നല്ല സിനിമയുടെ വിളവെടുപ്പ്
ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ഒറ്റദിവസം പ്രഖ്യാപിക്കപ്പെടുകയെന്ന ആകസ്മികത മലയാളിക്ക് സമ്മാനിക്കുന്നത് അഭിമാനത്തിന്റെ നിമിഷങ്ങൾ. സിനിമയെന്ന അടങ്ങാത്ത ആവേശവുമായി അതിന്റെ പിന്നണിയിൽ പണിയെടുക്കുന്ന ആയിരങ്ങളുടെയും ജീവിതത്തോടുള്ള മൽപ്പിടിത്തത്തിനിടയിലും തിയറ്ററുകളിലേക്കുള്ള നിർബന്ധിത യാത്ര മുടക്കാനാകാത്ത പ്രേക്ഷക ലക്ഷങ്ങളുടെയും മനസ്സിൽ നിറയുന്നത് അർഹതയ്ക്കുള്ള അംഗീകാരം നേടിയവരെക്കുറിച്ചുള്ള അഭിമാനബോധം. സിനിമയോടും കലർപ്പില്ലാത്ത സ്നേഹത്താൽ ഐക്യപ്പെടുന്നവരാണ് മലയാളികൾ. നല്ല സിനിമയ്ക്കുവേണ്ടി ആരോടും വാദിക്കാൻ കെൽപ്പുള്ള മലയാളി അനുവാചകന്റെ ലാവണ്യബോധം പ്രതിഫലിക്കുന്നുണ്ട് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്രപുരസ്കാര പ്രഖ്യാപനത്തിൽ. കലാമൂല്യമുള്ള സിനിമകൾക്ക് പ്രഥമ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ പകരുന്നതാണ് ദേശീയ പുരസ്കാരങ്ങൾ. ഇന്ത്യൻ സിനിമയിൽ മലയാളിയുടെ സർഗപ്രതിഭയെ ദേശീയ ജൂറിക്ക് കാണാതിരിക്കാനാകുന്നില്ല. അനിശ്ചിതത്വങ്ങളുടെ മരുഭൂമികൾ താണ്ടിയാണ് ബെന്യാമിന്റെ ആടുജീവിതം ബ്ലസിയുടെ ആടുജീവിതവുമായി ചലച്ചിത്രരൂപം പ്രാപിച്ചത്. ബ്ലസിയെന്ന സംവിധായകന്റെ 16 വർഷം ഈ സ്വപ്നത്തിനായി ബലിയർപ്പിക്കപ്പെട്ടു. പൃഥ്വിരാജ് എന്ന മനുഷ്യൻ നജീബ് ആയിത്തീരാൻ മരുഭൂമിയിൽ സ്വയം ഉരുകുകയായിരുന്നു. കലയ്ക്കുവേണ്ടിയുള്ള ത്യാഗോജ്വലമായ ആ സമർപ്പണത്തിനുള്ള അംഗീകാരമാണ് സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിൽ കേട്ടത്. മികച്ച നടനും സംവിധായകനുമടക്കം ഒമ്പത് അംഗീകാരമാണ് മലയാള സിനിമയ്‌ക്ക് ബൃഹത് ആഖ്യാനങ്ങളിൽ കൈവയ്ക്കാനാകുമെന്ന് ലോക സിനിമയോട് വിളിച്ചുപറഞ്ഞ ആടുജീവിതം നേടിയത്. പുരോഗമനപരമായ ഉള്ളടക്കം പറയാൻ ജിയോ ബേബി പ്രകടിപ്പിച്ച ചങ്കൂറ്റമാണ് കാതൽ ദ കോർ എന്ന സിനിമയുടെ സൗന്ദര്യം. വൻവിജയം നൽകി മലയാളി പ്രേക്ഷകർ സിനിമ ഉയർത്തിയ രാഷ്ട്രീയത്തിന് പിന്തുണ നൽകി. നാലു പുരസ്കാരമാണ് ചിത്രം നേടിയത്. മലയാളിയുടെ പ്രിയനടി ഉർവശി ആറാമതും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. എന്നാൽ, അതിനൊപ്പം ബീന