എരിതീയിൽ എണ്ണയൊഴിച്ച് അമേരിക്കൻ യുദ്ധസന്നാഹം
യുദ്ധങ്ങൾ ജനങ്ങൾക്ക് നാശവും ദുരിതവും മാത്രമാണ് ഉണ്ടാക്കുന്നതെങ്കിലും ചില രാഷ്‌ട്രങ്ങളും ഭരണാധികാരികളും അതിൽനിന്ന് നേട്ടമുണ്ടാക്കാറുണ്ട്. രണ്ട് അമേരിക്കൻ ഭൂഖണ്ഡത്തിൽമാത്രം ഒതുങ്ങിനിന്ന അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങൾ രണ്ടാംലോകയുദ്ധാനന്തരം ലോകമെങ്ങും വ്യാപിച്ചത് ഈ ലാഭക്കണ്ണ് മൂലമാണ്. കഴിഞ്ഞ എട്ടുപതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് സാധാരണ അമേരിക്കൻ പൗരരാണ് ലോകത്തിന്റെ വിവിധ ഭാഗത്ത് തങ്ങളുടെ ഭരണാധികാരികളുടെ യുദ്ധഭ്രാന്ത് മൂലം മരിച്ചത്. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും മറ്റും അമേരിക്ക അടിച്ചേൽപ്പിച്ച ആ യുദ്ധങ്ങളിൽ അവിടങ്ങളിലെ ദശലക്ഷക്കണക്കിന് മനുഷ്യരും കൊല്ലപ്പെട്ടു. എന്നാൽ, അതിൽനിന്നെല്ലാം അമേരിക്കൻ സൈനിക വ്യവസായ സമുച്ചയം വൻലാഭമുണ്ടാക്കിയപ്പോൾ ആ രാഷ്‌ട്രം ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളർന്നു. ഇപ്പോൾ ലോകമെങ്ങും വിശേഷിച്ച് പശ്ചിമേഷ്യയിൽ സമാധാനത്തിന് ഭീഷണിയായ ഇസ്രയേലിന്റെ നികൃഷ്ട താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക അറബ് മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയക്കുന്നത് ലോകത്തെ വീണ്ടും ആശങ്കയിലാക്കുകയാണ്. പലസ്‌തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് തലവനുമായ ഇസ്‌മയിൽ ഹനിയയെ കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ ഇറാനിൽ ഇസ്രയേൽ വധിച്ചതിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയ്‌ക്കിടെയാണ് സ്ഥിതി വഷളാക്കാൻ അമേരിക്കൻ ഇടപെടൽ. അമേരിക്കയിൽ മൂന്നുമാസത്തിനകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടും ബൈഡൻ ഭരണനേതൃത്വത്തെ സ്വാധീനിക്കുന്നുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയ ഹനിയയെ അതുകഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ഇസ്രയേൽ മിസൈലാക്രമണത്തിൽ വധിച്ചത്. സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയിലുള്ള ഇറാന്റെ പരമാധികാരവും അന്തസ്സും തെല്ലും മാനിക്കാതെ അവരുടെ തലസ്ഥാന നഗരിയിൽ രാഷ്‌ട്ര അതിഥിയെ ഇസ്രയേൽ വകവരുത്തിയത് കൃത്യമായ കണക്കുകൂട്ടലോടെയാണ്. യുദ്ധം വ്യാപിപ്പിക്കുകയെന്നതാണ് അതിൽ പ്രധാന ലക്ഷ്യം. അഴിമതിക്കേസുകൾ നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ സ്വാർഥലക്ഷ്യമാണ് രണ്ടാമത്തേത്. നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ യുദ്ധം തുടരേണ്ടതുണ്ട്. അതിനൊപ്പം പലസ്തീൻകാരെ അവരുടെ പ്രദേശങ്ങളിൽ നിന്ന് പൂർണമായും ഒഴിപ്പിച്ച് കൂടുതൽ അറബ് പ്രദേശങ്ങൾ സ്വന്തമാക്കി വിശാല ഇസ്രയേൽ സ്ഥാപിക്കുന്നതിലേക്ക് പടിപടിയായി മുന്നേറുന്നതും സയണിസ്റ്റ് തീവ്രവാദികളുടെ ഗൂഢലക്ഷ്യമാണ്. ലോകത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത ഈ നിലപാടുമായി മുന്നോട്ടുപോകാൻ ഇസ്രയേലിന് പ്രോത്സാഹനമാകുന്നത് അമേരിക്കയുടെ പിന്തുണ മാത്രമാണ്. അമേരിക്കൻ സഹായത്തോടെ രഹസ്യമായി ആണവായുധങ്ങൾ സ്വന്തമാക്കിയ ഇസ്രയേൽ, മേഖലയിലെ ഏക ആണവായുധശക്തിയാണ് എന്നതും ലോകാഭിപ്രായം തെല്ലുംമാനിക്കാത്ത അവരുടെ ധിക്കാരത്തിന് കാരണമാണ്. ഈ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നത്. യൂറോപ്യൻ യൂണിയന്റെ വിദേശനയ തലവൻ ജോസിപ് ബോറെലിനെ വിളിച്ച ഇറാൻ ആക്ടിങ് വിദേശമന്ത്രി അലി ബഗേരി കാനി ഇസ്രയേൽ മേഖലയിലെ സ്ഥിരത മാത്രമല്ല, അന്താരാഷ്‌ട്ര സമാധാനവും അപകടത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി. ഹനിയയുടെ വധത്തെത്തുടർന്ന് ഇറാന്റെ ആവശ്യപ്രകാരം ബുധനാഴ്‌ച യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുചേർത്തപ്പോൾ വധത്തെ അപലപിക്കുന്നതിൽനിന്ന് രക്ഷാസമിതിയെ തടഞ്ഞ അമേരിക്കയ്‌ക്കൊപ്പം ചില യൂറോപ്യൻ രാജ്യങ്ങൾ നിന്നതിനെ കാനി അപലപിച്ചു. ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ഒഐസിയുടെ അടിയന്തരയോഗം വിളിക്കുന്നതിനും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള ജോർദാനടക്കം ഇതിനെ അനുകൂലിച്ചു. ഇതിനിടെ, ലെബനനും യുദ്ധത്തിലേക്കെന്ന സൂചനയുണ്ട്. ഇസ്രയേലിന്റെ അതിക്രമത്തിന് തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ലെബനൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. രാത്രി തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അവിടെനിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഞായറാഴ്‌ച അമ്പതിൽപ്പരം മിസൈൽ വർഷിക്കപ്പെട്ടു. അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമടക്കം വിവിധ പാശ്ചാത്യരാഷ്‌ട്രങ്ങൾ സ്വന്തം പൗരരോട് ഉടൻ ലെബനനിൽനിന്ന് മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ വ്യോമയാന കമ്പനികൾ ഇസ്രയേൽ, ലെബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു. പത്തുമാസമായി ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന വംശഹത്യക്കെതിരെയുള്ള സൈനിക പ്രതികരണങ്ങൾ മേഖലയിൽ പടരുകയാണ് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണമാണ് ‘യുദ്ധ’ ത്തിന് തുടക്കമെന്ന നുണ അവസാനിപ്പിച്ച് പ്രശ്‌നത്തെ ചരിത്രപശ്ചാത്തലത്തിൽ കാണാൻ പാശ്ചാത്യ രാഷ്‌ട്രങ്ങൾ തയ്യാറായാൽ മാത്രമേ അവയെ അടക്കം അനിശ്ചിതത്വങ്ങളിലേക്ക് തള്ളിവിടുന്ന ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. സമാധാനത്തിന് ആത്മാർഥ ശ്രമങ്ങൾ യുഎന്നിലടക്കം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുണ്ടായില്ലെങ്കിൽ ലോകം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്. Read on deshabhimani.com