പഠനത്തിൽ മിടുക്കരാണോ; ചിറകായി സ്‌കഫോൾഡുണ്ട്
തൃശൂർ > സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന, പഠനത്തിൽ മിടുക്കരായ കുട്ടികളെ പിന്തുണയ്ക്കാൻ സ്കഫോൾഡ് പദ്ധതിയുമായി സമഗ്രശിക്ഷ കേരളം (എസ്എസ്‌കെ). പൊതുവിദ്യാലയങ്ങളിലെ ഹയർസെക്കൻഡറി –- വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് പിന്തുണ നൽകുക. ബിപിഎൽ വിഭാഗത്തിലെ പഠനത്തിൽ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തുകയാണ് ആദ്യപടി. അവധി ദിവസങ്ങളിൽ ഇവർക്കായി ജില്ലാതലത്തിൽ രണ്ടുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കും. ഇതിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ 40 കുട്ടികളെ തെരഞ്ഞെടുക്കും. തുടർ ക്യാമ്പുകളിലൂടെ ഇവർക്ക് ആശയവിനിമയ ശേഷി, വ്യക്തിത്വ വികാസം എന്നിവ ഉറപ്പാക്കും. ജീവിത നൈപുണികളും പരിശീലിപ്പിക്കും. കുട്ടികളുടെ അഭിരുചി കണ്ടെത്തി, അതിനുയോജിച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കി തൊഴിൽനേടാനുള്ള സാഹചര്യവും ഒരുക്കും. ഒപ്പം പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ആത്മവിശ്വാസം പകരും. പഠനത്തിനാവശ്യമായ സാമ്പത്തിക സഹായവും നൽകും. 2022ലാണ് സ്കഫോൾഡ് ആരംഭിച്ചത്. ജില്ലയിൽ ആദ്യ ബാച്ചിൽ 25 പേരാണുണ്ടായിരുന്നത്. ഇവർക്കായി ഏഴ് ക്യാമ്പുകളിലായി 18 ദിവസത്തെ പരിശീലനം നൽകി. ഓരോ ക്യാമ്പിനും 1.5 ലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെ ചെലവായി. ഇത്തവണ പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 60 പേരാണ് ആദ്യ ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ 40 പേരെ തെരഞ്ഞെടുത്തു. ഇവർക്കാണ് തുടർ പരിശീലന പരിപാടിയിലൂടെ എസ്എസ് കെ പിന്തുണ നൽകുന്നതെന്ന് സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ ഇ ശശിധരൻ പറഞ്ഞു. Read on deshabhimani.com