സന്ധിവാതരോഗങ്ങൾ - ആയുർവേദ വീക്ഷണത്തിൽ



ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന വളരെ സാധാരണവും പലപ്പോഴും ദുർബലപ്പെടുത്തുന്നതുമായ അവസ്ഥയാണ് സന്ധിവേദന. ചില ചലനങ്ങളിലോ പ്രവർത്തനങ്ങളിലോ സന്ധികളിലെ വേദന നേരിയ അസ്വസ്ഥത മുതൽ കഠിനമായ വേദന വരെ ആയി പ്രകടമാകും. ആയുർവേദ ശാസ്ത്രപ്രകാരം തണുപ്പ്, വരൾച്ച, പരുക്കൻ സ്വഭാവം എന്നീ പ്രത്യേകതകൾ കാരണം വാതദോഷം സന്ധിരോഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വരൾച്ചയും തണുപ്പും അമിതമായ ഉപയോഗവും വാതത്തിന്റെ വിനാശകരമായ സ്വഭാവത്തെ വർദ്ധിപ്പിക്കുന്നു. പ്രായമായവർക്ക് പേശികളുടെ ബലവും സന്ധികളുടെ വഴക്കവും കുറയുന്നതിനാൽ വാർദ്ധക്യം സന്ധിരോഗങ്ങളെ സങ്കീർണ്ണമാക്കുന്നു. അസന്തുലിതവും കുപിതവുമായ വാതദോഷം ദുർബലമായ സന്ധികളെ സാരമായി ബാധിക്കും. ഇത് സന്ധികളുടെ വേദനയ്ക്കും കാഠിന്യത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നതോടൊപ്പം സന്ധികളെ മസൃണമാക്കുന്ന സൈനോവിയൽ ദ്രാവകത്തിന്റെ ഉത്പ്പാദനത്തെയും പ്രവർത്തനത്തെയും ബാധിച്ചു സ്ഥിതി ഗുരുതരമാക്കുന്നു. കൂടാതെ, തണുത്ത കാലാവസ്ഥയിൽ രക്തക്കുഴലുകളുടെ സങ്കോചവും രക്തചംക്രമണം കുറയുന്നതും സന്ധികളിലേക്കും പേശികളിലേക്കുമുള്ള അവശ്യ പോഷകങ്ങളുടെയും ഓക്സിജൻ്റെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു. സന്ധികളിലും പേശികളിലും നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നീർക്കെട്ട് അഥവാ ഇൻഫ്ളമേഷനു കാരണമാകുന്നു. കാലാവസ്ഥാ മാറ്റങ്ങൾ രോഗലക്ഷണങ്ങളെ തീവ്രമാക്കും. തെറ്റായ ജീവിത ശൈലിയുടെയും പാരിസ്ഥിതിക ഘടകങ്ങളുടെയും വാതദോഷത്തിന്റെ ഗുണങ്ങളുടെയും സംയോജനം, സന്ധിവാതരോഗങ്ങളുടെ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. കേരളത്തിൽ സന്ധിവാതരോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണവും മറ്റൊന്നല്ല. വിവിധതരം സന്ധിവാതങ്ങളും രോഗലക്ഷണങ്ങളും സന്ധിവാത രോഗങ്ങൾക്ക് പൊതുവായ കാരണങ്ങളായിക്കാണുന്നതു സന്ധിയുടെ അമിതമായ ഉപയോഗത്താലുണ്ടാകുന്ന തേയ്മാനവാതം (ഓസ്റ്റിയോ ആർത്രൈറ്റിസ്), തേയ്മാനമല്ലാത്ത കാരണങ്ങളാലുണ്ടാകുന്ന ആമവാതം (റൂമറ്റോയ്ഡ്ആർത്രൈറ്റിസ്, ഗൗട്ട്, ലൂപസ്, സോറിയാറ്റിക് ആർത്രൈറ്റിസ് തുടങ്ങിയവ) സന്ധികളുടെ അനുബന്ധ ഘടകങ്ങളായ പേശികൾ, തന്തുക്കൾ തുടങ്ങിയവയിലുണ്ടാകുന്ന നീർക്കെട്ട് (സോഫ്റ്റ് ടിഷ്യു റുമാറ്റിസം) എന്നിവയാണ്.   വേദന, നീർക്കെട്ട്, ചലനത്തിനുണ്ടാകുന്ന തടസ്സങ്ങൾ, ബലക്ഷയം, സന്ധികളുടെ മുകളിലുണ്ടാകുന്ന നിറംമാറ്റം, തൊടാൻകഴിയാത്ത രീതിയിലുള്ള വേദന തുടങ്ങിയ പ്രധാന ലക്ഷണങ്ങളാണ് സന്ധിവാതത്തിലുണ്ടാകുക. ലക്ഷണങ്ങൾ സമാനമാണെങ്കിലും രോഗിയുടേയും രോഗലക്ഷണങ്ങളുടെയും വിശദാംശങ്ങൾ മനസ്സിലാക്കുന്നതിലൂടെ ഡോക്ടർക്ക് വിവിധതരം സന്ധിവാതങ്ങളെ തിരിച്ചറിയാൻ സാധിക്കും.   