മാറുന്ന തൊഴിൽമേഖല: പഠനമേഖലയിലെ പുതിയ പ്രവണതകൾ
സാങ്കേതികവിദ്യയിൽ ഉണ്ടാകുന്ന കുതിപ്പ് തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ പഠന ഗവേഷണ മേഖലകൾക്ക് പ്രാധാന്യം ഏറെയാണ്. അവയെപ്പറ്റി... ഡാറ്റാ സയൻസ് വൈവിധ്യമാർന്ന ഡാറ്റകൾ സൂഷ്മ വിശകലനം നടത്തി അർഥവത്തായ ഉൾക്കാഴ്ചകൾ നേടിയെടുത്ത് പ്രവർത്തനങ്ങളെ കൂടുതൽ കൃത്യതയുള്ളതും ഫലപ്രാപ്തിയുള്ളതുമാക്കി മാറ്റുന്ന ശാസ്ത്രമാണ് ഡാറ്റാ സയൻസ്. വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനായി ഗണിത ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ എൻജിനിയറിങ് എന്നീ മേഖലകളിൽനിന്നുള്ള തത്വങ്ങളും പ്രയോഗങ്ങളും സംയോജിപ്പിക്കുന്ന ഒരു മൾട്ടിഡിസിപ്ലിനറി ശാഖയാണിത്. വലിയ തോതിൽ വരുംകാലങ്ങളിൽ തൊഴിലവസരങ്ങൾ ഉണ്ടാകാൻ പോകുന്ന മേഖലകൂടിയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുക്തിയിലധിഷ്ഠിതമായി പ്രവർത്തിക്കുക, അർഥം കണ്ടുപിടിക്കുക, മുൻകാല അനുഭവങ്ങളിൽ പഠിക്കുക, തെറ്റുകൾ തിരുത്തുക, താരതമ്യം ചെയ്യുക മുതലായ നിരവധിയായ ഗുണവിശേഷങ്ങൾ മനുഷ്യരുടെ പ്രത്യേകതയാണ്. ഈ സ്വഭാവസവിശേഷതകളെല്ലാമുള്ള ഡിജിറ്റൽ സിസ്റ്റം വികസിപ്പിച്ചെടുക്കുന്ന പദ്ധതിയാണ് ചുരുക്കത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നതുകൊണ്ട് അർഥമാക്കുന്നത്. നിത്യജീവിതത്തിൽ നേരിട്ടിടപെടുന്ന രീതിയിലക്ക് ഈ സാങ്കേതികവിദ്യ വികസിച്ചു കഴിഞ്ഞു. റോബോട്ടിക്സ് & ഓട്ടോമേഷൻ യാന്ത്രികമായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത റോബോട്ടുകളും മെഷിനറികളും നിർമിക്കുന്ന പ്രക്രിയയാണ് ഈ എൻജിനിയറിങ് ശാഖയിൽ പഠിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തത്വത്തെ പ്രയോജനപ്പെടുത്തിയാണിത്. ബൃഹത്തായ തൊഴിൽ സാധ്യതയാണ് ഈ മേഖലയിലും പ്രതീക്ഷിക്കുന്നത്. സൈബർ സെക്യൂരിറ്റി സിസ്റ്റംസ് വിനിമയങ്ങളത്രയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ സൈബർ ആക്രമണവും വർധിച്ചുവരുന്നു. ഡിജിറ്റൽ അക്രമണങ്ങളിൽനിന്ന് സിസ്റ്റങ്ങൾ, നെറ്റ് വർക്കുകൾ, പ്രോഗ്രാമുകൾ മുതലായവ സംരക്ഷിക്കുന്നതിനുള്ള മേഖലയാണ് സൈബർ സെക്യൂരിറ്റി അഥവാ സൈബർ സുരക്ഷ. തന്ത്രപ്രധാനമായ വിവരങ്ങൾ അക്സസ് ചെയ്യുന്നതിനോ മാറ്റുന്നതിനോ നശിപ്പിക്കുന്നതിനോ ലക്ഷ്യമിടുന്നവയാണ് സൈബർ ആക്രമണങ്ങൾ. മനുഷ്യരേക്കാൾ കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങളും ആക്രമണകാരികൾ കൂടുതൽ കരുത്തരുമായി