പ്രതീക്ഷിക്കുന്നത് അതിവേഗ സഹായം



കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലയാണ് വയനാട്. മലയും കുന്നും കാടും കാട്ടുചോലയുമെല്ലാം നിറഞ്ഞ മരതകഭൂമി. സഹ്യപർവതനിരകളോട് ചേർന്നുകിടക്കുന്ന നിമ്നോന്നതമായ മലമ്പ്രദേശം. ഈ മണ്ണ്‌ ഇപ്പോൾ കേരളത്തിന്റെ സങ്കടഭൂമിയാണ്. ഇവിടെ ജനിച്ചുവളർന്ന പലരും ഇന്നില്ല. എവിടെയും തേങ്ങലുകൾ, ഉറ്റവർ നഷ്ടപ്പെട്ടവരുടെ വിതുമ്പലുകൾ. മഴ സംഹാരതാണ്ഡവമാടിയ രാവിൽ, ഭ്രാന്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് അനേകം ജീവിതങ്ങൾ. ഒറ്റരാത്രികൊണ്ട് മുണ്ടക്കൈയും ചൂരൽമലയും അപ്രത്യക്ഷമായി. ഉറങ്ങിക്കിടന്ന നിരവധി മനുഷ്യർ പിന്നെ ഒരിക്കലും ഉണർന്നില്ല. കാണാതായവർക്കുവേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുന്നു. മണ്ണും വയലും പുഴയും വിതയും വിളയുമായി തലമുറകളിലൂടെ രൂപപ്പെട്ടുവന്ന ജീവിതമാണ് ഒറ്റരാത്രികൊണ്ട് പിഴുതെറിയപ്പെട്ടത്. ഇവിടെ ഇനി ജീവിതം കുളിർത്തും തളിർത്തും കായ്ച്ചും പഴയ മട്ടിലേക്ക് എത്താൻ അനേകം നാളുകൾ എടുത്തേക്കാം. എത്രയെത്ര പ്രിയപ്പെട്ടവരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എത്ര നഷ്ടപരിഹാരം നൽകിയാലും അത് വീണ്ടെടുക്കാനാകില്ലല്ലോ. ശേഷിക്കുന്നവരുടെ പുനരധിവാസം അതിവേഗം പൂർണമായി നടപ്പാക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. കേരള സർക്കാർ അടിയന്തരമായി ചെയ്യേണ്ട എല്ല കാര്യവും കുറ്റമറ്റരീതിയിൽ നടപ്പാക്കി കഴിഞ്ഞു. ടൗൺഷിപ്പടക്കം ഭാവി പുനരധിവാസപദ്ധതികളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സഹായങ്ങൾ പ്രവഹിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ശനിയാഴ്ച ദുരന്തഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യം ദുരന്തബാധിതർക്കൊപ്പമുണ്ടെന്നും സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുരന്തബാധിതരെ കണ്ടും കേട്ടും അറിഞ്ഞും കാര്യങ്ങൾ മനസ്സിലാക്കിയ പ്രധാനമന്ത്രി പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണെന്നും അതിന് പണം തടസ്സമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൽപ്പറ്റയിൽ അവലോകന യോഗത്തിൽ പങ്കെടുത്ത അദ്ദേഹം കേരളത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നിവേദനം നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ വ്യാപ്തി മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് ഉരുൾ പൊട്ടലിനെ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിയന്തര നിവേദനവും നൽകി. വിശദമായ നിവേദനം താമസിയാതെ നൽകും. എന്നാൽ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനംപാലിച്ചത് സംസ്ഥാനത്ത് നിരാശ പടർത്തി. എങ്കിലും ദുരന്തം നേരിടുന്നതിൽ കേരളം ഒറ്റയ്ക്കാകില്ലെന്നും ആവശ്യങ്ങൾ ഉദാരമനസ്സോടെ പരിഗണിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന് കരുതാം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനു പുറമെ, പുനരധിവാസ പദ്ധതികൾക്കുള്ള സഹായം, തനിച്ചായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ്, തൊഴിൽ നഷ്ടപ്പെട്ടവർക്ക് വരുമാനത്തിന് പദ്ധതി,  കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ -പരിസ്ഥിതി ഗവേഷണസ്ഥാപനങ്ങളുടെ സെന്ററുകൾ (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ സിസ്മോളജി സെന്റർ), ലാൻഡ് യൂസ് പ്ലാനിങ് മാപ്പ്, കോട്ടയത്ത് ആരംഭിച്ച കാലാവസ്ഥാ വ്യതിയാന ഗവേഷണകേന്ദ്രത്തിന് സാമ്പത്തിക സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി ഉന്നയിച്ചിട്ടുണ്ട്. പ്രാഥമിക വിലയിരുത്തലിൽ ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടമുണ്ടായതായും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ അറിയിച്ചു. ദുരന്തഭൂമിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യങ്ങൾ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സുനിശ്ചിതമായ ആ ലക്ഷ്യത്തിലേക്ക് എത്താൻ അർഹമായ എല്ലാ സഹായവും നൽകേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് അതിവേഗം നിർവഹിക്കുമെന്നാണ് സംസ്ഥാന സർക്കാരും കേരളമാകെയും പ്രതീക്ഷിക്കുന്നത്. Read on deshabhimani.com

Related News