തബലയുടെ ധ്വനിഗാംഭീര്യം
‘പ്രശസ്‌തി താൽക്കാലികമാണ്. ഞാൻ അപൂർണനുമാണ്. അതുകൊണ്ടുതന്നെ തെറ്റുപറ്റാവുന്ന വ്യക്തിയും.’ തബല എന്ന ഇന്ത്യൻ താളവാദ്യത്തെ ലോകസംഗീതാകാശത്തിന്റെ ഉയരങ്ങളിൽ പ്രതിഷ്‌ഠിച്ച സാക്കിർ ഹുസൈൻ പ്രശസ്‌തിയുടെ ഉത്തുംഗശൃംഗങ്ങളിൽ നിൽക്കവെ പറഞ്ഞതാണിത്. കലയുടെ ഓരോ സഞ്ചാരവും പൂർണതയിലേക്കുള്ള അന്വേഷണങ്ങളാണെന്ന സത്യം എളിമയും വിനയവും നിറഞ്ഞ ഈ വാചകങ്ങളിൽ വാചാലമാകുന്നുണ്ട്. തന്നെ ഉസ്‌താദ് എന്ന് വിളിക്കരുതെന്നും സാക്കിർ ഭായ് എന്നു വിളിച്ചാൽ മതിയെന്നുമുള്ള അപേക്ഷ കലയിലൂടെ കൈവരുന്ന സാർവലൗകിക സാഹോദര്യത്തിന്റെ നിദർശനമത്രേ. സംഗീതത്തിന്റെ സാർവദേശീയവൽക്കരണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് തബലയിൽ തന്റെ വേഗവിരലുകളെറിഞ്ഞ് ലോകത്തെ വിസ്‌മയിപ്പിച്ച ആ മഹാപ്രതിഭയുടെ വേർപാട് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നു. ഉസ്‌താദ് ഡോ. സാക്കിർ ഹുസൈൻ. പഞ്ചാബ് ഘരാനയിലൂടെ തബല വാദനത്തെ ജനകീയമാക്കിയ പ്രശസ്‌തനായ തബലവാദകൻ ഉസ്‌താദ് അല്ലാ രാഖാ ഖുറേഷിയുടെ അതിപ്രശസ്‌തനായ മകൻ. സാക്കിർ ഹുസൈന്റെ പുകഴ് തബലയുടെ ധ്വനിഗാംഭീര്യം ലോകത്തിന് പരിചയപ്പെടുത്തിയതിൽ മാത്രമൊതുങ്ങുന്നില്ല. ഒരു അകമ്പടി വാദ്യമെന്ന നിലയിൽനിന്ന് തബലയെ ലോകവേദിയിലേക്ക് ഉയർത്തുന്നതോടൊപ്പം ഇന്ത്യൻ സംഗീതത്തിന്റെ മഹിതമായ മതനിരപേക്ഷ പാരമ്പര്യവും ബഹുസ്വരതയെന്ന അതിന്റെ സവിശേഷ ഗുണവും ഉയർത്തിപ്പിടിക്കാൻ ജാഗ്രത കാണിച്ചു അദ്ദേഹം. 1989ൽ സഫ്‌ദർ ഹാഷ്‌മി എന്ന ജനകീയ നാടകപ്രവർത്തകനായ സിപിഐ എം നേതാവിനെ നാടകമവതരിപ്പിക്കുമ്പോൾ തെരുവിലിട്ട് കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയപ്പോൾ അതിനെതിരെ സർഗാത്മക പ്രതിഷേധം സംഘടിപ്പിക്കാൻ ജനനാട്യമഞ്ചിന്റെ വേദിയിലെത്തിയിരുന്നു സാക്കിർ ഹുസൈൻ. ചെറുപ്പംമുതൽ പഖാവജ് എന്ന താളവാദ്യത്തിൽ അഭ്യസനം തുടങ്ങിയ സാക്കിർ ഹുസൈൻ ഏഴാംവയസ്സിലാണ് തബലയിൽ അനുഗാമിയായി വേദിയിലെത്തുന്നത്. വിഖ്യാത സരോദ് വാദകൻ അലി അക്‌ബർ ഖാന് അനുഗാമിയായി തുടങ്ങിയതാണ്. പിതാവിന് പകരക്കരനായി വന്ന ആ ബാലന്റെ പ്രതിഭ ലോകം തിരിച്ചറിഞ്ഞു. ഉസ്‌താദ് ബിസ്‌മില്ല ഖാൻ, പണ്ഡിറ്റ് രവിശങ്കർ, ഉസ്‌താദ് വിലായത്ത് ഖാൻ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവകുമാർ ശർമ തുടങ്ങിയ ഉപകരണസംഗീത വിദഗ്‌ധരെയും പണ്ഡിറ്റ് ഭീംസെൻ ജോഷി, പണ്ഡിറ്റ് ജസ്‌രാജ്, എം ബാലമുരളികൃഷ്‌ണ തുടങ്ങിയ ഗായകരെയും പലവേദികളിൽ തബലയിൽ പിന്തുടർന്നു. താളവിദ്വാൻ മിക്കി ഹാർട്ടുമായി ചേർന്ന് ലോകപ്രസിദ്ധരായ പെർകഷൻ ആർട്ടിസ്‌റ്റുകളെ അംഗമാക്കി തയ്യാറാക്കിയ പ്ലാനറ്റ് ഡ്രം ആൽബത്തിലൂടെ ഈ സംഗീതജ്ഞന്റെ മികവ് ലോകമ റിഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഗസൽ’ എന്ന കവിതയിലെ ‘തബലയിൽ ആയിരം ദേശാടകപ്പക്ഷികളുടെ ദൂരദൂരമാം ചിറകടി പെരുകി’യെന്ന വരികൾ സാക്കിർ ഹുസൈന്റെ തബലവാദനത്തെ വിശേഷിപ്പിക്കാൻ വേണ്ടി മാത്രം എഴുതിയതാണെന്ന് തോന്നിപ്പോകുന്ന പ്രകടനമാണ് ലോകം കണ്ടത്. ഹിന്ദുസ്ഥാനിയെന്നപോലെ പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തെയും ഏഷ്യൻ സംഗീതത്തെയും ദക്ഷിണേന്ത്യൻ സംഗീതത്തെയും വിവിധ വൻകരകളിലെ നാടോടിസംഗീതത്തെയും അതിന്റെ താളവൈവിധ്യങ്ങളെയും ഒരുപോലെ ആശ്ലേഷിക്കാനുള്ള മനസ്സിന്റെ സർഗവിശാലതയാണ് സാക്കിർ ഹുസൈനെ വേറിട്ടു നിർത്തുന്നത്. ദക്ഷിണേന്ത്യൻ താളവാദ്യത്തിൽ തനിക്ക് അറിവു പകർന്നവരെക്കുറിച്ച് പറയുമ്പോൾ പാലക്കാട് മണി അയ്യരെയും പാലക്കാട് രഘുവിനെയും അനുസ്‌മരിക്കുന്നുണ്ട് എ ലൈഫ് ഇൻ മ്യൂസിക് എന്ന പുസ്‌തകത്തിൽ സാക്കിർ ഹുസൈൻ.ഇസ്‌ലാം വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിച്ചു. കുടുംബപ്പേരായ ഖുറേഷിക്ക് പകരം ഹുസൈൻ എന്ന് പേരിടാനുള്ള കാരണം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അമ്മ ഗർഭിണിയായിരിക്കെ ഭിക്ഷയാചിച്ചുവന്ന ഒരു ഹിന്ദു സന്യാസിയാണത്രേ പേരുമാറ്റം നിർദേശിച്ചത്. ഭാര്യയും കഥക് നർത്തകിയുമായ അന്റോണിയോ മിനെകോളെ ക്രിസ്‌തുമത വിശ്വാസിയാണ്.സാക്കിർ ഹുസൈനുമായി അടുത്ത ബന്ധം പുലർത്തിയ, മലയാളികളുടെ അഭിമാനമായ പെരുവനം കുട്ടൻമാരാരുടെ വാക്കുകൾ ഇങ്ങനെയാണ്: ‘തബലയും സാക്കിർ ഹുസൈനും പരസ്‌പര പൂരകങ്ങളാണ്. അതായത്, തബല എന്നാൽ സാക്കിർ എന്നും സാക്കിർ എന്നാൽ തബലയെന്നും പറയാം. അദ്ദേഹത്തിന് തബലയെന്നു മാത്രമല്ല മനുഷ്യനെന്നുകൂടി അർഥമുണ്ട്. ഏറ്റവും വിനയാന്വിതനായ മനുഷ്യൻ. മറ്റുള്ളവരെയും മറ്റു കലകളെയും ബഹുമാനിക്കുന്ന കലയിലെ ചക്രവർത്തി. ആ നിലയ്ക്കുകൂടി സാക്കിർ ഹുസൈൻ എന്നെന്നും നമ്മുടെ ഓർമകളിലുണ്ടാകും.’ സംഗീതത്തിന്റെ ഭാഷ സ്‌നേഹവും ഒരുമയുമാണെന്ന് ജീവിതംകൊണ്ടു കാട്ടിത്തന്ന സാക്കിർ ഭായിക്ക് ദേശാഭിമാനിയുടെ അന്ത്യാഞ്‌ജലികൾ. Read on deshabhimani.com