‘‘ശ്രീധരൻപിള്ള നാടിന്റെ പൊതുശത്രു’’‐ ദേശീയപാതാ വികസനം അട്ടിമറിക്കാൻ കേന്ദ്രത്തിന് കത്തെഴുതിയ ബിജെപി അധ്യക്ഷനെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം > ദേശീയപാതാ വികനത്തിനായുള്ള സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയ്‌ക്കും അദ്ദേഹത്തിന്റെ പാർടിക്കും കേരളം മാപ്പു നൽകില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. രാഷ്ട്രീയ നിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ശ്രീധരൻപിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പി എസ് ശ്രീധരൻ പിള്ള. കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ നിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിന്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം. ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി. 2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–കളിയിക്കാവിള റോഡും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ, കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്. നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല. Read on deshabhimani.com