മാറുന്ന കാലത്ത് സൈബർ സുരക്ഷ സങ്കീർണമായ പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയും മികച്ച തൊഴിലവസരങ്ങൾ സാധ്യമാക്കും. മെഷീൻ ലേണിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കംപ്യൂട്ടർ സയൻസിന്റെയും ഒരു ശാഖയാണിത്. ഡാറ്റയും അൽഗരിതവും ഉപയോഗിച്ചുകൊണ്ട് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്ന രീതി അനുകരിക്കുകയും ക്രമേണ അതിൽ കൂടുതൽ കൃത്യത വരുത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് മെഷീൻ ലേണിങ്. എഐ ഡാറ്റാ സയൻസ് റോബോട്ടിക്സ് തുടങ്ങിയ പല മേഖലകളിലും മെഷീൻ ലേർണിങ് അനിവാര്യ ഘടകമാണ്. വലിയ സാധ്യതയുള്ള മേഖലയാണിതെന്ന് പറയാം. മെക്കാട്രോണിക്സ് മെക്കാനിക്കൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് സോഫ്റ്റ്‌വെയർ എൻജിനിയറിങ് എന്നിവയുടെ സംയോജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എൻജിനിയറിങ്ങിന്റെ ഒരു ഇന്റർ ഡിസിപ്ലിനറി ശാഖയാണ് മെക്കാട്രോണിക്സ് എൻജിനിയറിങ്. മാത്രമല്ല റോബോട്ടിക്സ് കംപ്യൂട്ടർ സയൻസ് ടെലികമ്യൂണിക്കേഷൻസ് സിസ്റ്റം കൺട്രോൾ എന്നിവയുടെ സംയോജനവും ഇതിൽ ഉൾപ്പെടുന്നു. പ്രോഡക്ട് എൻജിനിയറിങ്ങും ഇതിന്റെ ഭാഗമായി വരും. ഇന്റർനെറ്റ് ഓഫ് തിങ്‌സ് പരസ്പരബന്ധിതമായ നിരവധി ഉപകരണങ്ങളുടെ കൂട്ടായ ശൃംഖലയും ഇവ പരസ്പരവും ഇവയും ക്ലൗഡുകളും തമ്മിലും പരസ്പരം ആശയവിനിമയം സാധ്യമാകുന്ന സംവിധാനമാണ് ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT). ഇപ്പോൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഉപകരണങ്ങൾ ഉണ്ട്. ഡാറ്റ ശേഖരിക്കാനും ഉപയോക്താക്കളോട് ബുദ്ധിപരമായി പ്രതികരിക്കാനും കഴിയുന്ന നിലയിലേക്ക് ഉപകരണങ്ങളുടെ സാധ്യത വർധിപ്പിക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ് പാരിസ്ഥിതിക പ്രക്രിയകളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനായി പരിസ്ഥിതി ശാസ്ത്രം കംപ്യൂട്ടേഷണൽ സയൻസ്, ഇൻഫർമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നിവയെ പരസ്പരം സമന്വയിപ്പിക്കുന്ന പുതിയ പഠനമേഖലയാണ് ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്. പരിസ്ഥിതി ശാസ്ത്ര പഠനത്തോടപ്പം കംപ്യൂട്ടേഷണൽ കഴിവുകളും ഇൻഫോർമാറ്റിക്‌സ് കഴിവുകളും പഠിതാക്കൾക്ക് ലഭിക്കുന്നു എന്നത് പ്രത്യേകതയാണ്. (സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസറാണ് ലേഖകൻ) Read on deshabhimani.com