കേരളം കടക്കെണിയിലോ?...റിസർവ്വ്‌ ബാങ്ക്‌ അങ്ങനെ പറഞ്ഞോ?



കേരളം കടക്കെണിയിലാണെന്നും ശ്രീലങ്കയുടെ അനുഭവം കാത്തിരിക്കുന്നു എന്നും മറ്റും നടക്കുന്ന പ്രചരണങ്ങളെപ്പറ്റി ഗോപകുമാർ മുകുന്ദൻ എഴുതുന്നു 1. റിസർവ് ബാങ്ക് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിൾ അടിസ്ഥാനപ്പെടുത്തി കേരളം കടക്കെണിയിലാണ്, ശ്രീലങ്കയുടെ അനുഭവം കാത്തിരിക്കുന്നു എന്ന് RBI മുന്നറിയിപ്പ്  എന്നുള്ള    രീതിയിൽ സ്തോഭ ജനകമായ തലക്കെട്ടുകളും വാർത്തകളും വീണ്ടും ഉയർന്നു  വരുന്നുണ്ട്. ആദ്യം ചൂണ്ടിക്കാണിക്കേണ്ട വസ്തുത ഇത് RBI യുടെ വിലയിരുത്തലല്ല, മറിച്ച് ഒരു  ഗവേഷക സംഘത്തിന്റെ  നിഗമനം മാത്രമാണ്. RBI ഈ അർട്ടിക്കിൾ മുന്നോട്ടു വയ്ക്കുന്ന വാദത്തിന്റെ കർത്തൃത്വം ഏറ്റെടുക്കുന്നില്ല എന്ന് ബുള്ളറ്റിൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അപ്പോൾ RBI മുന്നറിയിപ്പ് എന്നത് പതിവ് പോലുള്ള ഒരു രീതി മാത്രമാണ്. 2. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ ശതമാനമായി കടം എത്ര എന്നു നോക്കി 10 സംസ്ഥാനങ്ങളെ ലിസ്റ്റ് ചെയ്യുന്നു. Punjab, Rajasthan, Kerala, West Bengal, Bihar, Andhra Pradesh, Jharkhand, Madhya Pradesh, Uttar Pradesh and Haryanaഎന്നീ 10 സംസ്ഥാനങ്ങളിൽ Debt/ GSDP അടിസ്ഥാനത്തിൽ Bihar, Kerala, Punjab, Rajasthan, and West Bengal എന്നീ 5 സംസ്ഥാനങ്ങൾ highly stressed states ആണ് എന്ന് പ്രാഥമികമായി നിഗമനം നടത്തിയ ശേഷം ചില സൂചകങ്ങൾ വച്ച് കുറച്ചുകൂടി വിശദമായി പരിശോധിക്കുകയാണ് പ്രസ്തുത ആർട്ടിക്കിൾ അവലംബിക്കുന്ന  രീതി. ഇവിടെ പ്രധാന സംഗതി ഈ പ്രാഥമിക നിഗമനം Debt/ GSDP അടിസ്ഥാനത്തിൽ മാത്രം നടത്തുന്നതാണ്. ഈ ഉയർന്ന അനുപാതം അതിജീവിക്കുന്നതിനുള്ള ശേഷി പിന്നീട് ചില മേഖലകളിലെ സംസ്ഥാനങ്ങളുടെ സ്ഥിതി വച്ച് പരിശോധിക്കുകയാണ് ചെയ്തിരിക്കുന്നത്. അതാണ് ഇതിലെ രീതിശാസ്ത്രം 3.  