ദുരന്തങ്ങളെ പിരിവുത്സവങ്ങളാക്കുന്നവരാണ് സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തുന്നത്: കെ ടി ജലീൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഓരോ രൂപയും ദുരിതമുഖത്തെ എല്ലാ മനുഷ്യർക്കും അവർ അർഹിക്കും പ്രകാരം ലഭിക്കും. അതെങ്ങിനെ ചെലവഴിച്ചു എന്നറിയാൻ ഒരു വിവരാവകാശ അപേക്ഷ പോലും വേണ്ട. അത്രക്ക് സുതാര്യമാണ്. എന്നാൽ ദുരന്തങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ സംഘടനകളുടെ പിരിവും വിനിയോഗവും ഇങ്ങനെയല്ല. ദുരന്തങ്ങളെ പിരിവുത്സവമാക്കാൻ ഒരു സംഘടനയേയും അനുവദിക്കരുത്. ദുരന്തങ്ങളെ പിരിവുത്സവങ്ങളാക്കുന്നവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. അതിന് ചില ചാനൽ അവതാരകൾ തൊണ്ടയിട്ട് കീറി ചൂട്ടുപിടിച്ച് കൊടുക്കുകയും ചെയ്യുന്നു- കെ ടി ജലീൽ എഴുതുന്നു. ദുരന്തകാലത്തെ പിരിവൻമാരുടെ കഴുകക്കണ്ണ്!!! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഓരോ രൂപയും ദുരിതമുഖത്തെ എല്ലാ മനുഷ്യർക്കും അവരർഹിക്കും പ്രകാരം ലഭിക്കും. അതെങ്ങിനെ ചെലവഴിച്ചു എന്നറിയാൻ ഒരു വിവരാവകാശ അപേക്ഷ പോലും വേണ്ട. അത്രക്ക് സുതാര്യമാണ്. എത്ര രൂപ ആരൊക്കെ സംഭാവന നൽകി എന്നതിന് കണക്കുണ്ടാകും. അതെങ്ങിനെ ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചു എന്നതിനും വ്യക്തതയുണ്ടാകും. ഏതൊരാൾക്കും സിഎംഡിആർഎഫിൻ്റെ വെബ്സൈറ്റിൽ പോയി നോക്കിയാൽ സംശയലേശമന്യേ എല്ലാ കാര്യങ്ങളും മനസ്സിലാക്കാം. എന്നാൽ ഏതെങ്കിലും സർക്കാരേതര സംഘടനകളെയാണ് നിങ്ങൾ സംഭാവനകൾ ഏൽപ്പിക്കുന്നതെങ്കിൽ അതിൻ്റെ കണക്ക് ആര് നൽകും? ശേഖരിച്ച പണം ഏത് ഇനത്തിലൊക്കെ ചെലവിട്ടു എന്ന് എങ്ങിനെ അറിയും? ഇത്തരം സംഘടനകളുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ മതം, സമുദായം, ജാതി, രാഷ്ട്രീയം എന്നിവയെല്ലാം കടന്നുവരും, തീർച്ച. ഓരോ സംഘടനകൾക്കും ആരൊക്കെ എത്ര കൊടുത്തു എന്നോ അതിൽ നിന്ന് അവർ എത്രരൂപ ഏതൊക്കെ ഇനത്തിൽ ചെലവാക്കിയെന്നോ ഒരു വിവരാവകാശ അപേക്ഷ കൊടുത്താലും എവിടെനിന്നും കിട്ടില്ല. ദുരന്തങ്ങൾ വരുമ്പോൾ പിരിവുമായി ഇറങ്ങുന്നവർ ആരിൽ നിന്നൊക്കെ എത്രരൂപ ലഭിച്ചു എന്ന് ലോകരോട് പറയാറില്ല. മൊത്തം പിരിഞ്ഞു കിട്ടിയത് എന്നു പറഞ്ഞ് ഒരു സംഖ്യ പറയും. മൊത്തം ചെലവ് എന്നും പറഞ്ഞ് വേറൊരു സംഖ്യയും പറയും. അത് പൊതുജനങ്ങൾ വിശ്വസിക്കണം. ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ പിരിവെടുത്ത് കിട്ടുന്ന സംഖ്യ കൊണ്ട് സ്ഥലം വാങ്ങാൻ ബന്ധപ്പെട്ട സംഘടയുടെ സ്ഥലക്കച്ചവടക്കാർ മുന്നിട്ടിറങ്ങും. അതിലൊരു കമീഷൻ അവർ അടിച്ചെടുക്കും. പിന്നെ വീടുണ്ടാക്കാൻ കരാർ നൽകുക, പ്രസ്തുത സംഘടനകളുമായി അടുത്ത് പ്രവർത്തിക്കുന്ന കോൺട്രാക്ടർമാർക്കായിരിക്കും. അവർക്കും ഒരു ലാഭം പോകും. ശേഷിക്കുന്ന സംഖ്യ കൊണ്ട് സംഘടനയുടെ പത്രത്തിൻ്റെ കടം വീട്ടും. സംഘടനാ ആവശ്യത്തിനെന്ന് പറഞ്ഞ് വിലപിടിപ്പുള്ള കാറുകൾ നേതാക്കൾക്ക് യാത്ര ചെയ്യാൻ വാങ്ങും. മറ്റു ഭൗതിക സൗകര്യങ്ങൾക്കും പണം ചെലവിടും. അതോടെ എല്ലാവരും ഹാപ്പിയാകും! സത്യം കുഴിച്ചുമൂടപ്പെടും. പലരും ദുരന്തങ്ങളെ പിരിവുത്സവങ്ങളാക്കി മാറ്റാൻ വെമ്പുന്നതിൻ്റെ കാരണവും മറ്റൊന്നല്ല. ഇക്കൂട്ടരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. അതിനാണ് ചില ചാനൽ അവതാരകൾ തൊണ്ടയിട്ട് കീറി ഇത്തരം പിരിവൻമാർക്ക് ചൂട്ടുപിടിച്ച് കൊടുക്കുന്നത്. വിവിധ പാർട്ടികളും സംഘടനകളും ദുരന്തകാലത്ത് പൊതുജനങ്ങളിൽ നിന്ന് ലക്ഷങ്ങളും കോടികളുമാണ് പിരിക്കാറ്. സുനാമി ഫണ്ട്, ഗുജറാത്ത് ഫണ്ട്, ഓഖി ഫണ്ട്, മദിരാശിയിലെ വെള്ളപ്പൊക്ക ഫണ്ട്, കത്വ-ഉന്നാവോ ഫണ്ട്, പ്രളയ ഫണ്ടുകൾ എന്നിവ ഉദാഹരണം. അവയുടെ ഗതി എന്തായി എന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഇതു മനസ്സിലാക്കിയാണ് രമേശ് ചെന്നിത്തലയും, വി.എം സുധീരനും, എം.എം ഹസ്സനും അടക്കമുള്ള പ്രതിപക്ഷ നിരയിലെ പ്രമുഖർ ഒരു സംഘടനയുടെ കയ്യിലും പണം കൊടുക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവരുടെ വിഹിതം നൽകിയത്. മണ്ണിടിച്ചിലിൽ തകർന്ന റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, ഉപജീവന മാർഗ്ഗങ്ങൾ എന്നിവയടക്കം ജനങ്ങൾക്കുള്ള വീടുകൾ ഉൾപ്പടെ പൂർവ്വസ്ഥിതിയിൽ പുനർനിർമ്മിക്കണം. അതാണ് പുനരധിവാസം. അല്ലാതെ ഏതാനും വീടുകൾ വെച്ചു കൊടുക്കലല്ല. കുറച്ച് വീടുകൾ നിർമ്മിച്ച്, കൊട്ടുംകുരവയുമായി ഉൽഘാടന മഹാമഹം നടത്തലാണ് പുനരധിവാസം എന്നാണ് പല പിരിവൻമാരുടെയും ധാരണ. മുഴുവൻ മനുഷ്യർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കാര്യങ്ങൾക്കൊന്നും ഒരു സംഘടനയും ഒരു രൂപ പോലും ഇന്നോളം ചെലവഴിച്ചതായി അറിവില്ല. ഏതെങ്കിലും സംഘടനകൾ തകർന്ന സ്കുളുകൾ പുനർനിർമ്മിച്ച് കൊടുത്തിട്ടുണ്ടോ? സർക്കാർ ആശുപത്രികൾ പണിതു കൊടുത്തിട്ടുണ്ടോ? വൈദ്യുതി ലൈൻ വലിച്ചുകൊടുത്തത് അരുടെയെങ്കിലും ശ്രദ്ധയിൽ ഉണ്ടോ? ഒലിച്ചുപോയ റോഡുകളും പാലങ്ങളും നന്നാക്കിക്കൊടുത്തതിന് വല്ല തെളിവുമുണ്ടോ? ഉത്തരം ലളിതമാണ്. സർക്കാരിൻ്റെ മേൽനോട്ടത്തിലാകും ഇവയെല്ലാം നടക്കുക