'മനോരമ നിര്‍ബന്ധിച്ചിട്ടും സിപിഐ എം എംഎല്‍എ പിന്തുണയ്‌ക്കാതിരുന്നത് മോശമായിപ്പോയി'
കൊച്ചി > മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറേ സര്‍ക്കാരിന് സിപിഐ എം പിന്തുണ നല്‍കുമെന്ന നുണവാര്‍ത്ത പടച്ചുവിട്ട 'മലയാള മനോരമ'യ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ 'പൊങ്കാല'. 'മഹാസഖ്യത്തിന് സിപിഎം പിന്തുണ' എന്ന തലക്കെട്ടില്‍ നവംബര്‍ 27നാണ് മനോരമ വാര്‍ത്ത നല്‍കിയത്. ഉദ്ദവ് താക്കറേ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഐ എമ്മിന്റെ ഏക എംഎല്‍എ വിനോദ് നിക്കോളെ അറിയിച്ചു എന്നായിരുന്നു മനോരമ വാര്‍ത്ത. മറ്റ് ചില മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റുപിടിച്ചതോടെ അന്നേ ദിവസം ഉച്ചയ്ക്ക് വിനോദ് നിക്കോളെ തന്നെ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്ത് വന്നു. ത്രികക്ഷി സഖ്യത്തിന് പിന്തുണ എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സഖ്യം വിളിച്ചുചേര്‍ത്ത ഒരു യോഗങ്ങളിലും സിപിഐ എം പങ്കെടുത്തിട്ടില്ലെന്നും വിനോദ് നിക്കോളെ വ്യക്തമാക്കിയിരുന്നു. പിന്നാലെ സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത് പ്രധാനപ്പെട്ട വിഷയമായതിനാല്‍ പുതുതായി രൂപീകരിക്കപ്പെടുന്ന മന്ത്രിസഭയെ സിപിഐ എം എതിര്‍ക്കുന്നില്ല എന്ന് മാത്രമാണുള്ളത്. സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കുന്ന എംഎല്‍എമാരിലൊരാളായി ഗവര്‍ണര്‍ ഇറക്കിയ കത്തില്‍ സിപിഐ എമ്മിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആ കത്ത് തെറ്റാണെന്നും സിപിഐ എം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിനോദ് നിക്കോളെ എംഎല്‍എ വിട്ടുനില്‍ക്കുകയാണുണ്ടായത്. ഇതോടെ നുണ വാര്‍ത്ത സൃഷ്ടിച്ചുവിട്ട മനോരമക്കെതിരെ ട്രോളുകളുമായി നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. മനോരമയുടെ വിപ്പ് ലംഘിച്ച സിപിഐ എം എംഎല്‍എയെ മനോരമയുടെ പൊളിറ്റ് ബ്യൂറോ അയോഗ്യനാക്കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. മനോരമ ആവശ്യപ്പെട്ടിട്ടും വിനോദ് നിക്കോളെ വോട്ട് ചെയ്യാതിരുന്നത് മോശമായിപ്പോയി എന്നായി ചിലര്‍. വിനോദ് നിക്കോളെയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മനോരമ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമോ എന്നും ചിലര്‍ പരിഹസിച്ചു. ചില ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ചുവടെ Read on deshabhimani.com