ഉപോൽബലകമായി വിവിധതരം രക്തപരിശോധനകളും, എക്സ്റേ, സ്‌കാനിങ് തുടങ്ങിയ രോഗനിർണയ ഉപാധികളും ആവശ്യാനുസരണം രോഗനിര്ണയത്തിനായും ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നതിനായും ഉപയോഗിക്കാറുണ്ട്.   സന്ധിവേദനകൾക്ക് ആയുർവേദ പരിഹാരമാർഗങ്ങൾ സന്ധികളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്തുന്നതിനും ശരീരത്തിൻ്റെ ദോഷങ്ങളെ സന്തുലിതമാക്കുന്നതിനും ആവശ്യമായ ചികിത്സാ, ജീവിതരീതികൾ ആയുർവേദം നിർദേശിച്ചിട്ടുണ്ട്.സന്ധിരോഗങ്ങൾക്കായുള്ള ആയുർവേദ ചികിത്സയുടെ അടിസ്ഥാനതത്വം ദോഷ സമവായീകരണമാണ്. അതായതു ദോഷങ്ങളുടെ, പ്രത്യേകിച്ചു വാതദോഷത്തിന്റെ ഉൽക്ലേശത്തെ നിയന്ത്രിക്കുന്നതിലൂടെ പ്രധാന സന്ധിരോഗങ്ങളെ ഫലപ്രദമായി ചികിതസിക്കാനാകുന്നു. ഇതിനായി ദോഷങ്ങളെ ഇളക്കി ശരീരത്തിൽനിന്നും നിർഹരിക്കുന്നതിനായുള്ള പഞ്ചകർമ്മ ചികിത്സ, മരുന്നുകൾ ഉപയോഗിച്ചു ദോഷശമനം ചെയ്യുന്ന ശമനചികിത്സ, കൃത്യമായ ആഹാരവിഹാരങ്ങളിലൂടെ ചികിത്സയെ സഹായിക്കുന്ന പഥ്യക്രമങ്ങൾ എന്നീ മാർഗങ്ങൾ ആയുർവ്വേദം വിവരിക്കുന്നു.   പഞ്ചകർമ്മ ചികിത്സ വിരേചനം, വമനം, കഷായ വസ്തി, സ്നേഹ വസ്തി, നസ്യം എന്നിവയാണ് ആയുർവേദ ചികിത്സയിലെ പഞ്ചകർമ്മങ്ങൾ. അഭ്യംഗം എന്നറിയപ്പെടുന്ന ഓയിൽ മസ്സാജ് , തുടർന്നുള്ള സ്വേദനത്തിനായി സ്റ്റീം ബാത്ത്, അല്ലെങ്കിൽ ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, നാരങ്ങാക്കിഴി തുടങ്ങിയ വിവിധതരം കിഴികളാൽ വിയർപ്പിച്ചു, രോഗിയെ പഞ്ചകർമ്മ ചികിത്സയ്ക്കായി തയ്യാറെടുപ്പിക്കുന്നു. രോഗത്തിന്റെ തീവ്രതയ്ക്കനുസൃതമായി ചികിത്സാ രീതികളിലും, സമയത്തിലും, ഉപയോഗിക്കുന്ന മരുന്നുകളിലും വിദഗ്ദ്ധരായ ഡോക്ടർമാർ അന്തിമതീരുമാനമെടുക്കുന്നു. ശേഷം ശരിയായ കാലത്തിൽ അനുയോജ്യമായ മരുന്നുകൾ ഉപയോഗിച്ച് നടത്തുന്ന പഞ്ചകർമ്മ എന്നറിയപ്പെടുന്ന ജൈവ ശുദ്ധീകരണ പ്രക്രിയകളിലൂടെ, ശരീരത്തിലെ വിഷസഞ്ചയത്താൽ (ആമം) തടസ്സപ്പെട്ട സ്രോതസ്സുകളെ ശുദ്ധീകരിക്കാനും തദ്വാരാ രോഗനിവൃത്തിയുണ്ടാക്കാനും സാധിക്കുന്നു.   ശമനചികിത്സ ദോഷങ്ങൾക്ക് അമിതമായി ഉൽക്ലേശം സംഭവിക്കാത്ത അവസ്ഥയിലും, ശോധനത്തിനു ശേഷം അവശേഷിക്കുന്ന ദോഷങ്ങളെ നിർഹരിക്കാനും, പഞ്ചകർമ്മങ്ങൾ നിഷിദ്ധമായ ദുർബലരായ രോഗികളിലും, രോഗങ്ങളുടെ പുനരാവിർഭാവം തടയുവാനും മരുന്നുകളുടെ ഉപയോഗം സഹായിക്കുന്നു. ചിറ്റരത്ത, അമുക്കുരം, കുറുന്തോട്ടി, ചിറ്റമൃത്, ഗുഗ്ഗുലു , കരിനൊച്ചി, അതിവിടയം, തഴുതാമ , കരിംകുറിഞ്ഞി , ദേവതാരം, ദശമൂലം തുടങ്ങിയ ചേരുവകൾ അടങ്ങിയ ആയുർവേദ ഔഷധങ്ങൾ ഇത്തരം രോഗികളിൽ ഉള്ളിലേക്ക് കഴിക്കാനും പുറമെ പുരട്ടാനുമുള്ള മരുന്നുകളായി അവസ്ഥാനുസരണം നിർദേശിക്കാറുണ്ട്.   