ബയോ എത്തിക്‌സ് പിജി: സാധ്യതകൾ ഏറെ



ബയോടെക്നോളജി, മെഡിസിൻ, നിയമം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ധാർമിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭ്യമാക്കുന്ന പിജി കോഴ്സാണ് ബയോഎത്തിക്സിലെ മാസ്റ്റർ ബിരുദം. വിദേശ രാജ്യങ്ങളിലടക്കം ഒരു ദശാബ്ദത്തിലേറെയായി ഉന്നത വിദ്യാഭ്യാസത്തിന്റെ  മുൻനിരയിലാണ് ബയോ എത്തിക്‌സ് പഠനശാഖ.   ജീവശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ കണ്ടുപിടുത്തങ്ങളിലെ കുതിച്ചുചാട്ടത്തോടൊപ്പം നിരവധി ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. മരിച്ചവരിൽനിന്നോ ഭ്രൂണങ്ങളിൽനിന്നോ കോശങ്ങൾ ശേഖരിക്കുന്നത് ധാർമികമാണോ? നിർമിത ബുദ്ധി (എഐ) അല്ലെങ്കിൽ റോബോട്ടിക്‌സിന്റെ  ഉപയോഗം ഒരു വ്യക്തിയുടെ സ്വകാര്യതയിലും മറ്റും കടന്നുകയറുമോ? ബയോ ബാങ്കുകളിലോ ജീൻ ബാങ്കുകളിലോ സംഭരിച്ചിരിക്കുന്ന ജൈവ വസ്തുക്കളിലേക്ക് ഗവേഷകർക്ക് അനിയന്ത്രിതമായ പ്രവേശനം നൽകേണ്ടതുണ്ടോ? തുടങ്ങിയവയെല്ലാം ബയോനൈതിക പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ചില മേഖലകളാണ്.   മനുഷ്യ ക്ലോണിംഗ്, ജനിതക മാപ്പിംഗ്, ദയാവധം തുടങ്ങി ബയോ എത്തിക്‌സിന്റെ  ചോദ്യങ്ങൾ ഉയരുന്ന നിരവധി അവസരങ്ങളുണ്ട്‌. ബയോളജിക്കൽ, മെഡിക്കൽ സയൻസസുകളിലെ വികസനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ബയോഎത്തിക്സ്. ശാസ്ത്രം, നിയമം, വൈദ്യം, തത്വചിന്ത, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെ പഠനശാഖ ഉൾക്കൊള്ളുന്നു. സാധ്യതകൾ ആഗോളതലത്തിൽ ഏറെ സാധ്യതകളാണ്‌ ബയോ എത്തിക്‌സിലെ മാസ്റ്റേഴ്സ് പ്രോഗ്രാം തുറക്കുന്നത്‌. ഹാർവാർഡ്, സ്റ്റാൻഫോർഡ്, ഓക്‌സ്‌ഫോർഡ്, കൊളംബിയ യൂണിവേഴ്‌സിറ്റി, ടൊറന്റോ, മോണാഷ് തുടങ്ങിയ മുൻനിര സർവകലാശാലകൾ ബയോ എത്തിക്‌സിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ എയിംസ്‌, നിംഹാൻസ്, ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള ഏതാനും സ്ഥാപനങ്ങളും. ബയോടെക്നോളജി, മെഡിസിൻ, സുവോളജി, ബോട്ടണി തുടങ്ങിയ ജീവശാസ്ത്ര ഗവേഷണ മേഖലകളിൽ മാത്രമല്ല, സാങ്കേതികവിദ്യ, എൻജിനിയറിംഗ്, നിയമം തുടങ്ങി വിവിധ മേഖലകളിലെ ഗവേഷകർക്കും ആവശ്യമായ ഇന്റർ ഡിസിപ്ലിനറി മേഖലയാണ് ബയോഎത്തിക്സ്. അടുത്തിടെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള ബിരുദ എൽഎൽബി പ്രോഗ്രാമുകളിൽ നിർബന്ധിത കോഴ്സായി ബയോഎത്തിക്സ്  ഉൾപ്പെടുത്തിയിട്ടുണ്ട്. റിസർച്ച് അസോസിയറ്റുകൾ, അസിസ്റ്റന്റുമാർ, റിസർച്ച് അനലിസ്റ്റ്, ക്ലിനിക്കൽ റിസർച്ച് കോർഡിനേറ്റർ, ബയോമെഡിക്കൽ എത്തിക്സ് കോർഡിനേറ്റർ, സേഫ്റ്റി ഓഫീസർമാർ, ഫാക്കൽറ്റി തുടങ്ങിയവയും മികച്ച വിദേശ തൊഴിൽ അവസരങ്ങളുമുണ്ട്‌. ഇന്ത്യയിലാദ്യം ബയോഎത്തിക്സിൽ പിജി ബിരുദം ആരംഭിച്ചത് കുസാറ്റിലെ എൻ ആർ മാധവ മേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോളാണ്‌ (ICREP). ഈ വർഷത്തെ പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. യോഗ്യത ബിഎസ്‌സി സുവോളജി, ബോട്ടണി, ബയോടെക്നോളജി, മൈക്രോബയോളജി, മറൈൻ ബയോളജി, ഫിഷറീസ്, അക്വ സയൻസ്, സൈക്കോളജി മറ്റ് ലൈഫ് സയൻസ് വിഭാഗം അല്ലെങ്കിൽ ഡെയറി ടെക്നോളജി, ബയോ മെഡിക്കൽ എൻജിനിയറിങ് അല്ലെങ്കിൽ എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്‌സി, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ഫോറൻസിക് സയൻസ് ബിരുദം. അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്, ബിപിടി, ബിഒടി, ഫാർമസി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത് മാനേജ്മെന്റ്‌, മറ്റ് പാരാമെഡിക്കൽ ബിരുദം. അല്ലെങ്കിൽ പ്ലസ്ടുവിന് ബയോളജിയോടെയുള്ള നിയമബിരുദം, ബിവോക് എന്നിവയിലേതെങ്കിലും. വിവരങ്ങൾക്ക്‌: https://admissions.cusat.ac.in, https://icrep.cusat.ac.in, ഫോൺ: 80780 19688, ഇ–-മെയിൽ: icrep@cusat.ac.in (ഐസിആർപി കുസാറ്റ് ഡയറക്ടറാണ് ലേഖിക) Read on deshabhimani.com

Related News