എന്നത് കൊണ്ട് അതിൻ്റെയെല്ലാം കണക്കുകൾ കൃത്യമായി ഉണ്ടാകും. ആർക്കും ഒരു രൂപ കമ്മീഷനോ ലാഭമോ കിട്ടില്ല. ദുരന്തകാല പിരിവൻമാൻ പിരിച്ചതിനും ചെലവാക്കിയതിനും യാതൊരു കയ്യും കണക്കും ഉണ്ടാവില്ല. പിരിച്ച പണം ദുരിതം പേറുന്ന നാനാജാതി മതസ്ഥർക്കും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെടുന്നവർക്കും പ്രയോജനപ്പെടാൻ നിങ്ങളുടെ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ നൽകുക. നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ മതക്കാർക്കും ജാതിക്കാർക്കും രാഷ്ട്രീയപ്പാർട്ടിക്കാർക്കും മാത്രമായി പരിമിതപ്പെടാനും ബോധപൂർവ്വം ബാക്കിയാക്കുന്ന തുക ഓരോ സംഘടനകൾക്കും അവരവരുടെ സംഘടനാ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്താനുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സർക്കാരേതര സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർലോഭം നൽകിക്കോളൂ. ദുരിതബാധിതരെ സഹായിക്കാനെന്ന പേരിലുള്ള ഫണ്ട് സ്വരൂപണ ശേഷം, പിരിക്കുന്ന സംഘടനകളും അതിൻ്റെ നേതാക്കളും തടിച്ച് കൊഴുക്കുന്നത് വെറുതെയല്ല. സ്ഥിരം ഇത്തരം പിരിവുകൾക്ക് മുന്നിട്ടിറങ്ങുന്ന സംഘടനകളുടെ ധനശേഷി പിരിവിന് മുമ്പും ശേഷവും എത്രയെന്ന് പരിശോധിച്ചാൽ ഏതൊരു പിഞ്ചുകുട്ടിക്കും വസ്തുത ബോദ്ധ്യമാകും. കോടികൾ സ്വരൂപിക്കും. എന്നിട്ട് പത്തോ അൻപതോ വീട് വെച്ച് കൊടുക്കും. സ്വന്തം പത്രത്തിൽ പരസ്യം നൽകി ഉൽഘാടന മാമാങ്കം നടത്തും. ആ പരസ്യത്തുകയും ദുരിതാശ്വാസ ഫണ്ടിൽ നിന്നെടുക്കും. ഒന്നും വിട്ടുപോകാതെ ഫോട്ടേയും റീൽസുമുണ്ടാക്കി പ്രചരിപ്പിക്കും. പിരിച്ചതിൻ്റെ നാലിലൊന്ന് പോലും ആ വീടുകൾക്ക് ചെലവായിട്ടുണ്ടാവില്ല. ആരെങ്കിലും കണക്ക് ചോദിച്ചാൽ അവരെ പടിയടച്ച് പിണ്ഡം വെക്കും! ദുരന്തകാലത്തെ പിരിവുകാർക്കെതിരെ ഒരു പൊതു താൽപര്യ ഹർജി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദുരന്തത്തെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ആരിൽനിന്നൊക്കെയാണ് സംഭാവന കിട്ടിയതെന്നും അതിൽ നിന്ന് ഏതൊക്കെ ഇനങ്ങളിൽ എത്രയൊക്കെ സംഖ്യയാണ് ചെലവഴിച്ചത് എന്നും കോടതികളെയെങ്കിലും ബോദ്ധ്യപ്പെടുത്തണം. ദുരന്തങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ സംഘടനകളുടെ പിരിവും വിനിയോഗവും കോടതികളുടെ മേൽനോട്ടത്തിലായാൽ നന്നാകും. പിരിച്ചെടുത്തതും ചെലവഴിച്ചതും പൊതു ഓഡിറ്റിംഗിന് വിധേയമാക്കണം. ദുരന്തങ്ങളെ പിരിവുത്സവമാക്കാൻ ഒരു സംഘടനയേയും അനുവദിക്കരുത്. Read on deshabhimani.com