തോക്കുകൾ വാഴുന്ന അമേരിക്ക
അമേരിക്കയുടെ മുൻ പ്രസിഡന്റും വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് ശനിയാഴ്‌ച പ്രസംഗത്തിനിടെ വെടിയേറ്റത് ആ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയിലേക്ക് ജനശ്രദ്ധ ആകർഷിക്കുന്ന സംഭവമാണ്. അമേരിക്കയിൽ ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന തോക്ക് സംസ്‌കാരമാണ് ആ ഭീഷണി. തോക്ക് ഉപയോഗിക്കുന്നതിന് പൗരർക്കുള്ള അവകാശത്തെ ഏറ്റവും വീറോടെ ന്യായീകരിച്ചിട്ടുള്ള അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ (2020) തോറ്റപ്പോൾ അത് അംഗീകരിക്കാതെ യുഎസ് കോൺഗ്രസിന്റെ വേദിയായ കാപിറ്റോൾ മന്ദിരത്തിൽ കലാപത്തിന് അനുയായികളെ കുത്തിയിളക്കിവിട്ട ആളാണ് ട്രംപ്. അന്ന് അവിടെ വെടിവയ്‌പ് നടത്തി ചിലരുടെ മരണത്തിനിടയാക്കിയ അക്രമികൾ ദേശസ്‌നേഹികൾ ആണെന്ന് ട്രംപ് എന്നും ന്യായീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിനുനേരെ തന്നെ കാഞ്ചി വലിക്കപ്പെട്ടു എന്നത് ജനാധിപത്യത്തിൽ ഹിംസയെ പ്രോത്സാഹിപ്പിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതാണ്. ആധുനിക പരിഷ്‌കൃത ‘ജനാധിപത്യ’ രാജ്യങ്ങളിൽ തോക്ക് ഉപയോഗിച്ച് ഏറ്റവുമധികം കൊലപാതകങ്ങളും കൂട്ടക്കൊലകളും നടത്തപ്പെടുന്ന രാജ്യമാണ് അമേരിക്ക. ലോക ജനസംഖ്യയിൽ 4.23 ശതമാനംമാത്രമാണ് അമേരിക്കയിൽ ഉള്ളതെങ്കിലും ലോകത്താകെ സാധാരണ ജനങ്ങൾ കൈവശം വച്ചിരിക്കുന്ന തോക്കുകളിൽ 50 ശതമാനവും അവിടെയാണ്. അമേരിക്കയിൽ 100 പേർക്ക് 120 തോക്ക് എന്ന അനുപാതത്തിൽ വ്യക്തികളുടെ ഉടമസ്ഥതയിൽ തോക്കുകൾ സുലഭമാണ്. രണ്ടാം സ്ഥാനത്തുള്ള യമൻ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുള്ള രാജ്യമാണ്. അവിടെപ്പോലും നൂറിന് 52.8 എന്നതാണ് അനുപാതം. അതായത് പ്രതിശീർഷ തോക്ക് ലഭ്യത അമേരിക്കയിലുള്ളതിന്റെ പകുതി പോലുമില്ല. 39 കോടി തോക്ക് അമേരിക്കക്കാരുടെ കൈവശം ഉണ്ടെന്നായിരുന്നു 2018ലെ കണക്ക്. അന്നവിടെ ജനസംഖ്യ 32.68 കോടി. അമേരിക്കയിൽ തോക്ക് മൂലമുണ്ടായ മരണങ്ങളുടെ ഏറ്റവുമൊടുവിലെ അംഗീകൃത കണക്ക് 2021ലേതാണ്. 48,830 പേരാണ് ആ വർഷം തോക്കിന് ഇരയായത്. അതായത് ദിവസവും ശരാശരി 133 പേരിലധികം. ഇതിൽ 54 ശതമാനവും ആത്മഹത്യയാണ്. 43 ശതമാനം കൊലപാതകം. ഒരു തോക്കെങ്കിലും വെടിയുണ്ട നിറച്ചുവച്ചിട്ടുള്ള വീട്ടിലാണ് 60 ലക്ഷം അമേരിക്കൻ കുഞ്ഞുങ്ങൾ ജീവിക്കുന്നത്. രക്ഷിതാക്കൾ അലസമായി എവിടെയെങ്കിലും വച്ച തോക്കെടുത്ത് കുട്ടികൾ കളിച്ചുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും അമേരിക്കയിൽ അസാധാരണമല്ല. തോക്കുപയോഗംമൂലം പ്രതിവർഷം 28,000 കോടി ഡോളറിന്റെ (23,00,000 കോടി രൂപ) നാശനഷ്‌ടം പ്രതിവർഷം യുഎസ് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉണ്ടാകുന്നുണ്ടെന്നാണ് ഒരു കണക്ക്. എന്നിട്ടും അമേരിക്കയിൽ തോക്ക് നിയന്ത്രണം എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്നിടത്താണ് അവിടത്തെ നാഷണൽ റൈഫിൾ അസോസിയേഷന്റെ ശക്തി വ്യക്തമാകുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തോക്കനുകൂലിയായ പ്രസിഡന്റാണ് താൻ എന്നതിൽ അഭിമാനിക്കുന്നു എന്നാണ് കഴിഞ്ഞവർഷം അസോസിയേഷന്റെ വാർഷികയോഗത്തിൽ ട്രംപ് പ്രഖ്യാപിച്ചത്. മുഖ്യമായും റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും എന്ന് ചേരിതിരിഞ്ഞുള്ള അമേരിക്കൻ രാഷ്‌ട്രീയ മണ്ഡലത്തിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിക്കാരാണ് പരമ്പരാഗതമായി തോക്കവകാശത്തിനുവേണ്ടി വാദിക്കുന്നത്. റിപ്പബ്ലിക്കന്മാരിൽ 74 ശതമാനംപേർ തോക്കവകാശം വളരെ പ്രധാനമാണെന്നു കരുതുമ്പോൾ ഡെമോക്രാറ്റുകളിൽ 80 ശതമാനത്തിലധികം തോക്കവകാശം നിയന്ത്രിക്കണമെന്ന് വാദിക്കുന്നു. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചിതമായതിനെ തുടർന്നുള്ള സംഘർഷാവസ്ഥയിൽ 1791ലാണ് ഭരണഘടനയിലെ രണ്ടാം ഭേദഗതിയായി തോക്കവകാശം ഉൾപ്പെടുത്തിയത്. 233 വർഷം പിന്നിട്ടിട്ടും ഇത് മൗലികാവകാശമായി നിലനിർത്തുന്നത് അമേരിക്കൻ ജനത ഇപ്പോഴും എത്ര പ്രാകൃതാവസ്ഥയിലാണെന്നു കൂടിയാണ് കാണിക്കുന്നത്. ട്രംപിന് വെടിയേറ്റതോടെ ഈ വിഷയം വീണ്ടും സജീവ ചർച്ചാവിഷയമാകും. എന്നാൽ, എല്ലാവർക്കും തോക്കവകാശത്തിനു വാദിക്കുന്ന ട്രംപിന് വീരപരിവേഷം നൽകിയ സംഭവം അദ്ദേഹം വീണ്ടും യുഎസ് പ്രസിഡന്റാകാൻ ഇടയാക്കും എന്നതാണ് വിരോധാഭാസം. സ്ഥാനാർഥികളുടെ ഒന്നാം സംവാദത്തിൽ പരാജയപ്പെട്ട പ്രസിഡന്റ് ജോ ബൈഡനെ മാറ്റണമെന്ന ചർച്ചകൾ ഡെമോക്രാറ്റിക് പാർടിക്കുള്ളിൽ കൊഴുക്കുന്നതിനിടെയായിരുന്നു ട്രംപിനെതിരെ വെടിവയ്‌പുണ്ടായത്. ഇതോടെ ബൈഡനെ മാറ്റിയാലും ഡെമോക്രാറ്റുകൾക്ക് ജയിക്കാനാകുമോ എന്നത് സംശയത്തിലായിരിക്കുകയാണ്. അക്രമിയുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻപോലും ശ്രമിക്കാതെ അയാളെ സുരക്ഷാഭടന്മാർ കൊലപ്പെടുത്തിയത് സംശയങ്ങളുയർത്തുമ്പോൾ സാഹചര്യങ്ങൾ ട്രംപിന് അനുകൂലമാകുകയാണ്. Read on deshabhimani.com