ഈ സൂചകങ്ങൾ പരിശോധിക്കുന്നതിന് മുൻപ്  ഈ ആർട്ടിക്കിളിന്റെ  ഒരു പൊതു സ്വഭാവം നമുക്ക് നോക്കാം. “ the provisions of free electricity and water are known to accelerate environmental degradation and depletion of water tables”. അതായത് വൈദ്യുതിയും  വെള്ളവും സൌജന്യമായി നല്കുന്നത് ജലസമ്പത്ത് നശിക്കുന്നതിന് കാരണമാകും എന്ന് എഴുതി വയ്ക്കുന്നത്ര നവ ലിബറൽ ഭ്രാന്ത് തലയ്ക്ക് പിടിച്ച സ്വഭാവമുള്ള ആർട്ടിക്കിലാണിത് എന്നത് കാണണം. പാങ്ങുള്ളവർക്ക് മാത്രമായി  വെള്ളവും വെളിച്ചവും എല്ലാം കിട്ടുന്നതാണ് പരിസ്ഥിതി സൌഹാർദ്ദ ലോകം എന്നു പറയുന്ന തരം ആർട്ടിക്കിൾ ആണെന്നു സാരം. 4. നാലു രീതിയിലുള്ള സൂചകങ്ങൾ ആണ് പിന്നീട് അതിജീവന ശേഷി  പരിശോധനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 1.പഴയ പെൻഷൻ സമ്പ്രദായത്തിലേക്കുള്ള തിരിച്ചു പോക്ക് ആസൂത്രണം ചെയ്യുന്നുണ്ടോ? 2. സബ്സിഡികളും സൌജന്യങ്ങളും അതിരു കടക്കുന്നുണ്ടോ? 3. DISCOM ( വൈദ്യുത വിതരണ കമ്പനികൾ) ബാധ്യതകൾ സർക്കാർ ഏറ്റെടുത്ത് നില വഷളാക്കുമോ ? 3. സർക്കാർ  ഈട് നിന്നു എടുത്ത വായ്പ്പകൾ ( contingent liability ) പ്രതി സന്ധി ഉണ്ടാക്കുമോ? ഇവയാണ് ഇങ്ങനെ Risk Identification ന് പരിശോധിച്ച സൂചകങ്ങൾ.  സ്തോഭ ജനകമായ തലക്കെട്ടുകൾ പടയ്ക്കുന്ന മാധ്യമങ്ങൾ  ഇക്കാര്യങ്ങളിലുള്ള editorial positions വ്യക്തമാക്കണം. അവർ മാത്രമല്ല,  ഇതിൽ അഭിപ്രായം  പറയുന്ന എല്ലാവരും  ഈ വിഷയങ്ങളിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതല്ലേ? 5. ഈ ഘടകങ്ങളിലെ കേരള സ്ഥിതി നമുക്ക് നോക്കാം . അതിനു മുൻപ്  മെയിൻഇഷ്യൂ ഉണ്ടല്ലോ. അത് സമ്പദ് വ്യവസ്ഥയിൽ  നമ്മുടേതല്ലാത്ത  കാരണങ്ങളാൽ ഏൽക്കുന്ന ആഘാതമാണത്. 2017 മുതൽ കേരളം ഈ ഷോക്ക് നേരിടുകയാണ്. 2017 ൽ ഓഖി, 2018 ലും 2019 ലും വെള്ളപ്പൊക്കം. പിന്നീട് തുടർച്ചയായി കോവിഡ് ഷോക്ക്. ഇതിന്റെ ഫലം എന്തായിരുന്നു? ദേശീയ ശരാശരിയേക്കാൾ വേഗത്തിൽ വളർന്നു കൊണ്ടിരുന്ന കേരള സമ്പദ് ഘടന നെഗറ്റിവ് വളർച്ച രേഖപ്പെടുത്തി. ഈ കാലയളവിലെ GSDP യുടെ ശതമാനമായിട്ടല്ലേ ഇപ്പോഴത്തെ കടവും നാളത്തെ സ്ഥിതിയും അവലോകനം ചെയ്യുന്നത്. സമ്പദ് ഘടന റിക്കവർ ചെയ്യുക എന്നതല്ലേ വേണ്ടത്. അതിനു പകരം പൊതു നിക്ഷേപം ചുരുക്കി സമ്പദ് ഘടന റിക്കവർ ചെയ്യുന്നതിനുളള വഴി അടയ്ക്കലാണോ? ഈ ആർട്ടിക്കിൾ തന്നെ മൂല ധന നിക്ഷേപം ഉയർത്തേണ്ടതിന്റെ അനിവാര്യത എടുത്തു