തലച്ചോർ തീനികൾ
അമീബ കാരണമുള്ള മസ്‌തിഷ്‌കജ്വരം സമീപനാളുകളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. രോഗം ബാധിച്ച് 3 കുട്ടികൾ മരിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ലോകത്തിന്റെ പല ഭാഗത്തും ഈ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും പലയിടത്തും ഇത് തിരിച്ചറിയാതെ പോകുന്നുമുണ്ട്. 2016ലാണ് കേരളത്തിൽ ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഒറ്റപ്പെട്ട രീതിയിലും കാണപ്പെട്ടു. തലച്ചോർ തീനികളെന്നറിയപ്പെടുന്ന നെഗ്ലേറിയ ഫൗലേറി (Naegleria Fowleri) എന്ന അമീബിയയാണ് രോഗഹേതു. ഈ അമീബകൾ നമുക്കുചുറ്റും ധാരാളമായുണ്ട് എന്നതാണ് വസ്‌തുത. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. മനുഷ്യനെ ബാധിക്കുന്നത് വിരളവും. വൈറസുകൾ, ബാക്ടീരിയകൾ എന്നിവ പോലെ ഒരു ഏകകോശ ജീവിയാണ് അമീബ. ഇവയ്ക്ക് ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒത്തുവരികയും വൻതോതിൽ അവ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. വേനൽക്കാലത്ത് അന്തരീക്ഷത്തിലെ താപനില ഉയർന്നപ്പോൾ ജലാശയങ്ങളിൽ അമീബയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടായെന്നാണ് വിലയിരുത്തൽ. 5 മുതൽ 10 ദിവസത്തിനുള്ളിൽ അമീബ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അഞ്ചുമുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ തുടങ്ങും. സാധാരണ മസ്തിഷ്കജ്വരത്തിന്റെ (മെനിഞ്ചൈറ്റിസ്) ലക്ഷണങ്ങളാണ് കാണുക. രോഗകാരണം അമീബയാണെങ്കിൽ അതിവേഗത്തിൽ അസുഖം മൂർച്ഛിക്കും. ലക്ഷണങ്ങൾ അതിതീവ്രവുമായിരിക്കും. ഇത് മരണത്തിലേക്കും വഴിവയ്ക്കാം. രോഗം തിരിച്ചറിയാനുള്ള കാലതാമസവും കൂടുതൽ അപകടമുണ്ടാക്കും. ജലാശയങ്ങൾ ധാരാളം കുളങ്ങളും തോടുകളും കൊണ്ട് സമൃദ്ധമാണ് കേരളം. മുങ്ങിക്കുളിക്കുന്നത് പണ്ടുമുതലേ മലയാളികളുടെ ശീലവുമാണ്. നല്ലവൃത്തിയും ഒഴുക്കുമുള്ള പുഴകളിലും തോടുകളിലും മുങ്ങിക്കുളിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മലിനമായ ജലാശയങ്ങൾ അപകടകാരികളാണ്. ഒഴുക്ക്കുറഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് രോഗകാരികളായ അമീബ പതിയിരിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഇവയ്ക്ക് ജീവിക്കാൻ കൂടുതൽ സാഹചര്യമുണ്ടാകും. ഇളംചൂടുള്ള വെള്ളത്തിലാണ് അമീബകൾ സജീവമാകുകയും പെരുകുകയും ചെയ്യുന്നത്. വേനൽച്ചൂടേൽക്കുന്ന നിശ്ചല ജലാശയങ്ങളുടെ അടിത്തട്ടിലെ ചേറിൽ അമീബയുടെ സാന്നിധ്യമുണ്ടാകാം. ഇത്തരം വെള്ളക്കെട്ടുകളിലേക്ക് ഡൈവ്ചെയ്യുമ്പോഴോ നീന്തുമ്പോഴോ അതിശക്തമായി വെള്ളം മൂക്കിലൂടെ അകത്തെത്തുമ്പോൾ അമീബ ശരീരത്തിലെത്താം. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്ന സംഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. മെനിഞ്ചസ് വഴി തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് ആവരണത്തെയാണ് അമീബ ആക്രമിക്കുന്നത്. രോഗബാധയുടെ തുടക്കത്തിൽ തലച്ചോറിൽ കടുത്ത നീർവീക്കമുണ്ടാക്കും. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ചില നാഡികൾ മൂക്കിൽനിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്നുണ്ട്. ഇതുവഴിയാണ് അമീബ തലച്ചോറിലെത്തുക. എത്തിക്കഴിഞ്ഞാൽ ഇവ വളരെ പെട്ടെന്ന് പെരുകും. മസ്തിഷ്കം സംവേദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളെയാണ് അവ ‘ഭക്ഷണമാക്കു‘ന്നത്. തീവ്രമായ പനി, തലവേദന, ഓക്കാനം, ഛർദി, സ്വബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ടും വേദനയും, നടുവേദന എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. മൂർച്ഛിക്കുമ്പോൾ അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാത്ത സംസാരം എന്നിവയും ഉണ്ടാകാം. സ്വയംചികിത്സയ്ക്ക് തയ്യാറാകാതെ എത്രയുംവേഗം ആശുപത്രിയിലെത്തണം. പലരും അപസ്മാരം ഉണ്ടാകുമ്പോഴാണ് ആശുപത്രിയിലെത്തുന്നത്. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളുമുണ്ടെങ്കിൽ കൂടുതൽ വിദഗ്‌ധ ചികിത്സ തേടണം. കുളത്തിലോ മറ്റ് ജലാശത്തിലോ അടുത്തക്കാലത്ത് ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയുകയും വേണം. വിദഗ്‌ധ പരിശോധനയിലൂടെയും മറ്റും 24 മണിക്കൂറിനുള്ളിൽ രോഗം കൃത്യമായി കണ്ടെത്താനാവും. ഫംഗസുകൾക്കും മറ്റുമെതിരെ ഫലപ്രദമെന്ന് കരുതുന്ന ചില മരുന്നുകളുടെ സംയുക്തമാണ് ഇപ്പോൾ രോഗികൾക്ക് നൽകിവരുന്നത്. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകുന്നതിനൊപ്പം ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുകയുമാണ് ചെയ്യുക. ജാഗ്രത വേണം കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചൂടുകൂടുതലുള്ള സമയങ്ങളിൽ. ശരിയായി ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിങ്പൂളുകളിലും അമീബയുടെ സാന്നിധ്യമുണ്ടാകാം. ഒഴുകുന്ന വെള്ളത്തിൽ ഈ അമീബയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും പാറയിടുക്കുകളിലും മറ്റും നിശ്ചലമായി കിടക്കുന്ന വെള്ളം ഒഴിവാക്കണം. വെള്ളത്തിലിറങ്ങിയാൽ വെള്ളം കലങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മൂക്കിലൂടെ വെള്ളം അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലും വേണം. നീന്തുമ്പോൾ മൂക്ക് വെള്ളത്തിൽ ഉയർത്തിപ്പിടിക്കുകയോ നോസ് പ്ലഗുകൾ ഉപയോഗിക്കുകയോ ചെയ്യാം. ഉപ്പുവെള്ളമായതിനാൽ സമുദ്രജലത്തിൽ ഈ അമീബകൾക്ക് നിലനിൽക്കാനാവില്ല. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗബാധ കൂടുതലായി കാണുക. ഈ രോഗത്തെ പറ്റി കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. (കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ന്യൂറോളജി ആൻഡ് എപിലെപ്‌സി മാനേജ്മെന്റ് കൺസൽട്ടന്റാണ് ലേഖകൻ) Read on deshabhimani.com