വിട്ടുമാറാതെ ക്ഷയരോഗം; പോരാടാൻ പുതിയ ഔഷധ സംയുക്ത പദ്ധതിക്ക് വഴങ്ങി ഇന്ത്യ
ക്ഷയരോഗ ചികിത്സയിൽ ആഗോളതലത്തിൽ പിന്തുടരുന്ന പുതിയ ചികിത്സാ പദ്ധതി പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗത്തിന്റെ നിരക്ക് രാജ്യത്ത് വർധിച്ചു വരുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് നീക്കം. ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ള രാജ്യമാണ് ഇന്ത്യ. റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 27 ശതമാനം കേസുകളും ഇന്ത്യയിലാണെന്ന് ആഗോള ടിബി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതു പ്രകാരം മരുന്നുകളോട് പ്രതികരിക്കാത്ത ടിബി കേസുകളിലും മുന്നിൽ ഇന്ത്യയാണ്. ഓരോ വർഷവും 1,10,000 കേസുകളാണ് ഇന്ത്യയിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ഡൽഹി, ഗുജറാത്ത്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ഏറ്റവുമധികം രോഗികളുള്ളത്. ആരോഗ്യസംവിധാനങ്ങളുടെ നിരീക്ഷണപരിധിക്കുപുറത്ത് കൂടുതൽ പേരുണ്ടാവുമെന്നും വിലയിരുത്തുന്നു. ബിപാൽ പദ്ധതിയിലെ പ്രതീക്ഷകൾ ഈ സാഹചര്യത്തിൽ മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗത്തെ നിയന്ത്രിക്കാൻ ഹ്രസ്വകാലചികിത്സാപദ്ധതി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം വന്ന് 20 മാസങ്ങൾക്കുശേഷമാണിത്. ബിപാൽ (BPaL) എന്നറിയപ്പെടുന്ന പുതിയ ചികിത്സാരീതിയിൽ Bedaquiline, Pretomanid and Linezolid എന്നീ മൂന്നു മരുന്നുകളാണുള്ളത്. ആറുമാസത്തിനുള്ളിൽ 89 ശതമാനം രോഗമുക്തിയാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ നിലവിലുള്ള ചികിത്സാരീതി 18 മാസം നീണ്ടുനിൽക്കുന്നതാണ്. 52 ശതമാനം രോഗമുക്തി മാത്രമാണ് ഇതിൽ ലഭിക്കുന്നത്. എല്ലാ MDR , XDR-TB (Multi-Drug Resistant TB, Extensively Drug Resistant TB) രോഗികൾക്കും BPaL ചികിത്സ ലഭ്യമാക്കും. ഇതിനായി ആരോഗ്യപ്രവർത്തകരുടെ പരിശീലനം ഈ മാസം തുടങ്ങും. MDR , XDR-TB രോഗികളെ കണ്ടെത്താൻ നൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് (NAAT) സൗകര്യം വ്യാപിപ്പിക്കുന്നത് പ്രധാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്ഷയരോഗനിവാരണ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടകയായ സൗമ്യ സ്വാമിനാഥൻ സാമൂഹ്യമാധ്യമപോസ്റ്റിൽ പറയുന്നു. എഴുപത് രാജ്യങ്ങൾ പരീക്ഷിച്ച മാതൃക ഏറ്റുപിടിച്ച് ഇന്ത്യ അമേരിക്കയുടെ ഭക്ഷ്യ - മരുന്ന് വിഭാഗം (US Food and Drug Administration) 2019 ലും ലോകാരോഗ്യസംഘടന 2022ലും BPaL ചികിത്സാരീതി മുന്നോട്ടുവച്ചിരുന്നു. തെക്കേ ആഫ്രിക്ക, യുക്രൈൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം ഉൾപ്പെടെ 70 രാജ്യങ്ങളിൽ നിലവിൽ ഈ BPaL നടപ്പിലാക്കി. ഇതോടെ പാകിസ്ഥാൻ, ഫിലിപ്പീൻസ്, തെക്കേ ആഫ്രിക്ക, യുക്രൈൻ എന്നീരാജ്യങ്ങളിൽ ഓരോ രോഗിയുടെയുടെയും ചികിത്സാ ചിലവുകളിൽ യഥാക്രമം 746 ഡോളർ, 478 ഡോളർ, 757 ഡോളർ, 2,636 ഡോളർ എന്നിങ്ങനെ ചിലവുകളിൽ കുറവ് രേഖപ്പെടുത്തി. ആരോഗ്യപ്രവർത്തകർ ദീർഘകാലമായി BPaL ചികിത്സാരീതി ഇന്ത്യയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. BPaL സംവിധാനം വരുന്നതോടെ ഒരുവർഷം 7,400 ലക്ഷം ഡോളർ ലാഭം ആഗോളതലത്തിലുണ്ടാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. MDR/RR-TB രോഗികളുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യയ്ക്ക് 2,500 ലക്ഷം ഡോളർ പ്രതിവർഷം നേട്ടമുണ്ടാക്കാമെന്നാണ് കരുതുന്നത്. ഭേദമാക്കാം, പക്ഷെ ചികിത്സ നിർത്തിയാൽ മാരകമാവും മൈക്കോ ബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗമുണ്ടാക്കുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തേയും ക്ഷയരോഗം ബാധിക്കാമെങ്കിലും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. രോഗം ബാധിച്ചയാൾ ചുമയ്ക്കുന്നതിലൂടെയും തുമ്മലിലൂടെയും വായുവിലാണ് രോഗാണുക്കൾ പകരുന്നത്. മുതിർന്നവരെയാണ് കൂടുതലായി ബാധിക്കാറുള്ളത് എങ്കിലും കുട്ടികളെയും ബാധിക്കാറുണ്ട്. ക്ഷയരോഗം പൂർണമായി ഭേദപ്പെടുത്താം. എന്നാൽ, നല്ല ചികിത്സ ലഭിക്കാത്തതും കൃത്യമായി ഡോസ് കഴിയുന്നതുവരെ മരുന്ന് കഴിക്കാത്തതും, ശരിയായ ഇടവേളകളിൽ കഴിക്കാത്തതും മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തിന് കാരണമാകുന്നു. ഗ്രാമങ്ങളെ കാർന്നു തിന്നുന്ന രോഗം ഇന്ത്യയിലെ ഗ്രാമങ്ങളിലാണ് ക്ഷയരോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന് ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട് (2019-2021) വ്യക്തമാക്കുന്നു. വൃത്തിയില്ലാത്ത ജീവിതസാഹചര്യങ്ങളും, ഒരു റൂമിൽത്തന്നെ ഒരുപാട് പേർ തിങ്ങിക്കിടക്കേണ്ടിവരുന്നതും, പുകയടുപ്പുകളും, പാചകം ചെയ്യുന്ന അതേ മുറിയിൽ തന്നെ ഉറങ്ങേണ്ടി വരുന്നതും ക്ഷയരോഗ സാധ്യത വർധിപ്പിക്കുന്നു. രോഗത്തെക്കുറിച്ച് തെറ്റിദ്ധാരണകളും അവബോധമില്ലായ്മയും ഇന്നും വലിയ പ്രശ്നമാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിൽ രോഗാണുക്കൾ പകരുമെന്ന് അറിയാത്തവർ ഏറെയാണ്. രോഗം സ്ഥിരീകരിക്കപ്പെട്ടവർ അത് മറച്ചുവയ്ക്കുന്ന കേസുകൾ വലിയ വെല്ലുവിളിയാണ്. കൃത്യമായി മരുന്ന് കഴിക്കണമെന്നോ, രോഗത്തിന് താല്കാലിക ആശ്വാസം ലഭിച്ചാലും ഡോസ് കഴിയുന്നതുവരെ മരുന്ന് കഴിക്കണമെന്നോ അറിയാത്തതാണ് രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി. Read on deshabhimani.com