പറയുന്നുമുണ്ട്. ഇവിടെ രണ്ട് കാര്യങ്ങൾ പ്രസക്തമാണ്. ഒന്ന്, ഈ കാലയളവിലെ GSDP എടുത്തു കൊണ്ട്  കടം കണക്കാക്കുന്നതിൽ / പ്രോജക്റ്റ് ചെയ്യുന്നതിൽ സാധുതയുണ്ടോ? രണ്ടാമത്തേത്, ഈ മാക്രോ ഇക്കണോമിക് ഷോക്ക് അതി ജീവിക്കാൻ പൊതു നിക്ഷേപം അനിവാര്യമായിരിക്കെ സർക്കാർ കടം മാത്രമല്ല , പൊതു മേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ്പയും ബാധ്യതയിൽ ചേർത്തു വയ്ക്കാനുള്ള ത്വര  എന്തു ഫലമാണ് ഉണ്ടാക്കുക? പുഴ വറ്റുകയും, പട്ടി തുടലു പൊട്ടിക്കുകയും, അത് ഓടി വന്നു കമ്മം കുമ്മം കടിക്കുകയും ചെയ്താലോ എന്നു കരുതി ഉടുമുണ്ട് ഊരി എറിഞ്ഞു ഓടുക എന്നത് പോലെ, ഈ പൊതു മേഖലാ വായ്പ്പയകൾ എല്ലാം defaulted ആകുകയും സംഗതി സർക്കാരിന്റെ തലയിൽ ഇരിക്കുകയും ചെയ്താൽ എന്തു ചെയ്യും എന്നു കരുതുന്ന രീതിയാണിത്. 6. ഇവിടെ പ്രസക്തമായ മറ്റൊരു കണക്ക് ധനക്കമ്മിയാണ്. കേരളത്തിന്റെ ധനക്കമ്മി 3 ശതമാനത്തിനു മുകളിലാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്ന സംഗതി. ഒന്ന്, പാൻഡെമിക് പശ്ചാത്തലത്തിൽ 5 ശതമാനം വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയത് എന്തിനാണ്? നേരത്തെ പറഞ്ഞത് പോലെയുള്ള ആഘാതം ലഘൂകരിക്കാൻ കൂടുതൽ സർക്കാർ മുതൽ മുടക്ക് കൂടിയേ തീരൂ എന്നതിനാലാണല്ലോ ? അത് വച്ച് കടം എന്നു പറയുന്നതിൽ എന്തു കാര്യം? ഇനി ധന കമ്മി ഇല്ലാതെ ഈ മുതൽ മുടക്ക് വേണമെങ്കിൽ നമ്മുടെ റവന്യൂ വരുമാനം ഗണ്യമായി ഉയരണം. ഇവിടെ ഈ ആർട്ടിക്കിളിലെ ഒരു കണക്ക് ഏറെ പ്രസക്തമാണ്. Debt starined ആണ് എന്ന പറയുന്ന സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തിന്റെ composition ഇതിൽ നല്കിയിട്ടുള്ളത്  ഇമേജ് ആയി ചേർത്തിട്ടുണ്ട്. നമ്മുടെ റെവന്യൂ വരുമാനത്തിൽ 65 ശതമാനവും തനതു നികുതി, നികുതിയേതര വരുമാനമാണ്. ധന കാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള നികുതി വിഹിതമായും ഗ്രാന്റായും ലഭിക്കുന്ന  central ട്രാൻഫർ 35 ശതമാനം മാത്രമാണ്. ഇത് ബിഹാറിൽ 75 ശതമാനവും, മറ്റിടങ്ങളിൽ ശരാശരി 50 ശതമാനത്തിന് മുകളിലുമാണ്.