സ്താനാർബുദം ആർക്കും പ്രതീക്ഷിക്കാം... പക്ഷേ പ്രതിരോധിക്കാവുന്നതേ ഉള്ളു



ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സ്താനാർബുദം മൂലമുള്ള മരണം ഒരു ശതമാനം മുതൽ മൂന്ന് ശതമാനം വരെയാണ്. 20 വയസിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുള്ളൂ. 0.5 ശതമാനം പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രെസ്റ്റ് കാൻസറിന്റെ തന്നെ അഞ്ചു ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു. കാൻസറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മാസം കാൻസർ മാസമായി ഡബ്ലുഎച്ച്ഒ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാൻസർ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാർബുദം തുടക്കത്തിൽ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാദ്ധ്യത കൂടുന്നു. ഈ വർഷത്തെ സ്തനാർബുദ അവബോധ മാസത്തിന്റെ വിഷയം 'ആരും സ്തനാർബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല' എന്നാണ്. പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അർബുദം പിടിപെടുന്നത്, നിരവധി ജീവിത സാഹചര്യങ്ങളും ചില ജനിതക കാരണങ്ങളും ആണ് കാൻസർ ഉണ്ടാക്കുന്നത്. കാരണങ്ങളം നമ്മുക്ക് രണ്ടായി തരം തിരിക്കാം. പ്രതിരോധിക്കാവുന്നത് (Preventable) അമിതമായി ശരീരത്തിൽ അടിയുന്ന കൊഴുപ്പിൽ നിന്ന് estradiol എന്ന ഹോർമോൺ ഉണ്ടാകുന്നു. ഇത് മാറിലെ കാൻസറിന് കാരണമായേക്കാം. എന്നാൽ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സമൂഹത്തിൽ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മർദ്ദവും വിവിധതരം കാൻസറിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ്, ആഹാരത്തിന് നിറവും രുചിയും നൽകുന്ന കെമിക്കൽസ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപോയോഗം, പാൻമാസാല തുടങ്ങി ധാരാളം കാരണങ്ങൾ മുഖേന പലവിധത്തിലുള്ള കാൻസർ രോഗങ്ങളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. പ്രതിരോധിക്കാൻ സാധിക്കാത്തത് (Non Preventable) പ്രതിരോധിക്കാൻ കഴിയാത്ത കാരണങ്ങൾ എന്നു പറയുമ്പോൾ, ജനിതകമായ കാരണങ്ങൾ ആണ്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 5 ശതമാനം പുരുഷന്മാരിലും കാണുന്നു. ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആർക്കും എപ്പോൾ വേണമെങ്കിലും കാൻസർ രോഗം ഉണ്ടാകാം. അതിനാൽ കാൻസറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്. സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാർബുദം തുടക്കത്തിൽ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാദ്ധ്യത കൂടുന്നു. സ്തനാർബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാൽ നൂറു ശതമാനം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എല്ലാതരം കാൻസർ രോഗങ്ങളും ആരംഭ ദിശയിൽ അറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ചില ലക്ഷണങ്ങൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാൻസർ വരാനും ഉയർന്ന സ്റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ട്. മാറിടങ്ങളിലെ കാൻസർ തുടക്കത്തിലേ കണ്ടുപിടിക്കാൻ, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവർത്തികമാക്കണം. സ്വയം പരിശോധന എപ്പോൾ?   കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം. എങ്ങനെ?   കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്. കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ തുടക്കത്തിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം. മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു സർജറിയിലെ ഡോക്ടറെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജനിതക കാരണങ്ങളാൽ സ്തനാർബുദം വരാനുള്ള സാധ്യത BRCA1, BRCA2 എന്നീ ജീൻ (Gene) പരിശോധനയിലൂടെ ഒരു പരിധി വരെ നിർണ്ണയിക്കാൻ സാധിക്കും. വേദന രഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്തുന്നത്തിലേയ്ക്കാണ് ഇത്തരത്തിലുള്ള അവബോധ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നതും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും. ആരംഭത്തിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ നൂറു ശതമാനം ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടു പിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. ഇത്തരം രോഗികളിൽ ആയുർ ദൈർഘ്യത്തിന് ബ്രസ്റ്റ് കാൻസർ മുഖേന പരിമിതി ഇല്ല. എന്നാൽ നാല്, അഞ്ച് സ്റ്റേജിൽ കണ്ടു പിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ചു മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം. ആരംഭത്തിലേ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ എന്തെല്ലാം എന്ന് നോക്കാം... · മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും. · റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും. · കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും. നിലവിൽ മാറിടങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ചികിത്സ കൂടുതലായി ചെയ്തു വരുന്നു. എന്നാൽ അസുഖത്തിന്റെ ഘട്ടം (Stage) അനുസരിച്ച് ആയുർ ദൈർഖ്യത്തിൽ മാറ്റം വരുന്നില്ല. അതായത് ഒന്ന്, രണ്ട് ഘട്ടത്തിൽ ഉള്ളവർക്ക് നൂറു ശതമാനം ചികിത്സിച്ച് ഭേദമാക്കാം, മൂന്ന്, നാല് ഘട്ടത്തിൽ ആയുർദൈർഘ്യം പരിമിതമായിരിക്കും. രോഗനിർണ്ണയം സങ്കീർണ്ണമല്ല ക്ലിനിക്കൽ എക്സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന ആണ് പ്രാധമിക പരിശോധന. പിന്നീട് റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എംആർഐ സ്റ്റഡി അല്ലെങ്കിൽ CT Breast ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു. Tissue diagnosis അഥവാ മുഴയുടെ അൽപം എടുത്തുള്ള പരിശോധന. ഇതിന് എഫ് എൻ എ സി (ഫൈൻ നീഡിൽ ഉപയോഗിച്ച്) Core biopsy, Incision biopsy, Excision biospy, മുതലായവയാണ് രോഗനിർണ്ണയ മാർഗ്ഗങ്ങൾ. രോഗനിർണ്ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏൽപ്പിക്കുന്ന ഒരു രോഗമാണ് കാൻസർ. രോഗം മൂർച്ഛിക്കുമോയെന്ന ഭയം ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്. സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങൾ സർക്കാർ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാർത്ഥം നിത്യ തൊഴിലിൽ നിന്ന് മാറി നിൽക്കേണ്ടി വന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോൾ തൊഴിൽ ലഭ്യമാകണമെന്നില്ല. സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്. രോഗികളായവർക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴിൽ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കാൻസറിനോടുള്ള സാധാരണ പ്രതികരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. മരണഭീതി, പരിശ്രയത്വം, അംഗവൈകല്യത്തെക്കുറിച്ചുള്ള പേടി, മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, ബന്ധങ്ങളിൽ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകൾ നിറവേറ്റുന്നതിലെ അപാകതകൾ, അല്ലെങ്കിൽ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകൾ എന്നിവയാണ്. ഡോക്ടറെ കാണാൻ പോകുന്ന അവസരത്തിൽ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചും തുടർ ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെ കുറിച്ചുമുള്ള സങ്കീർണമായ കാര്യങ്ങൾ ഡോക്ടർ വിശദീകരിക്കുമ്പോൾ വ്യക്തമായി മനസ്സിലാക്കാനും അതുവഴി അനുയോജ്യമായ തീരുമാനമെടുക്കാനും ഈ സാനിധ്യം ഉപകരിക്കും. സങ്കടവും ആശങ്കയും ഉറക്കക്കുറവും സാധാരണയായി കാൻസർ സ്ഥിരീകരിക്കുന്ന രോഗികളിൽ കണ്ടുവരാറുണ്ട്. എങ്കിലും രണ്ട് ആഴ്ചയിൽ കൂടുതൽ അത് നിൽക്കുന്നു എങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.എല്ലാ സമയത്തും തുടർന്നുപോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താത്പര്യം ഉണ്ടായിരുന്ന കാര്യങ്ങളിൽ താൽപര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യ ചിന്തകൾ എന്നിവ കാണുകയാണെങ്കിൽ ഒരു മാനസിക  രോഗ വിദഗ്ധന്റെ സഹായം ലഭ്യമാക്കേണ്ടതാണ്. കാൻസർ രോഗികളിലും വിഷാദം തന്നെയാണ് ആത്മഹത്യയുടെ പ്രധാന കാരണം. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നൽകേണ്ടതാണ്. കാൻസർ രോഗം കണ്ടെത്തി കഴിഞ്ഞ് ആദ്യത്തെ ആഴ്ച ആത്മഹത്യ ചെയ്യാനുള്ള സാധ്യത കാൻസർ രോഗമില്ലാത്തവരെ അപേക്ഷിച്ച് 12.6 മടങ്ങാണ്. ആദ്യവർഷം ഇത് 3.1 മടങ്ങാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കാൻസർ ചികിത്സയോടൊപ്പം തന്നെ രോഗികൾക്കും കുടുംബത്തിനും സാമൂഹികമായ പിന്തുണ, രോഗിക്ക് കുടുംബാംഗങ്ങളുടെ പരിഗണന, അനുയോജ്യമായ തൊഴിൽ ലഭ്യത, സാമ്പത്തിക ഭദ്രത, ഒറ്റപ്പെടലിൽ നിന്നുള്ള മോചനം, മാനസിക ചികിത്സ എന്നിവ കൂടി ലഭ്യമാകാൻ നമുക്ക് കഴിയണം. ചികിത്സ കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, മാറ്റം ചെയ്ത ഭാഗം Histopathologic Examination-നു ശേഷം ആവശ്യമായ റേഡിയേഷൻ, കീമോതെറാപ്പി എന്നിവ നൽകുക. ബ്രസ്റ്റ് കാൻസറിന്റെ ചികിത്സ ഒരു ടീം വർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് സൈകാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദം അനുഭവപ്പെടുന്നവർക്ക് സൈകാട്രിസ്റ്റിന്റെ (Psychiatrist) സേവനം ഉറപ്പുവരുത്തേണ്ടതാണ്.   Read on deshabhimani.com

Related News