അനുയോജ്യമായ ഭക്ഷണക്രമങ്ങൾ ഏതൊരു രോഗത്തിന്റെ ചികിത്സയിലും അനുയോജ്യമായ ആഹാരരീതിയും ജീവിതശൈലിയും പിന്തുടരേണ്ടത് ചികിത്സയെ പിന്തുണയ്ക്കുന്നതിനോടൊപ്പം രോഗം വീണ്ടുമുണ്ടാകാതിരിക്കുവാനും സഹായകമാണ്.പഴങ്ങൾ, പച്ചക്കറികൾ, ഒമേഗ-3 കൊഴുപ്പുകൾ, ധാന്യങ്ങൾ, എണ്ണമയമുള്ള മത്സ്യം, വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ആഹാരങ്ങൾ, ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ ഔഷധഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം, വാതരോഗികളിൽ രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സന്ധി വീക്കം കുറയ്ക്കുന്നതിനും ഉപകാരപ്രദമാണ്.   ലഘുവായ, ചൂടോടുകൂടിയ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ, പച്ചക്കറികൾ, സൂപ്പ്, ഹെർബൽ ടീ എന്നിവ വാതരോഗികൾക്ക് അനുയോജ്യമാണ്. ദഹനത്തിനു പ്രയാസമുള്ളതും അമിതമായി തണുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ ഇഞ്ചി, മഞ്ഞൾ, കുരുമുളക് തുടങ്ങിയ ഔഷഗുണങ്ങളോടുകൂടിയ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുക. ഇവ ദഹനത്തെ ഉത്തേജിപ്പിക്കാനും സന്ധി വേദന ഒഴിവാക്കാനും വീക്കം കുറയ്ക്കാനുംസഹായിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുക, ഇത് സന്ധികളുടെ കാഠിന്യം കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.   കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ എല്ലുകളുടെയും പേശികളുടെയും ബലത്തിന് അത്യന്താപേക്ഷിതമാണ്, പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ, മത്സ്യവിഭവങ്ങൾ എന്നിവയിൽ കാൽസ്യം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. മത്സ്യ എണ്ണ, മാംസം, മുട്ട, ധാന്യങ്ങൾ, സോയ ഉത്പന്നങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി, കാൽസ്യം ആഗിരണം സുഗമമാക്കുന്നു.   റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിച്ച ആളുകൾ പലപ്പോഴും ക്ഷീണത്തെക്കുറിച്ച് പരാതിപ്പെടുന്നു. ക്ഷീണത്തെ നേരിടാൻ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളായ മാംസം, കടല, ഇലക്കറികൾ, മുട്ട, ബീൻസ്, പയർ എന്നിവ കഴിക്കണം. ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്നതിന്, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണത്തോടൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാൻ നിർദ്ദേശിക്കുന്നു. തവിടോടുകൂടിയ ധാന്യങ്ങൾ ശീലമാക്കുക. അവയിലടങ്ങിയിരിക്കുന്ന സെലീനിയം നീർക്കെട്ടു കുറയ്ക്കാനും ഇൻഫ്ളമേഷൻ സൂചിപ്പിക്കുന്ന രക്തത്തിലെ ഘടകമായ സി-റിയാക്ടീവ് പ്രോട്ടീൻ (സിആർപി) അളവ് നിയന്ത്രിക്കാനും