( ഹരിയാന ഒഴികെ) . നമ്മൾ നല്കുന്ന വരുമാന നികുതി, കേന്ദ്ര എക്സൈസ് പോലുള്ള നികുതി എന്നിവയിൽ നമുക്ക് ലഭിക്കുന്ന വിഹിതം തുടർച്ചയായി കുറയുന്നതാണ് ചിത്രം. ഇത് ധന കമ്മീഷൻ അവാർഡ് പ്രകാരമുള്ള നികുതി വിഹിതത്തിൽ തുടർച്ചയായി വരുന്ന കുറവിൽ വ്യക്തവുമാണ്.സംസ്ഥാനങ്ങൾക്ക് നല്കുന്ന നികുതി വിഹിതത്തിൽ കേരളത്തിന് ലഭിക്കുന്ന പങ്ക് പത്താം ധന കമ്മീഷൻ അവാർഡ് പ്രകാരം 3.875 ശതമാനമായിരുന്നു. പതിനാലാം ധന കമ്മീഷൻ ആയപ്പോൾ ഇത് 2.5 ശതമാനമായി. ഇപ്പോൾ, പതിനഞ്ചാം ധന  കമ്മീഷൻ അവാർഡ് പ്രകാരം ഇത് 1.925 ശതമാനമാണ്. കേരളത്തിന്റെ റവന്യൂ വരുമാനം ഉയരണമെങ്കിൽ, അത് വഴി ധനക്കമ്മി കുറയണമെങ്കിൽ  നമുക്ക് അർഹമായ നികുതി വിഹിതം ലഭ്യമാക്കുക എന്നതാണ് വഴി. പിന്നെ  ഈ ആർട്ടിക്കിൾ  തന്നെ കേരളം ധന കമ്മിയുടെ കാര്യത്തിൽ പതിനഞ്ചാം ധന കാര്യ കമ്മീഷൻ നിശ്ചയിച്ച പരിധിയിലാണ് ഇപ്പോൾ കേരളം എന്നതാണ് പറയുന്നത് (Chart 1 of the Article) . സൂക്ഷിച്ചില്ലെങ്കിൽ പരിധി വിടും  എന്നാണ് പറയുന്നത്. നമുക്ക് അർഹമായ നികുതി ലഭിക്കുക എന്നതും ഈ സൂക്ഷ്മതയിൽ ഏറ്റവും പ്രധാനമാണ്.   7.  മറ്റൊരു കാര്യം കൂടി  ഈ കണക്കിൽ നിന്നും ലഭിക്കും. എന്തു പറഞ്ഞാലും കേരളം കള്ളു വിറ്റാണ്  കാശുണ്ടാക്കുന്നത് എന്നു പറയുന്ന സംഘി, സുഡാപ്പികൾക്കുള്ള വ്യക്തതയാണത്.   നമ്മുടെ തനതു വരുമാനത്തിൽ സ്റ്റേറ്റ് എക്സൈസ് എത്ര വരും എന്നു നോക്കൂ. കണക്കു പുടി കിട്ടിയില്ലെങ്കിലും കളർ പുടി കിട്ടുമല്ലോ? അതാണ് കള്ളിൽ നിന്നും കിട്ടുന്ന നികുതി. SGST, Sales Tax, Taxes on  Vehicles , stamps & registration എന്നിവയാണ് തന്നത് നികുതി വരുമാനത്തിന്റെ സിംഹ ഭാഗം. 8. ഇനി ആ നാലു സൂചകങ്ങൾ. പങ്കാളിത്ത പെൻഷൻ പുനസ്ഥാപിക്കണമോ എന്ന കാര്യം കേരളം ഒന്നായി തീരുമാനം എടുക്കട്ടെ. എന്തായാലും ഈ ആർട്ടിക്കിൾ അത് ഇവിടെ ഒരു  potential threat ആയി  എടുത്തിട്ടില്ല. അടുത്തത് സബ്സിഡിയും  സൌജന്യങ്ങളുമാണ്. സബ്സിഡി ചെലവിൽ  2019-2020 ഉം 2020-2021 ഉം തമ്മിൽ താരതമ്യപ്പെടുത്തിയാൽ 40- 45 ശതമാനം ഉയർച്ച ഉണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കവും, മഹാമാരിയും മനുഷ്യരെ വലച്ചപ്പോൾ ഇത് നല്കേണ്ടയിയിരുന്നില്ല എന്നതാണ് എല്ലാവരുടെയും അഭിപ്രായം എങ്കിൽ അതു പറയണം. അപ്പോഴും അത് നമ്മുടെ  