മാനസികസമ്മർദവും ഒക്യുപ്പേഷണൽ തെറാപ്പിയും



അമിത ജോലിഭാരം കാരണം മാനസികമായും വൈകാരികമായും വ്യക്തികൾക്ക്‌ അനുഭവപ്പെടുന്ന മടുപ്പും വെറുപ്പും ഇന്ന്‌  വലിയൊരു പ്രശ്നമാണ്. വീണ്ടും സമ്മർദം പിടിമുറുക്കുമ്പോൾ ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഉണ്ടാകും. എല്ലാതരത്തിലുള്ള മാനസിക സമ്മർദങ്ങൾക്കും ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം ഒക്യുപ്പേഷണൽ തെറാപ്പിയിലുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ശാരീരിക പ്രശ്നങ്ങളോ വൈകല്യങ്ങളോ ഉള്ളവർക്ക്‌ മാത്രമുള്ളതാണ്‌ ഒക്യുപ്പേഷണൽ തെറാപ്പിയെന്ന ചിന്തയാണ്‌ മിക്കവർക്കും. ഒക്ടോബർ 27 ആഗോള ഒക്യുപ്പേഷണൽ തെറാപ്പിദിനമാണ്. ലക്ഷണങ്ങൾ ഒരു ദിവസം പതിവിലും കൂടുതൽ ജോലിചെയ്തതു കൊണ്ടോ ഒറ്റരാത്രി കൊണ്ടോ സംഭവിക്കുന്ന ഒന്നല്ല സ്ട്രെസ്. കാലാകാലങ്ങളായി തുടർന്നുവരുന്ന സ്ട്രെസ് ഒരാളെ അടിമുടി മാറ്റും. മനസ്സിനെമാത്രമല്ല, ശരീരത്തെയും അത് പിടിച്ചുലയ്ക്കും. എപ്പോഴും ക്ഷീണം തോന്നും. എത്ര ഉറങ്ങിയാലും വിശ്രമിച്ചാലും ഗുണമുണ്ടാവില്ല. ജീവിതത്തിൽ സന്തോഷമൊന്നുമില്ലെന്ന തോന്നലുണ്ടാവാം. സുഹൃത്തുക്കളിൽനിന്നും സഹപ്രവർത്തകരിൽനിന്നും വിട്ടുനിൽക്കുകയും ഒറ്റപ്പെടുകയും ചെയ്യും. ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങളോടുപോലും വിരക്തിയുണ്ടാവും. ജോലിയിൽ ശ്രദ്ധിക്കുന്നതിലും ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കുന്നതിലും വീഴ്ചകൾ വരുത്തും. നിസ്സാരകാര്യങ്ങൾക്ക് ദേഷ്യപ്പെടുകയും ചെയ്യാം. അകാരണമായി ഭയവും ആകാംക്ഷയും തോന്നാം. തലവേദന, വയറുവേദന, ഉറക്കക്കുറവ്, ദുഃസ്വപ്നങ്ങൾ, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാം. അതിജീവിക്കാം ജീവിതത്തിൽ അർഥവത്തായ പ്രവർത്തനങ്ങളിൽ മുഴുകാൻ സഹായിക്കുന്ന ഒരു വൈദ്യശാസ്ത്രരംഗം–- - ഇതാണ്‌ വിശാല അർഥത്തിൽ ഒക്യുപ്പേഷണൽ തെറാപ്പി. മാനസിക സമ്മർദങ്ങളെ അതിജീവിച്ച്‌ ജീവിതത്തിന്റെ സമനില തിരികെക്കൊണ്ടുവരാൻ  ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ വ്യക്തികളെ സഹായിക്കും. ഇതുവഴി  മനസ്സിന്റെ ഭാരം കുറയ്ക്കാനും നല്ല ശീലങ്ങൾ വളർത്താനും സമ്മർദത്തിന്‌ കീഴടങ്ങാതെയിരിക്കാനുമുള്ള വഴി കണ്ടെത്താനും കഴിയും. അതിർത്തി നിർണയിക്കാം ജോലികൾ ഓഫീസിൽത്തന്നെ തീർക്കാൻ ശ്രമിക്കണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വിശ്രമിക്കാനുമുള്ള ഇടമായി വീടിനെ കാണണം. ഓഫീസിലെ ജോലികൾ ഓഫീസിൽത്തന്നെ തീർക്കാൻ സമയ വിനിയോഗം പ്രധാനമാണ്‌. ടൈം മാനേജ്മെന്റ് എങ്ങനെ കൃത്യമായി പാലിക്കാമെന്ന് ഒരു ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനോട് ചോദിച്ചുമനസ്സിലാക്കാം. മാനസികോല്ലാസത്തിനും വിശ്രമത്തിനും ജോലിക്കിടയിലും ഇടവേളകൾ കണ്ടെത്തണം. പ്രായോഗികവഴികൾ കണ്ടെത്താം മാനസികസമ്മർദം നിയന്ത്രിക്കാൻ വ്യത്യസ്തമായ പലരീതികളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ നിർദേശിക്കാറുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതരീതികൾക്ക് അനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാകും. ശ്വസനമുറകൾ, മെഡിറ്റേഷനുകൾ, യോഗ എന്നിവ അവയിൽ ചിലതാണ്. ജോലിയോടും ജീവിതത്തോടും പൊതുവായുള്ള മടുപ്പും വെറുപ്പും മാറ്റി പോസിറ്റീവായി ചിന്തിക്കണം.  ഊർജസ്വലത കൈവരിക്കാനും ശാരീരിക സമ്മർദം അകറ്റാനും നിരവധി വ്യായാമങ്ങളുമുണ്ട്. ആരോഗ്യകരമായ മാറ്റം കൊണ്ടുവരാം ജോലിചെയ്യുന്ന ഇടം ചിട്ടകളില്ലാതെ അലങ്കോലപ്പെട്ടുകിടക്കുകയാണെങ്കിൽ, ജോലിയിൽ നന്നായി ശ്രദ്ധിക്കാൻ കഴിയണമെന്നില്ല. അതുപോലെ തന്നെയാണ് നമ്മുടെ മനസ്സും. നാം ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന അന്തരീക്ഷത്തിന്റെ പ്രത്യേകതകൾകൂടി ചോദിച്ചു മനസ്സിലാക്കിയശേഷമാണ് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ പരിഹാരങ്ങൾ നിർദേശിക്കുക. എല്ലാവർക്കും ഒരേ പോംവഴികൾ പ്രയോഗികമാവില്ല. ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങളും തൊഴിൽസാഹചര്യങ്ങളുംകൂടി കണക്കിലെടുത്തുവേണം സമ്മർദങ്ങളെ നേരിടാനുള്ള വഴികൾ കണ്ടെത്തേണ്ടത്.  സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടാക്കുന്ന തൊഴിലിടം സമ്മർദമകറ്റാൻ സഹായിക്കും. (തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റാണ്‌ ലേഖകൻ) Read on deshabhimani.com

Related News