ഉത്തമമാണ്. ധാന്യങ്ങളിലടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പിനു വേഗത്തിൽ തൃപ്തി വരുത്തുകയും അങ്ങനെ ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കുന്നതുവഴി സന്ധികൾക്കു താങ്ങാവുകയും ചെയ്യുന്നു. ആരോഗ്യകരമായ ജീവിത ശൈലി പതിവായുള്ള വ്യായാമം പേശികളെയും സന്ധികളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അമിതഭാരം സന്ധികളെ പ്രതികൂലമായി ബാധിക്കും. ദൈനംദിന വ്യായാമം ഭാരം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്തുന്നു.   ഭാരങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യായാമരീതികൾ പേശീകലകളുടെ നിർമാണത്തിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. നീന്തൽ, സൈക്ലിംഗ് തുടങ്ങിയ ലോ-ഇംപാക്ട് എയറോബിക്സ് വ്യായാമങ്ങൾ ജോയിൻ്റ് സ്ട്രെയിൻ ഇല്ലാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുതകുന്നവയാണ്. യോഗപോലുള്ള ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ സന്ധികളുടേയും പേശികളുടേയും ചലന പരിധി വർദ്ധിപ്പിക്കുകയും പരിക്കിൻ്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശരിയായ വ്യായാമരീതി ശരീരത്തെ സുരക്ഷിതമാക്കുമെന്നത് പോലെത്തന്നെ തെറ്റായ വ്യായാമങ്ങൾ രോഗകാഠിന്യം വർധിപ്പിക്കാനും സാധ്യതയുള്ളതിനാൽ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതുണ്ട്.   മതിയായ ഉറക്കം ലഭിക്കുന്നത് പ്രധാനമാണ്. ഉറങ്ങുമ്പോൾ ശരീരം കേടുവന്ന ശരീരകോശങ്ങളെ നന്നാക്കുകയും പുതിയ കലകളെ നിർമ്മിക്കുകയും ചെയ്യുന്നു. ആരോഗ്യത്തെ പുനഃസ്ഥാപിക്കാനും രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനും മതിയായ വിശ്രമവേളകൾ ആവശ്യമാണ്. അതുവഴി സന്ധികളിൽ ഉന്മേഷവും ആരോഗ്യവും അനുഭവപ്പെടും.   ധ്യാനം, ശ്വസന വ്യായാമങ്ങൾ, ആകർഷകമായ ഹോബികൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി സ്ട്രെസ് കുറയ്ക്കുന്നതു വാതരോഗികളിൽ പേശികളുടേയും സന്ധികളുടേയും വേദനയും വീക്കവും ലഘൂകരിക്കാൻ സഹായകമാണ്.ശരീരത്തിൻ്റെയും മനസ്സിൻ്റെയും സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സന്ധിവാതം ചികിത്സിക്കുന്നതിനുള്ള സമഗ്രവും വ്യക്തിഗതവുമായ സമീപനമാണ് ആയുർവേദം മുന്നോട്ടുവയ്ക്കുന്നത്. പഞ്ചകർമ്മം, ഔഷധങ്ങൾ, ഭക്ഷണക്രമത്തിലെ ക്രമീകരണങ്ങൾ, ജീവിതശൈലി പരിഷ്‌ക്കരണങ്ങൾ എന്നിവ സംയോജിപ്പിച്ച്, രോഗത്തിന്റെ മൂലകാരണങ്ങളെ ഉന്മൂലനം ചെയ്യാൻ ആയുർവേദം ലക്ഷ്യമിടുന്നു. അങ്ങനെ സന്തോഷകരമായ ജീവിതം നയിക്കുന്നതിനായി രോഗിയെ പ്രാപ്തമാക്കുന്നു. p { line-height: 115%; text-align: left; orphans: 2; widows: 2; margin-bottom: 0.25cm; direction: ltr; background: transparent } Read on deshabhimani.com

Related News