അരിവാള്‍ ചുറ്റികയും മാര്‍ക്‌‌സും ലെനിനും വിരിയുന്ന ഫുട്‌ബോള്‍.. അതും ഇസ്രയേലില്‍



സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന് ഗ്യാലറിയില്‍ മുദ്രാവാക്യം മുഴക്കുന്ന ഫുട്‌ബോള്‍ ക്ലബ്, അതും ഇസ്രായേലില്‍.. ഫുട്‌ബോള്‍ ഒരു മതമായിരുന്നെങ്കില്‍ ഈ ലോകത്തിലെ ഏറ്റവും വലിയ മതം ഫുട്‌ബോളായിരുന്നേനെ. അത്രമാത്രം ആളുകളാണ് ഈ ലോകത്തില്‍ ഒരു കൊച്ചു പന്തിന് പിന്നാലെ ഓടിനടക്കുന്നത്. ഫുട്‌ബോളും രാഷ്ട്രീയവും തമ്മില്‍ വലിയ ബന്ധങ്ങള്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് എഡ്വേര്‍ഡോ ഗലീനോയുടെ പുസ്തകങ്ങളില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും ലോകത്ത് നിലനില്‍ക്കുന്ന വംശീയതക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന ഒരിടം കൂടിയാണ് ഫുട്‌ബോള്‍ ലോകം. ലാറ്റിനമേരിക്കയിലെ ഫുട്‌ബോളിന് പോലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സംഗീതമായിരുന്നുവെന്ന പഴമൊഴി നാം ഒരിക്കലെങ്കിലും കേട്ടുകാണും. യൂറോപ്പിലേക്ക് വരുമ്പോള്‍ ബാഴ്‌സലോണ എന്ന ക്ലബ് ഉയര്‍ത്തുന്ന രാഷ്ട്രീയവും മാറ്റിനിര്‍ത്താനാവാത്തതാണ്. ഫിദല്‍ കാസ്‌ട്രോയോടും ഷാവേസിനോടും സൗഹൃദം പുലര്‍ത്തിയ മാറഡോണ, ഗോളടിച്ചപ്പോള്‍ ജേഴ്‌സി ഊരി ചെഗുവേരയുടെ ചിത്രമണിഞ്ഞ ടീഷര്‍ട്ട് കാമറകള്‍ക്ക് നേരെ കാണിച്ച ക്രിസ്റ്റ്യാനോ ലൂക്കാറെല്ലിയുമെല്ലാം നമുക്ക് പ്രിയപ്പെട്ടവരാവുന്നതും നമ്മിലെ രാഷ്ട്രീയ ധാരണകളും ഫുട്‌ബോളും ഇടകലര്‍ന്നു നില്‍ക്കുന്നതിനാല്‍ കൂടിയാണ്. ഫുട്‌ബോളും ഇടതുപക്ഷരാഷ്ട്രീയവും തമ്മിലുള്ള ബന്ധവും ഇടതു രാഷ്ട്രീയത്തോട് ഫുട്‌ബോള്‍ കൂടുതല്‍ ഇണങ്ങി നില്‍ക്കുന്നതിന്റെയും ഉദാഹരണങ്ങള്‍ ഇവിടം കൊണ്ട് തീരുന്നില്ല. ഇതിന്റെ ദഹിക്കാന്‍ പ്രയാസമുള്ള മറ്റൊരു ഉദാഹരണമാണ് ഇസ്രായേലി ഫുട്‌ബോള്‍ ക്ലബായ ഹപോഎല്‍ ടെല്‍ അവീവ്. ഇസ്രായേല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മളില്‍ പലരും ചിന്തിക്കുന്നത് ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങള്‍ ആയിരിക്കും. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ എന്നും നിലകൊള്ളുന്നവരാണ് ഇടതുപക്ഷം, ഇസ്രായേല്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ഇതേ നിലപാട് തന്നെ കൈക്കൊള്ളുന്നു. ഇസ്രായേല്‍ ഫുട്‌ബോളിനെപ്പറ്റി അത്രയൊന്നും അന്വേഷിക്കാത്തവരായിരിക്കും നമ്മില്‍ പലരും. എന്നാല്‍ ഇടതുപക്ഷ അച്ചുതണ്ടില്‍ നിന്നുകൊണ്ട് ഇസ്രായേലി ഫുട്‌ബോളിനെയും ഇടതു രാഷ്ട്രീയത്തെയും ഉയര്‍ത്തിക്കാണിക്കുന്ന വലിയൊരു കണ്ണിയാണ് ടെല്‍ അവീവ് കേന്ദ്രമായിട്ടുള്ള ഹപോഎല്‍ ടെല്‍ അവീവ് എന്ന ഫുട്‌ബോള്‍ ക്ലബ്. ഇസ്രായേലിലെ എറ്റവും വലിയ കായികസംഘടനയാണ് ഹപോഎല്‍. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ തുടങ്ങി നിരവധി കായിക മേഖലകളില്‍ ഹപോഎല്‍ തങ്ങളുടെ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട് ഹപോഎല്‍ എന്നാല്‍ തൊഴിലാളി എന്നാണ് അര്‍ഥം. ഈ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 1927ല്‍ രൂപീകൃതമായ ഫുട്‌ബോള്‍ ക്ലബ്ബാണ് ഹപോല്‍ ടെല്‍ അവീവ്.ഇന്ന് ഇസ്രേലി ഫുട്‌ബോളിലെ വലിയ ശക്തികളാണെന്ന് അവകാശപ്പെടാനാവില്ലെങ്കിലും, വിജയം കൈവരിച്ച ക്ലബ്ബുകളില്‍ മുന്‍പന്തിയിലാണ് ഹപോയേലിന്റെ സ്ഥാനം.ഏഷ്യന്‍ ക്ലബ് ചാംപ്യന്‍ഷിപ്,ചെല്‍സി,മിലാന്‍ തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരെ നേടിയ വിജയങ്ങള്‍ എന്നിവ അതില്‍പ്പെടും. ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ക്ലബാണ് ഹപോഎല്‍. ഔദ്യോഗികമായി രാഷ്ട്രീയ ബന്ധം ഇപ്പോഴില്ലെങ്കിലും ഇന്നും ഹപോഎല്‍ പിന്തുടരുന്നത് ഇടതു രാഷ്ട്രീയമാണ്.