മാധ്യമങ്ങൾ കണ്ണാടി നോക്കുമോ



വയനാട് മുണ്ടക്കെെയിൽ ഉരുൾപൊട്ടലുണ്ടായിട്ട്‌ 74 നാൾ പിന്നിടുകയാണ്‌. സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത ദാരുണമായ ദുരന്തത്തെ അതിജീവിക്കാൻ, പുതിയ വയനാടിന്റെ നിർമിതിക്കായി മനുഷ്യപ്പറ്റുള്ള എല്ലാവരും കൈകോർത്ത്‌ മുന്നേറുകയാണ്‌. എന്നാൽ, രണ്ടരമാസമടുക്കുമ്പോഴും വയനാടിനായി കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒരു സഹായവും നൽകിയിട്ടില്ല എന്നത്‌ വാർത്തകളിലോ ചർച്ചയിലോ നിറഞ്ഞിട്ടില്ല. ദുരന്തമുഖത്തും കേന്ദ്രം കാട്ടുന്ന ക്രൂരസമീപനത്തിലുള്ള മലയാളികളുടെയാകെ പ്രതിഷേധവികാരമാണ്‌ കഴിഞ്ഞദിവസം ഹൈക്കോടതി പ്രകടിപ്പിച്ചത്‌. മോദി സർക്കാരിന്റെ  കുറ്റകരമായ അനാസ്ഥ കടുത്ത വിവേചനമാണെന്ന നിലപാടാണ്‌ നീതിപീഠവും പങ്കുവച്ചിരിക്കുന്നത്‌. ജീവിതമാകെ ഉരുളെടുത്ത പാവം മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ കേന്ദ്രനിലപാട്‌ താളംതെറ്റിക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. വയനാടിന്റെ പുനഃസൃഷ്‌ടിക്കായുള്ള ശ്രമങ്ങളുമായി മുന്നേറുന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനങ്ങളെ മാനിച്ചാണ്‌ കോടതി നിലപാടെന്നതും ശ്രദ്ധേയം. കേന്ദ്രനയത്തെ വിമർശിച്ചതിനൊപ്പം ഇക്കാര്യത്തിൽ മാധ്യമങ്ങൾ കാട്ടുന്ന ദ്രോഹകരമായ ഇടപെടലിനെയും കോടതി തുറന്നെതിർത്തിട്ടുണ്ട്‌. പുനരധിവാസത്തിന്‌ ദോഷകരമാകാതെ വാർത്തകൾ നൽകണമെന്നും സ്വയംനിയന്ത്രണം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദുരന്തത്തിൽ അടിയന്തരസഹായം തേടി കേന്ദ്രത്തിന്‌ സമർപ്പിച്ച നിവേദനത്തിലെ പ്രതീക്ഷിത ചെലവ്‌, ചെലവഴിച്ച തുകയാക്കി വാർത്തയാക്കിയത്‌ പരാമർശിച്ചായിരുന്നു വിമർശം. അസംബന്ധങ്ങൾക്ക്‌ സർക്കാർ കാതോർക്കേണ്ടെന്നും  ലക്ഷ്യവുമായി മുന്നോട്ടുപോകാമെന്നും പറഞ്ഞത്‌ നുണവാർത്തകൾ പ്രചരിപ്പിച്ച അച്ചടി– -ദൃശ്യ മാധ്യമങ്ങൾക്ക്‌ കനത്ത പ്രഹരമാണ്‌. അടുത്തകാലത്തൊന്നും മാധ്യമങ്ങൾക്കാകെ ഹൈക്കോടതിയിൽനിന്ന്‌ ഇത്ര രൂക്ഷവിമർശം ഏൽക്കേണ്ടിവന്നിട്ടില്ല. വർത്തമാനകാലത്തെ മാധ്യമവാർത്തകൾ വിലയിരുത്തുന്ന ജനാധിപത്യവാദികളെല്ലാം കോടതി വിമർശം കൈയടിച്ച്‌ സ്വീകരിക്കും. കാരണം, കേരളീയ വലതുപക്ഷ മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ അത്രമാത്രം അപചയകരമാണ്‌. മാധ്യമപ്രവർത്തനമെന്ന പേരിൽ അന്ധവും അപക്വവുമായ ശൈലിയാണ്‌ ഇവ പിൻപറ്റുന്നത്‌. കോടതി ഉദാഹരിച്ച വയനാട്‌ ദുരന്തവുമായി ബന്ധപ്പെട്ട വ്യാജവാർത്ത അതിലൊന്നു മാത്രമാണ്‌. കുറച്ചുകാലമായി വരുന്ന വാർത്തകളും അവതരണവും പ്രകടിപ്പിക്കുന്ന സമീപനവുമെല്ലാം കാണുന്ന ആരും ഈ പോക്ക്‌ എങ്ങോട്ടെന്ന്‌ സംശയം ഉന്നയിക്കാറുണ്ട്‌. സമാന പ്രതികരണമാണ്‌ ഹൈക്കോടതിയും ഇപ്പോൾ ഉയർത്തിയിട്ടുള്ളത്‌. മാധ്യമങ്ങൾ സർക്കാർവിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത്‌ അവരുടെ സ്വാതന്ത്ര്യമാണ്‌. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും നിരന്തരം വിമർശിക്കുന്നതിലോ ശത്രുപക്ഷത്ത്‌ നിർത്തുന്നതിലോ ഞങ്ങൾക്ക്‌ തെല്ലും ബേജാറുമില്ല. എന്നാൽ, വിമർശം അധിക്ഷേപമായാലോ. വസ്‌തുതയുമായി ബന്ധമില്ലാതെ വാർത്ത എന്നപേരിൽ  തെറ്റും കളവും നൽകിയാലോ. എൽഡിഎഫിനോടുള്ള വിരോധം കേരളവിരുദ്ധതയായും അതുവഴി പ്രതികാരപരവുമായാലോ. കോടതി സൂചിപ്പിച്ച വയനാട്‌ ദുരന്തവാർത്തതന്നെ ഇതിന്‌  മികച്ച ഉദാഹരണമാണ്‌. എന്തൊരു അസംബന്ധമായിരുന്നു ആ വാർത്ത. കേരളം കേന്ദ്രത്തിന്‌ സമർപ്പിച്ച പ്രതീക്ഷിത ചെലവിനെ ചെലവഴിച്ച തുകയായി വാർത്ത നൽകിയതിൽ എന്ത്‌ ജനതാൽപ്പര്യമാണുള്ളത്‌. ദുരന്തനിവാരണ അതോറിറ്റിയിലോ മറ്റ്‌ അധികൃതരോടോ അന്വേഷിച്ചാൽ മനസ്സിലാകാവുന്ന യാഥാർഥ്യം, മനഃപൂർവം തെറ്റായി നൽകുക. തെറ്റ്‌ ബോധ്യമായിട്ടും ആവർത്തിക്കുക. ഇതിൽ എന്ത്‌ മാധ്യമനൈതികതയാണുള്ളത്‌. അതിവേഗത്തിൽ വാർത്ത നൽകുമ്പോൾ പിഴവ്‌ പറ്റാം. എന്നാൽ, അതുതിരുത്തി തെറ്റ്‌ വായനക്കാരോടും പൊതുസമൂഹത്തോടും സമ്മതിക്കാനുള്ള ജനാധിപത്യ ബോധമാണ്‌ ഏതൊരു മാധ്യമത്തെയും പ്രതിബദ്ധതയുള്ളതാക്കുന്നത്‌. എന്നാൽ, കേരളത്തിൽ അരങ്ങേറുന്നത്‌ അങ്ങേയറ്റം പ്രതിലോമകരമായ മാധ്യമപ്രവർത്തനമാണെന്ന്‌ പറയാൻ ഒട്ടും