റെവന്യൂ ചെലവിന്റെ 3-4 ശതമാനമായി സബ്സിഡികൾ  നിന്നു എന്നും കാണണം. അതായത് അതും unsustainable ആയി മാറിയില്ല എന്നു സാരം ( chart 8 of the Article) . Article പറയുന്നതു പോലെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എല്ലാം വികസന ചെലവുകൾ ഉണ്ടാക്കുന്നതിൽ തന്നെയാണ് കേരളം ശ്രദ്ധിച്ചത്. വികസന ചെലവുകളിൽ  വന്ന നാടകീയ വളർച്ച കാണിക്കുന്ന ബജറ്റ് പട്ടിക കമന്റിൽ  നൽകിയിട്ടുണ്ട്. ഒരു ദശാബ്ദം കൊണ്ട് നാലു മടങ്ങിലധികം  വികസന ച്ചെലവുകൾ ഉയർന്നു.  അപ്പോൾ അതിനുള്ള നവ ലിബറൽ കുറുപ്പടി കേരളത്തിൽ വേണോ? ഇനി മറ്റൊരു സൂചകം വൈദ്യുത വിതരണ കമ്പനിയുടെ ബാധ്യത സംസ്ഥാനം ഏറ്റെടുത്താൽ എന്തു വരും എന്നുള്ളതാണ്. ഒന്ന്, കേരളം  കേന്ദ്ര വൈദ്യുതി ഉല്പ്പാദന കമ്പനികൾക്ക്( Gencoms ) പണം നൽകാനില്ല എന്ന് Article തന്നെ പറയുന്നുണ്ട്. KSEB യുടെ ദീർഘ കാല വായ്പ്പയുടെ 75 ശതമാനം സംസ്ഥാനം ഏറ്റെടുത്താൽ അത് Debt/ GSDP യിൽ എന്തു മാറ്റം വരുത്തും എന്നതാണ് നോക്കിയത്. ( അതിപ്പോൾ ആരു കൊടുക്കും എന്നത് മറ്റൊരു കാര്യം- അത്തരം ഒരു പ്രതി സന്ധി അവിടെയുണ്ടോ? വിതരണം ആർക്കെങ്കിലും തീറെഴുതണം എങ്കിൽ അതു നേരെ പറയുന്നതാണ് ഭംഗി) ഈ  ഇനത്തിൽ 15726 കോടി രൂപ കൊടുത്താൽ അത് GSDP യുടെ 1.8 ശതമാനം വരുമത്രേ( പട്ടിക 7) . അത് കൊടുത്താലും അപകട നിലയായി ഇവർ  തന്നെ അടയാളപ്പെടുത്തുന്നില്ല. ആര് കൊടുക്കുന്നു എന്നത് വേറെ ചോദ്യം. അടുത്തത് സൌജന്യമാണ്. Article ന്റെ annex 1 ൽ വിവിധ സംസ്ഥാനങ്ങൾ  കഴിഞ്ഞ കൊല്ലം  പ്രഖ്യാപിച്ച സൌജന്യങ്ങളുടെ പട്ടികയുണ്ട്. കേരളം ആകെ ചെയ്തത് Interest subsidy On prompt repayment of agricultural loans taken from cooperative institutions എന്ന ഒറ്റ കാര്യമാണ്. ഇതിനു കടത്തിന് മേൽ ഒരു സ്വാധീനവുമില്ല , പൂജ്യം സ്വാധീനമാണ് എന്നാണ് ഇതിൽ തന്നെ പറയുന്നത്. അപ്പോൾ കോവിഡ് കാലത്ത് മനുഷ്യർക്ക് നല്കിയ ആഹാര പദാർത്ഥങ്ങളുടെ കണക്ക്  ഈ ലേഖനത്തിന്റെ മറവിൽ എഴുന്നള്ളിക്കരുത് . ചുരുക്കത്തിൽ ലേഖനം പ്രത്യേകമായി പരിശോധിച്ച ഒരു potential threat ഉം ഇപ്പോൾ കേരളം നേരിടുന്നില്ല എന്നാണ് എനിക്ക് മനസിലായത്. അല്ല അപ്പോൾ ഈ പൊതു മേഖലാ സ്ഥാപനങ്ങൾ എല്ലാം കൂടി എടുക്കുന്ന വായ്പ്പയുടെ അഥവാ contingent ലിയബിലിറ്റിയുടെ കാര്യമോ?  