തൊഴിലാളി വര്‍ഗരാഷ്ട്രീയത്തോട് ക്ലബ് എത്രത്തോളം ബന്ധപ്പെട്ടിരിക്കയുന്നു എന്നതിന്റെ തെളിവാണ് ചുവപ്പും, രിവാളും ചുറ്റികയും തൊഴിലാളിയും ആലേഖനം ചെയ്യപ്പെട്ട ക്ലബ്ബിന്റെ ലോഗോ. വംശീയതയും കൂടിയേറ്റവിരുദ്ധതയും ഒരു സമൂഹത്തിലാകെ സിയണിസ്റ്റ് വക്താക്കള്‍ പടര്‍ത്തുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയം പിന്തുടരുന്ന ഒരു ഫുട്‌ബോള്‍ ക്ലബിന് എങ്ങനെയൊക്കെ ഇതിനെതിരെ നിലകൊള്ളാമെന്ന് കാണിച്ചുതരിക കൂടിയാണ് ഹപോഎല്‍ ടെല്‍ അവീവ്. വംശീയതയുടെ കൂട്ടുപിടിച്ചുകൊണ്ട് പല ക്ലബ്ബുകളും അറബ് മുസ്ലിം കളിക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചപ്പോള്‍ ഹപോഎല്‍ അതിനെ നിശിതമായി വിമര്‍ശിക്കുകയും വംശീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി നിലകൊണ്ട് എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കുകയും ചെയ്തു. സാര്‍വദേശീയ രാഷ്ട്രീയ ബോധ്യത്തില്‍ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് വംശീയതക്കെതിരെ ഹപോഎല്‍ നിലപാടെടുത്തതോടെ അവരുടെ ഏറ്റവും വലിയ വൈരികളായി സിയണിസ്റ്റ് രാഷ്ട്രീയം പിന്തുണരുന്ന മക്കാവി ടെല്‍ അവീവ് മാറി. വലതുപക്ഷരാഷ്ട്രീയത്തിന്റെ തിരിച്ചുവരവ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടി നല്‍കിയെങ്കിലും ഹപോഎല്‍ തുടങ്ങിയ ക്ലബ്ബുകളിലൂടെ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.അതിന് ക്ലബ്ബിനെ സഹായിച്ചത് അതിന്റെ ആരാധകരുടെ കൂട്ടം ആയ 'അല്‍ട്രാസ് ഹപോഎല്‍' ആണ്. സര്‍വരാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന് ഗ്യാലറിയിലിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ചെങ്കൊടികളില്‍ മാര്‍ക്‌സിനെയും ലെനിനേയും ചെഗുവേരയേയും ഗാന്ധിയേയും ആലേഖനം ചെയ്ത് ഉയര്‍ത്തിപ്പിടിക്കുന്ന അള്‍ട്രാസ് ഹപോഎല്‍ അത്രമേല്‍ ഊര്‍ജമാണ് ക്ലബിനും ഇടത് രാഷ്ട്രീയത്തിനും നല്‍കുന്നത്. വംശീയതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ നമ്മള്‍ എല്ലാം ഒന്ന് എന്ന നിലയിലാണ് അവര്‍ ഹപോഎലിനായി നിലകൊള്ളുന്നത്. ക്ലബ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ഉള്‍കൊണ്ട് ആരാധകരും വംശീയതക്കെതിരെയും അഭയാര്‍ഥികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു.അതിന്റെ ഭാഗമായി അവര്‍ റെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നു.ചെറുപ്പക്കാരായ ആരാധകര്‍ക്ക് പഠനസഹായവും മുതിര്‍ന്ന ആരാധകര്‍ക്ക് തൊഴിലും ലഭ്യമാക്കുക എന്നതായിരുന്നു റെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പ്രാഥമിക ലക്ഷ്യം.എന്നാല്‍ 2006ല്‍ ഇസ്രായേല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തോടെ ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായൊരു രാഷ്ട്രീയ ഗ്രൂപ്പായി അത് മാറി.അതിന്റെ തുടര്‍ച്ച എന്നോളം അഭയാര്‍ത്ഥി പ്രശ്‌നങ്ങളില്‍ അവര്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒരു കാര്യമാണ് 'സഖ്നിന്' എന്ന പുരുഷാധിപത്യ നഗരത്തില്‍ ഒരു വനിതാ കായിക കൂട്ടായ്മക്ക് തുടങ്ങുന്നതിനായി റെഡ് വര്‍ക്കേഴ്‌സ് നല്‍കിയ സഹായം. തൊഴിലാളികളുടെ ട്രസ്റ്റിന്റെ കയ്യില്‍ നിന്ന് ക്ലബിന്റെ ഉടമസ്ഥാവകാശം മാറിയിരിക്കുന്നു. മുതലാളിമാര്‍ മാറിമാറി വന്നിരിക്കുന്നു. എങ്കിലും ഇപ്പോഴും ഹപോഎല്‍ ടെല്‍ അവീവ് ആരാധകര്‍ തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് . (ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥിയാണ് ലേഖകന്‍) Read on deshabhimani.com

Related News