മനുഷ്യത്വം അന്യമാകുന്ന 
മാധ്യമപ്രവർത്തനം



സമാനതകളില്ലാത്ത ദുരന്തത്തിന് ഇരകളായ വയനാട്ടിലെ ജനങ്ങൾക്ക് സാധ്യമായതെല്ലാം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ തന്ത്രത്തെ വിശേഷിപ്പിക്കാൻ ഹീനമെന്ന വാക്കുപോലും പോരാതെ വന്നിരിക്കുന്നു. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും സർവസ്വവും നഷ്ടമായവർക്ക് ജീവിതം തിരിച്ചുപിടിക്കാൻ അടിയന്തര കേന്ദ്ര സഹായം തേടി സമർപ്പിച്ച നിവേദനത്തിൽ ഉൾപ്പെടുത്തിയ പ്രതീക്ഷിത ചെലവുകൾ ദുരന്തമേഖലയിൽ ചെലവഴിച്ചതെന്ന പേരിൽ വാർത്ത നൽകിയത് സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് കേന്ദ്ര സഹായം മുടക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് വ്യക്തം. സത്യം എന്തെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും വ്യക്തമാക്കിയിട്ടും തെറ്റുതിരുത്താൻ തയ്യാറാകാത്തത് വാർത്ത സൃഷ്ടിച്ചത് വ്യക്തമായ അജൻഡയോടെയാണെന്ന് തെളിയിക്കുന്നു. വരേണ്യവർഗ പ്രത്യയശാസ്ത്രവും വലതുപക്ഷ അജൻഡകളും ചേർന്ന് രൂപപ്പെടുത്തിയ അധമമാധ്യമ സംസ്‌കാരത്തിൽനിന്ന് ഇടതുപക്ഷ രാഷ്ട്രീയമോ ജനപക്ഷ സർക്കാരോ പ്രശംസ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഇത് കടന്നകൈ ആയിപ്പോയി. അപ്രതീക്ഷിത പ്രകൃതി ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാത്ത, ഭാവി പേക്കിനാവായി മാറിയ ദുരന്തബാധിതരുടെ ജീവിതം വച്ചാണ് തങ്ങൾ കളിക്കുന്നതെന്ന് അറിയാത്തവരല്ല ഈ  മാധ്യമങ്ങൾ. മനുഷ്യത്വത്തിന്റെ കണികപോലും മാധ്യമരംഗത്ത് ബാക്കിയില്ലേ എന്ന് ദുരന്തബാധിതർക്കായി കൈമെയ് മറന്ന് രംഗത്തിറങ്ങിയ കേരളം ഖേദത്തോടെ ചോദിച്ചു പോകുന്നു. ദുരന്തമുണ്ടായി പതിനൊന്നാം ദിവസം വയനാട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, കേന്ദ്ര സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം, ദുരന്തത്തിൽ സംഭവിച്ച അതിഭീമമായ നഷ്‌ടവും ദേശീയ ദുരന്ത നിവാരണ നിധി (എൻഡിആർഎഫ്) യുടെ മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് പ്രതിപാദിക്കുന്ന വിശദമായ നിവേദനം പിന്നീട് തയ്യാറാക്കി നൽകി. ഇതിനെയാണ് ദുരന്തമേഖലയിൽ വൻതുക ചെലവഴിച്ചെന്ന് സർക്കാർ കള്ളക്കണക്കുണ്ടാക്കിയെന്ന വാർത്തയാക്കി വലിയ പ്രചാരണം നൽകിയത്. ആ ‘ബ്രേക്കിങ്‌ ന്യൂസി'ന് ആധാരമായതോ പത്തുദിവസം മുമ്പ്‌ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയും. വയനാടിന്റെ പുനർനിർമാണത്തിനായി പരമാവധി കേന്ദ്ര സഹായം ലഭ്യമാക്കുകയെന്ന സദുദ്ദേശ്യത്തോടെ തയ്യാറാക്കിയ പ്രതീക്ഷിത ചെലവ് കണക്കാണതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും പ്രചാരണം തുടർന്നു. അതേറ്റുപിടിച്ച യുഡിഎഫ്, ബിജെപി കക്ഷികൾക്കും രാഷ്ട്രീയ തിമിരത്താൽ സത്യം കാണാനാകാതെ പോയി. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം അനുസരിച്ച്, ഉണ്ടായ നഷ്ടത്തിന്റെ നാലിലൊന്നുപോലും സഹായമായി ലഭിക്കുകയില്ലെന്നതാണ് വസ്തുത. ഉദാഹരണത്തിന് പ്രകൃതിക്ഷോഭത്തിൽ പൂർണമായി തകർന്ന വീടിന് എസ്ഡിആർഎഫ് മാനദണ്ഡപ്രകാരം അനുവദിക്കുക 1.30 ലക്ഷം രൂപയാണ്. എന്നാൽ, വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയുടെ വീട് നിർമിച്ചുനൽകാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഈ യാഥാർഥ്യം പൂർണമായും തമസ്‌കരിച്ചാണ് കള്ളക്കണക്കെന്ന മട്ടിൽ വൈകാരിക വിക്ഷോഭം സൃഷ്ടിക്കുംവിധം വാർത്ത മെനഞ്ഞത്. സാമൂഹ്യ പ്രതിബദ്ധത എന്നതിനെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലുമുള്ളവർക്ക് ചിന്തിക്കാൻപ്പോലുമാകാത്ത വിധം തരംതാണതായി പോയി ഈ പ്രവൃത്തി. സ്‌തോഭജനകമായ വാർത്ത സൃഷ്‌ടിച്ച് ടിആർപി റേറ്റിങ്‌ കൂട്ടുകയെന്ന ചാനൽ തന്ത്രമല്ല, മറിച്ച് കേന്ദ്ര സഹായം മുടക്കുകയും സംസ്ഥാന സർക്കാരിനെതിരെ വലിയ തോതിൽ ജനവികാരമുയർത്തുകയും ചെയ്യുക എന്നതുതന്നെയായിരുന്നു വാർത്ത മെനഞ്ഞവരുടെ ലക്ഷ്യം. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമവാർത്തയിൽ വന്നതെന്നും പ്രതീക്ഷിത ചെലവാണതെന്നും യഥാർഥ കണക്ക് ഉടൻ പുറത്തുവിടുമെന്നും വാർത്ത വന്നയുടൻ റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കിയെങ്കിലും അത് ബോധപൂർവം അവഗണിച്ചു. പിന്നീട് വിശദമായ വാർത്താ കുറിപ്പ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, തെറ്റായ വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും വസ്‌തുതാപരമായ വാർത്തകൾ മാത്രമേ നൽകൂ എന്നവകാശപ്പെടുന്ന ചാനലുകളൊന്നും ഇതേവരെ അതിനു തയ്യാറായിട്ടില്ല. മനോരമാദി പത്രങ്ങളാകട്ടെ കേരളം സമർപ്പിച്ച രേഖകളെച്ചൊല്ലി വിവാദമെന്ന മട്ടിൽ സംശയത്തിന്റെ പുകമറ നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. 1957ലെ ഇ എം എസ് സർക്കാരിനെതിരെ മത ജാതി പിന്തിരിപ്പൻ കൂട്ടുകെട്ടിനെ ഇളക്കിവിട്ട മാധ്യമസംസ്‌കാരം കേരളത്തിൽ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നു എന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ പിണറായി സർക്കാരുകളുടെ കാലത്തുണ്ടായിട്ടുണ്ട്. അവയെയൊക്കെ കടത്തിവെട്ടുന്നതായി വയനാട് ദുരന്തത്തിനിരയായവരുടെ ജീവിതം വച്ചുള്ള കളി. മാധ്യമവാർത്തകളുടെ കതിരും പതിരും തിരിച്ചറിയാനുള്ള ശേഷി കേരളത്തിനുണ്ടെന്നതിന് തെളിവാണ് വിമോചന സമരം നടത്തി അട്ടിമറിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കുശേഷം വീണ്ടും അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ. ചരിത്രത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന മാധ്യമങ്ങൾ പിന്നീടും ധാരാളം കള്ളക്കഥകൾ മെനഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ വിവേകമുള്ള കേരള ജനത അതൊക്കെയും അവഗണിക്കുകയും ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റുകയും ചെയ്തു. ഒടുവിൽ മാധ്യമങ്ങൾ ഏതാണ്ട് ഒന്നാകെ എതിർപക്ഷത്തുനിന്നിട്ടും പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ചരിത്രം സൃഷ്‌ടിച്ച് തുടർഭരണം നേടി. ഉദ്ദേശ്യശുദ്ധിയുള്ള സർക്കാരിനെ തളർത്താൻ ഒന്നിനുമാകില്ല എന്നതിന് ഇതിൽപ്പരം തെളിവെന്തു വേണം. Read on deshabhimani.com

Related News