എല്ലാം defaulted ആയാൽ കേരളത്തിന്റെ കടത്തിൽ എന്തു സ്വാധീനം ചെലുത്തും? ലേഖനത്തിന്റെ പട്ടിക 6  പ്രകാരം കേരളത്തിന്റെ gsdpയുടെ 3.9 ശതമാനമാണ് വരിക. അതായത് ഈ മുപ്പത്തി മൂക്കൊടി പൊതു മേഖലാ സ്ഥാപനങ്ങളൾ എല്ലാം എടുത്ത വായ്പ്പ സർക്കാർ കൊടുക്കേണ്ടി വന്നാലുള്ള സ്ഥിതി. എന്തു ജാതി അനുമാനമാണിത്. ഇനി ഇത് പഞ്ചാബിന് 5.3 ശതമാനവും രാജസ്ഥാന് 8.6 ശതമാനവുമാണ്. അല്ല പ്രതി പക്ഷ നേതാവിന് കണക്കിന് ഒരു വിഷമം വരരുത്. ഈ contingent ലയബിലിറ്റിയുടെ കണക്കും പറഞ്ഞു കൊണ്ട് KIIFB യുടെ ചുമലിലേക്ക് കയറുമ്പോൾ ഒന്ന് ശ്രദ്ധിക്കണം. ഒരു 20000 കോടി രൂപയാകും അവരുടെ ഇപ്പോഴത്തെ വായ്പ്പ . നമ്മുടെ GSDP 999642.72 കോടി രൂപയാണെന്ന് മറക്കണ്ട. അപ്പോൾ kiifb  യുടെ കടം  GSDP യുടെ എന്തോരം വരും എന്നു നോക്കിയിട്ട് വേണം അതിന്റെ ചുമലിലോട്ട് കയറാൻ. പിന്നെ ഇതും പറഞ്ഞ് K-Rail നു മേൽ കുതിര കയറാൻ ഇറങ്ങുമ്പോഴും ഓർക്കണം 40000 കോടിക്കു താഴെയാണ് വായ്പ എന്നത്. 9. അപ്പോൾ ശ്രീ സതീശൻ കേരളം ശ്രീലങ്ക ആകും എന്നു  പറഞ്ഞതോ? പഞ്ചാബിന്റേത് 54 ശതമാനവും രാജസ്ഥാന്റേത് 40 ശതമാനവു കടമുണ്ട് സർ .. കേരളത്തിന്റേത് എല്ലാം കൂടി എടുത്താലും 37 ശതമാനം . അപ്പോൾഅവരെ രക്ഷിച്ചിട്ടു വേണം കോണ്ഗ്രസും പ്രതിപക്ഷ നേതാവും  ഇറങ്ങാൻ. കേരളത്തിന്റെ പൊതു കടം 226315.04 കോടി രൂപ മാത്രമാണ്. 333592.17 കോടി രൂപ എന്നത് ആകെ ബാധ്യത അഥവാ total liability ആണ്. അതിനെ C& AG തന്നെ ക്ലാസിഫൈ ചെയ്യുന്നത് സർക്കാർ ഒരു ട്രസ്റ്റീ ആയി സൂക്ഷിയ്ക്കുന്ന പണം എന്നതാണ്. PF, Small savings , treasury deposits എന്നിവയാണ് ഈ ഇനം. ലേഖനം പലപ്പോഴും പ്രയോഗിക്കുന്ന പദം public Debt എന്നതാണ്. അത് 30 ശതമാനത്തിലും താഴെയായിരിക്കുമല്ലോ? പിന്നെ ശ്രീലങ്കൻ പ്രതി സന്ധി വിദേശ നാണയ പ്രതിസന്ധിയാണ്. അതിലേക്ക് നയിച്ച ഒരു പാട് ഘടകങ്ങൾ ഉണ്ട്. അത് കേരളം കൂട്ടിയാൽ കൂടൂല്ല. മോഡിജിയോട് സൂക്ഷിക്കാൻ പറയണം. പ്രതിപക്ഷ നേതാവും കൂടി അത് ശ്രദ്ധിക്കുമായിരിക്കും Read on deshabhimani.com

Related News