യുഡിഎഫിന്റെ ഇരട്ടമുഖം
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ഏതാനും നാളുകളായി യുഡിഎഫ് സമരത്തിലാണ്. സമരം യുഡിഎഫ് ലേബലില്‍ ആണെങ്കിലും കോണ്‍ഗ്രസിലെ ഒരുവിഭാഗം മാത്രമേ അതില്‍ സജീവമായി പങ്കെടുക്കുന്നുള്ളൂ. തികച്ചും രാഷ്ട്രീയലാക്കോടെ തുടങ്ങിയ ഈ സമരത്തിന് സംസ്ഥാനത്ത് ഒരു ചലനവും ഉണ്ടാക്കാനായില്ല. രണ്ട് ദിവസം പഠിപ്പുമുടക്കിന് ആഹ്വാനംചെയ്തെങ്കിലും വിദ്യാലയങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചു. സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തിനും ദയനീയ അന്ത്യമാണുണ്ടായത്. സമരത്തിന്റെ മറവിലെ ചുവന്ന മഷി പ്രയോഗവും സമരത്തില്‍ പങ്കെടുത്ത ക്രിമിനലുകളുടെ ചരിത്രവും പുറത്തുവന്നതോടെ സെക്രട്ടറിയറ്റ് പടിക്കല്‍നിന്ന് പിന്മാറി. തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിനും ദുര്‍ഗതിയായിരുന്നു. മുഖംരക്ഷിക്കാനാണ് നിയമസഭയില്‍ എംഎല്‍എമാരുടെ നിരാഹാരം തുടങ്ങിയത്. അതും ഒരുഘട്ടം പിന്നിട്ടു. അപ്പോഴും തുറന്നുകാട്ടപ്പെടുന്നത് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഇരട്ടമുഖമാണ്. വിദ്യാര്‍ഥികളുടെ ഫീസ് കുറയ്ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അവസാന ആയുധം. അതിനായി പ്രചാരണത്തിന് ഒരുവിഭാഗം മാധ്യമങ്ങളെയും പതിവുപോലെ ഉപയോഗിച്ചു. മാനേജ്മെന്റുകള്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമെല്ലാം ഇതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയെ ചെന്നുകണ്ട് പറഞ്ഞു. അതിനായി മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളെ കണ്ടു. അപ്പോള്‍ അവര്‍ പറയുന്നു ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞിട്ടേ ഇല്ലെന്ന്. പിന്നെന്തിന് ഈ നാടകം കളിച്ചു? എന്നിട്ടും അതിന്റെപേരില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി തടിയൂരാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരഭിമാനമാണെന്നുപോലും പ്രതിപക്ഷനേതാവ് പറഞ്ഞുവച്ചു. യഥാര്‍ഥത്തില്‍ നുണ പറഞ്ഞത് ആരാണ്, നാടകത്തിന്റെ സംവിധായകര്‍ ആര് എന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. യോഗത്തിനെത്തിയപ്പോള്‍ ഫീസ് കുറയ്ക്കാമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചാല്‍ മുഖ്യമന്തിക്ക് എന്തുചെയ്യാനാകും? സുപ്രീംകോടതി അംഗീകരിച്ച കരാറില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി മാറ്റംവരുത്തിയാല്‍ ഏതെങ്കിലും ഒരു മാനേജ്മെന്റ കോടതിയെ സമീപിച്ചാല്‍ മുഴുവന്‍ പ്രവേശനവും തകിടംമറിയും. ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. കുളം കലക്കാനാണ് യുഡിഎഫ് ശ്രമം. വാസ്തവത്തില്‍ സ്വാശ്രയ കോളേജ് എന്ന ദുര്‍ഭൂതത്തെ തുറന്നുവിട്ടത് യുഡിഎഫും കോണ്‍ഗ്രസുമാണ്. സ്വാശ്രയ കോളേജുകള്‍ യുഡിഎഫിന്റെ സൃഷ്ടിയാണ്. ഈ സൃഷ്ടികളാണ് ഓരോ വര്‍ഷവും പ്രശ്നമുണ്ടാക്കുന്നത്. ഈ അപകടം ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന്‍ നിയമനിര്‍മാണം കൊണ്ടുവന്നപ്പോള്‍ അത് സുപ്രീംകോടതിവരെ എത്തി. അപ്പോഴും പ്രതിപക്ഷത്തിന് മാനേജ്മെന്റുകളുടെ വക്കാലത്തായിരുന്നു. എന്നിട്ടും ആ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ മാനേജ്മെന്റുകളെ നിലയ്ക്ക് നിര്‍ത്തി. 2011ല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ ഉമ്മന്‍ചാണ്ടി പറഞ്ഞത് ഈ പ്രശ്നത്തിന് താന്‍ ശാശ്വതപരിഹാരം കാണുമെന്നാണ്. ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, മാനേജ്മെന്റുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചു. പല മാനേജ്മെന്റുകളും കരാറിന് നിന്നില്ല. കരാര്‍ ഒപ്പിട്ടവര്‍ പിന്മാറി. മറ്റുചിലര്‍ കരാര്‍ നഗ്നമായി ലംഘിച്ചു. മാനേജ്മെന്റുകളുടെ കൊള്ളയും തട്ടിപ്പും തടയാന്‍ ശ്രമിച്ച ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി. ഇങ്ങനെ യുഡിഎഫ് കലക്കിയ കുളത്തിലെ വെള്ളം ശുദ്ധമാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. സ്വാശ്രയ കരാറിലൂടെ കുറഞ്ഞ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. കൂടുതല്‍ കോളേജുകളെ കരാറില്‍ ഒപ്പിടുവിപ്പിച്ചു. 20 കോളേജുകളാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിടാത്ത മൂന്ന് കോളേജുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. രണ്ട് സ്വകാര്യ കോളേജുകളിലെ പ്രവേശനം റദ്ദാക്കി. തലവരിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചു. ക്രമക്കേടുകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. അത് പോരാ, ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടപ്പോള്‍ അതും പ്രഖ്യാപിച്ചു. ഇത്രയും ശക്തമായ നിലപാട് എടുത്തതുകൊണ്ടുതന്നെ സമരത്തില്‍ വിദ്യാര്‍ഥികളില്ല. വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ പൊതുസമൂഹത്തിനോ വേണ്ടാത്ത സമരമായി മാറി. ഒരു സംഘം ക്രിമിനലുകള്‍ സമരത്തിന്റെപേരില്‍ അഴിഞ്ഞാടുകയായിരുന്നു. സമരം തീര്‍ക്കാന്‍ പരിയാരത്തെ 30 പേരുടെ ഫീസെങ്കിലും കുറച്ചാല്‍മതിയെന്നാണ് പ്രതിപക്ഷം പറയുന്ന ഒരു നിര്‍ദേശം. ഈ 30 പേര്‍ക്ക് വേണ്ടിയാണോ ഹര്‍ത്താലും ബന്ദും അടിച്ചുപൊളിക്കലും നടത്തിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. ഇവര്‍ക്കുമാത്രം ഫീസ് കുറച്ചാല്‍ മറ്റ് കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ നിയമനടപടി സ്വീകരിച്ചാല്‍ എന്താണുത്തരം? ഇതെല്ലാം അറിഞ്ഞിട്ടും അപ്രായോഗികമായ നിലപാട് സ്വീകരിച്ച് പ്രതിപക്ഷം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. യാഥാര്‍ഥ്യബോധത്തോടെ പ്രശ്നത്തെ സമീപിച്ച് സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം. സ്വാശ്രയപ്രശ്നത്തിന് ശാശ്വതപരിഹാരമാണ് ആവശ്യം. സുപ്രീംകോടതി മാര്‍ഗനിര്‍ദേശമനുസരിച്ച് നിയമനിര്‍മാണം കൊണ്ടുവരണം. അതിനായി എല്ലാവരും യോജിച്ച് നില്‍ക്കുകയും അഭിപ്രായസമന്വയത്തില്‍ എത്തുകയുംവേണം. അതല്ലാതെ മാനേജ്മെന്റുകളെ സഹായിക്കാനും സ്വന്തം പാര്‍ടിയും മുന്നണിയും അകപ്പെട്ട ചുഴിക്കുത്തില്‍നിന്ന് കരകയറാനുമുള്ള ഇരട്ടമുഖം ഇനിയെങ്കിലും ഉപേക്ഷിക്കണം. ദുരഭിമാനം വെടിഞ്ഞ് സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. യുഡിഎഫ് ശിഥിലമായി ക്കിടക്കുന്നു. ഒരു ഘടക കക്ഷിയായ മാണി വിഭാഗം പ്രത്യേക ബ്ളോക്ക് ആയി നില്‍ക്കുന്നു. യുഡിഎഫ് മന്ത്രിമാര്‍ നടത്തിയ അഴിമതികളില്‍ ശക്തമായ അന്വേഷണം നടക്കുന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ സുശക്തമായ ഭരണം നടക്കുന്നു. ഇതൊന്നും സഭയില്‍ ചര്‍ച്ചയ്ക്ക് വരാതിരിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസിന്റേത് എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ ദയവായി കുറ്റം പറയരുത് Read on deshabhimani.com