മെഡിക്കൽ പി ജി സീറ്റുകൾ വർധിക്കും; അധ്യാപക വിദ്യാർഥി അനുപാതം പുതുക്കി
ന്യൂഡൽഹി> മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അനുപാതം ഒരാൾക്ക് മൂന്നു വിദ്യാർത്ഥികൾ എന്ന നിലയിൽ വർധിപ്പിച്ചു. കൂടുതൽ സീറ്റുകൾ ഇതുവഴി പി ജി പഠനത്തിന് ലഭ്യമാവും. പി.ജി. കോഴ്സുകളുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർക്ക് മൂന്ന് വിദ്യാർഥികൾ എന്ന നിലയ്ക്കാണ് പുതിയ അനുപാതം. ഇതുവരെ ഒരാൾക്കായിരുന്നു അവസരം. ഇടയ്ക്ക് രണ്ടാക്കി ഉയർത്തിയിരുന്നു. ഇനി മുതൽ മൂന്നുപേരുടെ ഗൈഡാകാൻ ഒരാൾക്ക് അനുമതി ലഭിക്കും. 15 വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും ഈ അനുപാതം ലഭിക്കും. ഇത്തരം സ്ഥാപനങ്ങളിൽ പി.ജി. തുടങ്ങിയിട്ട് 10 വർഷം പൂർത്തിയാക്കിയിരിക്കണം. അസോസിയേറ്റ് പ്രൊഫസർമാർക്കും ഇതേ അനുപാതം മറ്റ് സ്വകാര്യ കോളേജുകളിൽ രണ്ടുപേർക്കാണ് അനുമതി. പ്രൊഫസറാകാനുള്ള യോഗ്യതയുണ്ടായിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സ്ഥാനക്കയറ്റം കിട്ടാത്ത അസോസിയേറ്റ് പ്രൊഫസർമാർക്കും മൂന്നുപേരുടെ മേൽനോട്ടം വഹിക്കാനാകും. അസോസിയേറ്റ് പ്രൊഫസർമാർക്ക് രണ്ടുപേരുടെ ചുമതലയാണ് സർക്കാർ കോളേജുകളിലും യോഗ്യതയുള്ള സ്വകാര്യ കോളേജിലും കിട്ടുക. ഈ യോഗ്യതയില്ലാത്ത സ്വകാര്യ കോളേജിന് ഒരാളെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള വിദ്യാർഥികളുടെ അനുപാതത്തിലും വർധന വരുത്തിയിട്ടുണ്ട്. സീറ്റ് വർധനയ്ക്കുള്ള സാധ്യത കേരളത്തിനും ഗുണകരമാകും. പുതിയ മാനദണ്ഡം മെഡിക്കല്‍ പിജിക്ക് കൂടുതല്‍ പഠനാവസരം ഉണ്ടാക്കും. പിജി സീറ്റുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തി ബിരുദ സീറ്റുകള്‍കൊപ്പം എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത അഞ്ച് വർഷത്തിനകം 75000 സീറ്റുകൾ ലക്ഷ്യം രാജ്യത്ത് 731 മെഡിക്കൽ കോളേജുകളിലായി 1.12 ലക്ഷം മെഡിക്കൽ ബിരുദ സീറ്റുകളാണുള്ളത്. 72,627 സീറ്റുകളാണ് ബിരുദാനന്തര ബിരുദ പഠനത്തിന് ലഭ്യമായിട്ടുള്ളത്. ബിരുദതലത്തിൽ അടുത്ത അഞ്ച് വർഷത്തിനകം 75000 സീറ്റുകൾ വർധിപ്പിക്കുയാണ് ലക്ഷ്യം വെക്കുന്നത്. ഓരോ വർഷവും ഈ മേഖലയിൽ 25000 വിദ്യാർഥികൾ എങ്കിലും വിദേശത്തേക്ക് പഠനത്തിനായി പോകുന്നുണ്ട്. ഇത് രാജ്യത്തിന് വലിയ നഷ്ടമായി തീരുന്നു. ഇന്ത്യയിൽ 1:836 എന്ന നിരക്കിലാണ് ഇപ്പോൾ ഡോക്ടർമാർ ലഭ്യമായിട്ടുള്ളത്. 13,86,136 മോഡേൺ മെഡിസിൻ ബിരുദധാരികളാണ് റജിസ്റ്റർ ചെയ്തതായുള്ളത്. സീറ്റുകൾക്ക് ഒപ്പം രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ നിലവാരവും സൌകര്യങ്ങളും വർധിപ്പിക്കുക എന്ന വെല്ലുവിളിയുമുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി നേരത്തെ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷൻ കൊണ്ടുവന്ന നിബന്ധ വർധനവിന് തടസ്സമായി വിലയിരുത്തപ്പെട്ടിരുന്നു. (Extraordinary Gazette Notification dated 16 August, 2023) 10 ലക്ഷം പേർക്ക് 100 എം ബി ബി എസ് സീറ്റ് എന്നതായിരുന്നു നിബന്ധന. ഇത് ജനസംഖ്യ കൂടുതൽ ഉള്ളതും വലിപ്പമേറിയതുമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് എന്നായിരുന്നു വിമർശനം. മെഡിക്കൽ രംഗം കാര്യക്ഷമമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ ഈ 100 സീറ്റ് എന്ന പരിധി കടന്നിട്ടുണ്ട്. Read on deshabhimani.com