻ, ഒഴുകി; പതുക്കെ തിരയാമെന്ന കടുത്ത ഉദാസീന നിലപാടിലായിരുന്നു കർണാടക സർക്കാർ. 18നു വിവരമറിഞ്ഞയുടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കർണാടക സർക്കാരിനെ നിരന്തരം ബന്ധപ്പെട്ടു. അതോടെ, 19നു രാവിലെ തിരച്ചിൽ എന്നപേരിൽ നാല്‌ ജെസിബിയും കുറച്ച്‌ ലോറികളും സ്ഥലത്ത്‌ എത്തിച്ചു. അതിനിടയ്‌ക്ക്‌ ലോറിയുടെ ജിപിഎസ്‌ സിഗ്‌നൽ കിട്ടി. അർജുന്റെ മൊബൈൽ ഫോൺ പ്രതികരിച്ചു തുടങ്ങിയ വാർത്തകളും മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നു. അതോടെ കേരള മനഃസാക്ഷിയൊന്നാകെ, അർജുനായി പ്രതികരിച്ചുതുടങ്ങി. ദുരന്തമുഖത്ത്‌, ഗോൾഡൻ അവർ എന്നൊരു സംഗതിയുണ്ട്‌. അപകടം നടന്ന്‌ ആദ്യത്തെ  സുവർണ നിമിഷങ്ങൾ. പരമാവധി ജീവൻ രക്ഷാപ്രവർത്തനം നടത്താൻ, ലഭ്യമായ എല്ലാ വിദഗ്‌ധസഹായവും എത്തിക്കുക എന്നതാണ്‌ അത്‌. കേരളത്തിന്‌ അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ തൊട്ടുപറയാനുണ്ടല്ലോ. ഓഖിമുതൽ പ്രളയംവരെ, കവളപ്പാറമുതൽ പുത്തുമലവരെ എത്രയെത്ര പ്രകൃതി ദുരന്തങ്ങൾ താണ്ടിയവരാണ്‌ നാം. ദുരന്തവാർത്തകൾ പുറത്തറിയുന്ന നിമിഷംമുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശസ്‌തമായ ആഹ്വാനംപോലെ ‘അപ്പോൾ നമ്മൾ ഒന്നിച്ചിറങ്ങുക’യാണ്‌. നമ്മുടെ പ്രിയപ്പെട്ട അർജുന്റെ കാര്യത്തിലും അതുണ്ടാകണമായിരുന്നു; പക്ഷേ, ആ ഹതഭാഗ്യൻ വീണത്‌, കേരളത്തിന്‌ 300 കിലോമീറ്റർ അകലെയായിപ്പോയി. കൊടും അനാസ്ഥയുടെ മറ്റേതോ ലോകത്തായിപ്പോയി. അതിന്റെ ആഴങ്ങളിൽ, അർജുനുണ്ട്‌. അവന്റെ ട്രക്കുമുണ്ട്‌. കുടുംബവും സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടും സൈന്യം ഇറങ്ങിയത്‌ നാലാംനാൾ കഴിഞ്ഞുമാത്രമാണ്‌. അപ്പോഴേക്കും കേരളത്തിൽനിന്നും നൂറ്റമ്പതോളം രക്ഷാപ്രവർത്തകരും സ്ഥലത്ത്‌ എത്തി. അവർക്ക്‌ അവിടെ കടക്കാൻ പറ്റാത്തവിധം ബാരിക്കേഡ്‌ തീർത്താണ്‌ കർണാടക ചട്ടം പാലിച്ചത്‌. തർക്കമുണ്ടായപ്പോൾ, അർജുന്റെ ട്രക്ക്‌ ഉടമ മനാഫിനെയും രക്ഷാപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി രഞ്ജിത് ഇസ്രായേലിനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവംപോലുമുണ്ടായി. കോഴിക്കോട്ടുനിന്ന്‌ എത്തിയ അർജുന്റെ ബന്ധുക്കൾ, ട്രക്കുടമ എന്നിവർ അങ്കോള പൊലീസ്‌ സ്‌റ്റേഷനിൽ 17 മുതൽ കയറിയിറങ്ങുന്നുണ്ട്‌. അങ്ങനെയൊരു ലോറിയേയില്ല എന്ന നിലപാടാണ്‌ പൊലീസ്‌ സ്വീകരിച്ചത്‌. സംഭവത്തിലൊരു എഫ്‌ഐആർ പോലും ഇട്ടത്‌ 19ന്‌ ആണ്‌. അതും കേരളത്തിന്റെ സമ്മർദം ശക്തമായപ്പോൾമാത്രം. പിന്നീട്‌ 19 മുതൽ തിരച്ചിൽ ആരംഭിച്ചപ്പോഴോ, അതും ചട്ടപ്പടി. രാവിലെ ആറരയ്‌ക്ക്‌ തുടങ്ങുമെന്നാണ്‌ അറിയിപ്പുകൾ വരുന്നത്‌. മണ്ണുമാന്തിയന്ത്രവും മറ്റും എത്തി സജീവമാകുമ്പോൾ രാവിലെ ഒമ്പതുകഴിയും. രാത്രിയും തിരച്ചിൽ നടത്തുമെന്നാണ്‌ സ്ഥലത്ത്‌ എത്തിയ എം കെ രാഘവൻ എംപി മാധ്യമങ്ങളെ അറിയിച്ചത്‌. ആ പറഞ്ഞ അന്നുപോലും ഏഴരയോടെ കെട്ടിപ്പൂട്ടി അധികൃതർ മടങ്ങി. ലോകത്തെവിടെയും നിർണായകഘട്ടത്തിൽ, സമയം നോക്കി, ചട്ടപ്പടി രക്ഷാപ്രവർത്തനം നടത്തിയതായി കേട്ടുകേൾവിയില്ല. സൂറത്തുകൽ എൻഐടി വിദ്യാർഥികൾ പഠിക്കാൻ ഉപയോഗിക്കുന്ന രണ്ടര മീറ്റർമാത്രം സിഗ്‌നൽ കിട്ടുന്ന ജിപിആറാണ്‌ ആദ്യം എത്തിച്ചത്‌. സൈന്യം എത്തിയ 18നു മുതൽ മാത്രമാണ്‌ അൽപ്പമെങ്കിലും ആധുനികമായ സംവിധാനങ്ങൾ എത്തിയത്‌. ‘കാണാതായത്‌ കേരള സർക്കാരിൽ ശക്തമായ സ്വാധീനമുള്ള ആളാണോ’ എന്നാണ്‌ അവിടത്തെ പൊലീസും നാട്ടുകാരും ചോദിച്ചത്‌. അവർക്ക്‌ അറിയില്ലല്ലോ; അർജുൻ എന്ന ട്രക്ക്‌ ഡ്രൈവറും കേരളത്തിൽ വിവിഐപിയാണെന്ന്‌. കേരളത്തിന്റെ സിസ്‌റ്റം അങ്ങനെയാണെന്ന്‌. Read on deshabhimani.com

Related News