'ഇന്നെന്റെ അമ്മയ്ക്കു വേണമെങ്കിൽ അടുക്കളയിൽ താമസിക്കാം; അത്രയും നല്ലൊരു അടുക്കളയാണ്'



മലപ്പുറത്ത് വെട്ടത്തൂരിലെ സായന്തനയുടെ വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച മന്ത്രി തോമസ്‌ ഐസകിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പിൽ കുട്ടിയുടെ പ്രസംഗം കേൾക്കണമെന്ന്‌ ആവശ്യമുയർന്നിരുന്നു. ഒട്ടും വൈകിയില്ല. പരിപാടിയുടെ വീഡിയോ സംഘടിപ്പിച്ച്‌ ഫേസ്‌ബുക്കിൽ പോസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണ്‌ മന്ത്രി. എസ് സി എസ്ടി വകുപ്പിൽ നിന്ന് നാലു ലക്ഷം രൂപ അനുവദിച്ചാണ്‌ സായന്തനക്ക്‌ വീട്‌ നിർമ്മിച്ചത്‌. തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌: കഴിഞ്ഞ പോസ്റ്റിൽ സായന്തനയെ പരിചയപ്പെടുത്തിയിരുന്നല്ലോ. സായന്തനയുടെ പ്രസംഗം കേൾക്കണമെന്ന ആഗ്രഹം ഒരു സുഹൃത്ത് കമൻ്റിലൂടെ പ്രകടിപ്പിച്ചിരുന്നു. ആ പ്രസംഗം ചുവടെയുണ്ട്. "സത്യം പറഞ്ഞു കഴിഞ്ഞാൽ ഇത്രയും കാലം ഒരുപാടു സ്വപ്നങ്ങൾ നെയ്യുന്ന ഒരു ചിലന്തിയായിരുന്നു ഞാൻ. ആ വലയ്ക്കകത്ത് എത്ര സ്വപ്നങ്ങൾ നെയ്തെടുക്കുമ്പോഴും ആ ഇട്ടാവട്ടത്തിന്റെ നടുക്കുതന്നെ ഞാൻ അവസാനം എത്തിച്ചേരുമ്പോൾ എനിക്കാ വലകൾ പൊട്ടിച്ചെറിയണമെന്നുണ്ടായിരുന്നു. പക്ഷേ ഒടുക്കം എന്റെ പുസ്തകങ്ങൾ നനഞ്ഞു കരഞ്ഞ് എന്നോട് ചിതലുകൾ തിന്നു കഴിയുമ്പോൾ എന്റെ അമ്മ അടുക്കളയിൽ.. ഇന്ന് എത്രപേർ അടുക്കളയിൽ ആനന്ദത്തോടെ പാചകം ആഘോഷമാക്കുമ്പോൾ, കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന അമ്മയെ കണ്ടപ്പോൾ, ഇന്നെനിക്കെന്റെ അമ്മയ്ക്കു കൊടുക്കാൻ പറ്റുന്ന അടുക്കള, ഇന്നന്റെ അമ്മയ്ക്കു വേണമെങ്കിൽ അടുക്കളയിൽ താമസിക്കാം. അത്രയും നല്ലൊരു അടുക്കളയാണ്. ഒറ്റയ്ക്കാണെന്നു തോന്നിപ്പോകുമ്പോൾ, അല്ലെങ്കിൽ ഞാൻ തോറ്റുപോവുകയാണ്, ഇനി എനിക്ക് ഇവിടുന്ന് മുന്നോട്ടു കഴിയില്ല എന്നു തോന്നുമ്പോൾ, എനിക്കെന്റെ വീടിന്റെ മുമ്പിൽ ചെന്നു നിൽക്കാം." എന്ന ആ കുട്ടിയുടെ ഹൃദയവികാരങ്ങളുടെ തിരതള്ളൽ നിങ്ങൾക്കും ബോധ്യമാകും.   Read on deshabhimani.com

Related News