കോവിഡ്‌ കാലത്തും കേരളം വിദ്യാഭ്യാസ കുതിപ്പിൽ; മികവിന്റെ കണക്കുമായി ദേശീയ സർവ്വേ



കൊച്ചി > കോവിഡ്  പ്രതിസന്ധിയ്ക്കിടയിലും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുമ്പിലെന്നു സർവ്വേ. എല്ലാ വർഷവും പ്രസിദ്ധീകരിയ്ക്കുന്ന ആനുവൽ സ്റ്റാറ്റസ് ഓഫ്  എഡ്യൂക്കേഷൻ റിപ്പോർട്ടി (ASER) ലാണ്  സർവ്വേ വിവരങ്ങൾ. രാജ്യത്താകെ 24.2  ശതമാനം കുട്ടികൾക്ക് മാത്രം ഓൺലൈൻ മാർഗങ്ങളിലൂടെ പഠനം സാധ്യമായപ്പോൾ കേരളത്തിൽ 91 ശതമാനം കുട്ടികൾക്കും ഓൺലൈനിൽ പഠിയ്ക്കാനായി. രണ്ടാം സ്ഥാനത്തുള്ള ഹിമാചൽ പ്രദേശിൽ പോലും 79.6 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ പഠനം  ലഭ്യമായതെന്നു സർവ്വേ കണ്ടെത്തുന്നു. ഉത്തർ പ്രദേശ് പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ. യുപിയിൽ 13.9 ഉം ബംഗാളിൽ 13.3 ഉം ശതമാനം പേർക്കാണ്  ഓൺ ലൈനിൽ പഠിയ്ക്കാനായത്.   കുട്ടികൾക്ക് സ്മാർട്ട് ഫോൺ ലഭ്യതയിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്ത്  97.5% കുട്ടികൾക്ക് വീട്ടിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്. ഹിമാചൽ പ്രദേശിൽ 95.6 % കുട്ടികൾക്ക് ഈ സൗകര്യം ഉള്ളപ്പോൾ ഏറ്റവും പിന്നിൽ ബിഹാർ (54.4%), പശ്ചിമ ബംഗാൾ (58.4%), ഉത്തർപ്രദേശ് (58.9%) സംസ്ഥാനങ്ങളാണ്. സ്വകാര്യ ട്യൂഷൻ തേടുന്ന വിദ്യാർത്ഥികളുടെ എണ്ണവും ഏറ്റവും കുറവ് കേരളത്തിലാണെന്നു പഠനം കണ്ടെത്തുന്നു. രാജ്യത്താകെ 39.2 ശതമാനം കുട്ടികൾ സ്വകാര്യ ട്യൂഷന്  പോകുമ്പോൾ കേരളത്തിൽ അതിന്റെ പകുതി കുട്ടികൾക്ക് പോലും (18.8%) ട്യൂഷൻ വേണ്ടിവരുന്നില്ല. കോവിഡ് കാലത്ത് ഗ്രാമീണ മേഖലയിൽ  സ്വകാര്യ സ്‌കൂളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ മാറ്റവും വർധിച്ചതായി സർവ്വേ പറയുന്നു. രാജ്യത്താകെ 2018 നെ അപേക്ഷിച്ച് 6.1% കുട്ടികൾ കൂടുതലായി സർക്കാർ സ്‌കൂളുകളിലേക്ക് എത്തി. കേരളത്തിലും 11.9 ശതമാനത്തിന്റെ വർധനവുണ്ട് ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളുള്ള 76000 വീടുകളിൽ ഫോൺ വഴിയാണ് ഇക്കുറി സർവ്വേ നടത്തിയത്. രാജ്യത്തെ 25 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശത്തെയും 581 ജില്ലകളിലെ 17184 ഗ്രാമങ്ങളിലായിരുന്നു  സർവ്വേ. ASER ന്റെ പതിനാറാമത്തെ റിപ്പോർട്ടാണിത്‌. Read on deshabhimani.com

Related News