ആർ ചന്ദ്രൻ എന്ന നാടകപ്രവർത്തകയും അംഗീകരിക്കപ്പെട്ടു. ഫാസിൽ റസാഖ് സംവിധാനംചെയ്ത തടവ് എന്ന ചിത്രത്തിലെ ബീന ആർ ചന്ദ്രന്റെ പ്രകടനം മലയാളത്തിൽ ചിരപ്രതിഷ്ഠ നേടിയ നടിയുടെ പ്രകടനത്തിന് തുല്യമായി ജൂറി വിലയിരുത്തി. ഫാസിൽ റസാഖ് മികച്ച പുതുമുഖസംവിധായകനുള്ള പുരസ്കാരവും നേടി. ജൈവം എന്ന ചിത്രത്തിൽ വയോധികനായ ഗാന്ധിയനെ അവതരിപ്പിച്ച പയ്യന്നൂരിലെ പത്രം ഏജന്റ് കെ സി കൃഷ്ണനാണ് പൃഥ്വിരാജിനൊപ്പം മികച്ച നടനാകാൻ മത്സരിച്ചത്. നടനുള്ള പ്രത്യേക ജൂറി പരാമർശം അദ്ദേഹത്തിനു ലഭിച്ചു. താരമൂല്യമല്ല പ്രകടനംമാത്രമാണ് വിധികർത്താക്കളെ നയിച്ചതെന്ന് വ്യക്തം. 160 ചിത്രമാണ് ഇക്കുറി സംസ്ഥാന പുരസ്കാരത്തിനായി മത്സരിച്ചത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറി എത്ര ശ്രമകരമായ ജോലിയാണ് നിർവഹിച്ചതെന്ന് വ്യക്തം. വിധിനിർണയിച്ച സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ മേനോൻ എന്നിവരുടെ സാന്നിധ്യം പുരസ്കാരങ്ങളുടെ തിളക്കംകൂട്ടുന്നു. എഴുപതാം ദേശീയ ചലച്ചിത്രപുരസ്‌കാരത്തിനായി 2022ലെ ചിത്രങ്ങളാണ് പരിഗണിച്ചത്. ആനന്ദ് ഏകർഷി ഒരുക്കിയ ‘ആട്ടം’ മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ് എന്നീ സുപ്രധാന പുരസ്കാരങ്ങൾ നേടി. വിഖ്യാത സംഗീതജ്ഞ ബോംബെ ജയശ്രീ സൗദിവെള്ളക്ക എന്ന ചിത്രത്തിലെ ഗാനത്തിലൂടെ മികച്ച ഗായികയായി. കഴിഞ്ഞതവണ തമിഴ് ചിത്രത്തിലെ പ്രകടനത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയപ്പോൾ ഇത്തവണ ‘തിരുചിത്രമ്പലം’ എന്ന തമിഴ്സിനിമയിലൂടെ നിത്യ മേനോൻ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ദേശീയ പുരസ്കാരപ്പട്ടികയിൽ പത്തിലേറെ മലയാളികൾ ഉൾപ്പെട്ടു. നവാഗത ചിത്രത്തിനുള്ള പുരസ്കാരത്തിന്റെ പേരിൽനിന്ന് ഇന്ദിര ഗാന്ധിയെയും ദേശീയോദ്‌ഗ്രഥനചിത്ര പുരസ്കാരത്തിൽ നർഗീസ് ദത്തിനെയും ഇത്തവണ ഒഴിവാക്കി കേന്ദ്ര സർക്കാർ രാഷ്ട്രീയപക്ഷപാതം കാണിക്കുന്നത് കാണാതിരിക്കാനാകില്ല. പുരസ്കാര പ്രഖ്യാപനം വിവാദങ്ങളുടെ കേളികൊട്ടുകൾക്കു മുകളിൽ മലയാളസിനിമയുടെ സർഗ വസന്തം നിറയ്ക്കുകയാണ്. നല്ല സിനിമകൾ പകരുന്ന ലാവണ്യബോധത്താൽ അനുവാചകർ ഐക്യപ്പെടുകതന്നെ ചെയ്യും. Read on deshabhimani.com