മടിവേണ്ട. സിപിഐ എമ്മിനോ ഇടതുപക്ഷത്തിനോ എതിരായുള്ള വാർത്താജീർണതകൾ പരിഗണിച്ചല്ല ഈ വിലയിരുത്തൽ. വലതുമാധ്യമങ്ങളുടെ ആനുകൂല്യങ്ങളോ പരിലാളനകളോ ആഗ്രഹിച്ചോ അനുഭവിച്ചോ അല്ല ഇടതുപക്ഷ പുരോഗമന രാഷ്‌ട്രീയപ്രവർത്തനം മുന്നോട്ടുപോയത്‌. അസത്യവും അർധസത്യവും ഇടകലർത്തി നുണയുടെയും  ഊഹാപോഹങ്ങളുടെയും മസാലപുരട്ടി വാർത്തകൾ ചുട്ടെടുക്കുകയാണ്‌ വലതുമാധ്യമങ്ങൾ. വയനാടിനെക്കുറിച്ച്‌ തെറ്റായ വാർത്ത നൽകിയ എത്ര പത്രങ്ങളും ചാനലുകളും കേന്ദ്രസർക്കാർ സഹായം നൽകാത്തത്‌ ഉന്നയിച്ചു. സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതിലെ വസ്‌തുതകൾ വാർത്തയാക്കാത്തത്‌ എന്തുതരം മാധ്യമപ്രവർത്തനമാണ്‌. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം രാജ്യാന്തരതലത്തിലും ദേശീയനിലവാരത്തിലും മികച്ച അംഗീകാരങ്ങൾ കേരളത്തിന്‌ തുടർച്ചയായി ലഭിച്ചു. അവ തമസ്‌കരിക്കുകയോ ചെറുതാക്കി കാട്ടുകയോ ആയിരുന്നു നമ്മുടെ മാധ്യമങ്ങളുടെ രീതി. മാധ്യമങ്ങൾ എന്നും പ്രതിപക്ഷത്താണെന്നാണ്‌ ഇതിന്‌ വിശാരദർ നൽകാറുള്ള പ്രതികരണം. പ്രതിപക്ഷമാകുന്നതിൽ  തെറ്റില്ല. എന്നാലത്‌ പ്രതിപക്ഷ രാഷ്‌ട്രീയ മുന്നണിയുടെയും സംഘപരിവാറിന്റെയും മുഖമായി അധഃപതിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കണം. മലയാളികളുടെ മാതൃഭൂമിയായ കേരളത്തിനെതിരായ നിലപാട്‌ സ്വീകരിക്കുന്നത്‌ എന്ത്‌ മാധ്യമതത്വത്തിന്റെ അടിത്തറയിലാണെന്ന ആത്മവിമർശത്തിനു സന്നദ്ധമാകണം. വിപണിയിൽ മുൻനിരയിലെത്താൻ വിവാദങ്ങൾ പടച്ചുവിടുമ്പോൾ ഒരുവേള വാണിഭരംഗത്ത്‌ നേട്ടമുണ്ടാകാം. എന്നാൽ, വിശ്വാസ്യത തകർന്നടിയുകയാണെന്നും വായനക്കാരും കാണികളും കൈവെടിയുന്നുണ്ടെന്നതും മറക്കരുത്‌. വിവാദങ്ങളുടെ ജീർണപാത വെടിഞ്ഞ്‌ സർഗാത്മകവും ആരോഗ്യകരവുമായ ശൈലിയിലുള്ള  മാധ്യമപ്രവർത്തനമാണ്‌ നാടിന്‌ ആവശ്യം. ഹൈക്കോടതി പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും സ്വന്തം മുഖംനോക്കാൻ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറാകുമോ എന്നതാണ്‌ ചോദ്യം. Read on deshabhimani.com

Related News