ആണിന്റെ മുലകൾ... ഇ പി രാജഗോപാലൻ എഴുതുന്നു
ആണത്തം എന്നത് സ്വയം സമ്പൂർണ്ണമായ വ്യവസ്ഥയല്ല. വല്ലാതെ കരുത്തുകാട്ടുന്ന പുരുഷൻ ഒരു ഫാസിസ്റ്റ് ബിംബമാണ്. കരുത്തിന്റെ കുത്തക ഒരു ലിംഗവിഭാഗത്തിനുള്ളതല്ല. പ്രേംനസീർ ശാലീനതയുടെ ആളാണ്. അദ്ദേഹത്തിന്റെ ഉടലിൽ ആണത്തത്തിന്റെ കയറ്റിറക്കങ്ങൾ ഇല്ല. പ്രേംനസീറിന് മലയാളിസ്ത്രീകൾ നൽകിയ ശ്രദ്ധയുടെയും താരപദവിയുടെയും പൊരുൾ വേറെയൊന്നാവാനിടയില്ല. നൂറു ശതമാനം പുരുഷൻ എന്ന സങ്കല്പം അധികാരക്കോട്ടകൾ ഉണ്ടാക്കിയതാണെനന്നും ഇ പി രാജഗോപാലൻ പറയുന്നു. പോസ്‌റ്റ് ചുവടെ കുറച്ചു നാൾ മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ.ആർ.മീരയുടെ 'വാണിഭം' എന്ന കഥയെപ്പറ്റി എഴുതിയിരുന്നു: സുകന്യ ഒരു പുരുഷനെക്കുറിച്ച് ചിന്തിക്കുന്നു. അതിൽ ഒരു മോഹമുണ്ട്. തന്നെ ചുംബിക്കുന്നഅയാൾ" പ്രേംനസീറിനെപ്പോലെ നിർവൃതിപ്പെടുമെങ്കിൽ വളരെ നന്ന് " എന്നതാണ് മോഹം. പ്രേംനസീർ ശാലീനതയുടെ ആളാണ്. അദ്ദേഹത്തിന്റെ ഉടലിൽ ആണത്തത്തിന്റെ കയറ്റിറക്കങ്ങൾ ഇല്ല. രാമു കാര്യാട്ടിന്റെ 'നെല്ല് ' എന്ന ചലച്ചിത്രത്തിൽ ഒഴുക്കുവെള്ളത്തിൽ മുങ്ങി നിവരുന്ന രാഘവൻ നായർ എന്ന കഥാപാത്രമുണ്ട്. സ്ത്രീയുടലിന്റെ സാദൃശ്യം പ്രേംനസീർ അവതരിപ്പിക്കുന്ന രാഘവൻ നായരിൽ ഉണ്ട്. ഉടൽഘടനയുടെ മാത്രം കാര്യമല്ല ഇത്. സ്ത്രീസ്വത്വത്തെ മാനിക്കുന്ന ചലനക്രമങ്ങളും ഭാഷണവ്യവസ്ഥകളുമാണ് പൊതുവെ പ്രേംനസീർ സ്വാഭാവികമായി ആവിഷ്ക്കരിച്ചുപോന്നത്. നസീർ കഥാപാത്രങ്ങൾ അങ്ങനെയുള്ളവരായിരുന്നു. അടിച്ചേൽപ്പിക്കുന്ന ആണത്തത്തിൽ നിന്ന് ആ ആണുങ്ങൾ വിട്ടുമാറിനിന്നു. അദ്ദേഹത്തിന്റെ സമകാലികനായ സത്യനിലും മറ്റുമാണ് പ്രേക്ഷകർ ഈ ദൃഢപൗരുഷം അറിഞ്ഞത്. ആണത്തം എന്നാൽ പരുഷതയാണ് എന്നും കീഴടക്കാനുള്ള കഴിവും ത്വരയും തയ്യാറെടുപ്പുമാണ് എന്നുമുള്ള പരമ്പരാഗത ധാരണയാണ് നസീർകഥാപാത്രങ്ങൾ പതിറ്റാണ്ടുകളായി സ്വയമറിയാതെ വെല്ലുവിളിച്ചത്. മുഖ്യധാരാ ആധുനികത പൊതുവെ അധികാരികമെന്ന് കരുതിപ്പോന്ന പുരുഷസങ്കല്പത്തിൽ നിന്ന് വ്യത്യസ്തനായിരുന്നു പ്രേംനസീർ. ഈ നടൻ നേടിയ ദീർഘകാലസ്വീകാര്യതയുടെ സാംസ്ക്കാരികരഹസ്യം ഇതുതന്നെയാവണം. പ്രേംനസീറിന് മലയാളിസ്ത്രീകൾ നൽകിയ ശ്രദ്ധയുടെയും താരപദവിയുടെയും പൊരുൾ വേറെയൊന്നാവാനിടയില്ല. ദുർബ്ബലനാണ് പ്രേംനസീർ എന്ന പ്രതീതിയും നിലവിലുണ്ടായിരുന്നു. ആണധികാരത്തിന്റെ തുറന്ന ആവിഷ്ക്കാരങ്ങളെ ആദർശവത്ക്കരിക്കുന്നവരിൽ നിന്നാണ് ഈ സമീപനം ഉണ്ടായത് എന്ന് തീർച്ചപ്പെടുത്താം. സൗഹൃദത്തിന്റെയും പരിഗണനയുടെയും മനസ്സിലാക്കലിന്റെയും മൃദുലതയുടെയും മൂല്യങ്ങൾ ജനാധിപത്യകാലത്ത് ഏറെ പ്രധാനമാണ്. പ്രേംനസീർവേഷങ്ങൾ മിക്കവാറും ഇങ്ങനെയുള്ളവയാണ്.ഇത് ഒരു ബദലാണ്. തന്റെ ഇച്ഛകൾ ഉപാധിരഹിതമായി നടപ്പാക്കാനുള്ള ഇടമായി സ്ത്രീയെ കാണാത്ത പുരുഷൻ എന്ന പ്രരൂപമാണ് അത്. ഈ പുരുഷന് സ്ത്രീയെ തോല്പിക്കേണ്ട. അയാളിൽ നിന്ന് അവൾ വഞ്ചിതയാവില്ല . 'മിണ്ടരുത് 'എന്ന് അയാൾ അലറില്ല. അറിയേണ്ടതുണ്ട് -- ആണത്തം എന്നത് സ്വയം സമ്പൂർണ്ണമായ വ്യവസ്ഥയല്ല. വല്ലാതെ കരുത്തുകാട്ടുന്ന പുരുഷൻ ഒരു ഫാസിസ്റ്റ് ബിംബമാണ്. കരുത്തിന്റെ കുത്തക ഒരു ലിംഗവിഭാഗത്തിനുള്ളതല്ല. അർദ്ധനാരീശ്വര സങ്കല്പം കേന്ദ്രീകൃതാധികാരത്തിന്റെ കാലത്ത് പ്രതിരോധമൂല്യം നേടുന്നുണ്ട്. പരുക്കനും അമിതോർജ്ജപ്രസാരകനുമായ പുരുഷൻ സ്വീകാര്യമായ ഒരു ആശയമല്ല. നേതൃഗുണം, സഹനശേഷി, സർഗ്ഗാത്മകത എന്നിവയുമായി ഈ സങ്കല്പത്തെ ഇണക്കുന്നതിൽ ഒരു യുക്തിയുമില്ല. ചരിത്രത്തിൽ നന്മ ചെയ്തവർ ഈആണത്തമാതൃകയിലുള്ളവരല്ല -- അതിനെ സ്വന്തം പ്രവൃത്തികളിൽ ധിക്കരിച്ചവരാണ്. നൂറു ശതമാനം പുരുഷൻ എന്ന സങ്കല്പം അധികാരക്കോട്ടകൾ ഉണ്ടാക്കിയതാണ്. സംവാദത്തെയും സമതയെയും തടയാനുള്ള വഴിയാണത്. ആരുടെയും ശരീരം നൂറുശതമാനം ആണല്ല. ആണിന്റെ മുലകൾ സൂചിപ്പിക്കുന്നത് മറ്റെന്താണ് ? ഇ.പി.രാജഗോപാലൻ Read on deshabhimani.com