അസ്ഥിക്ഷയത്തെ സൂക്ഷിക്കണം
മുതിർന്നവരിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വ്യത്യാസങ്ങൾ മൂലവും പ്രായമേറുന്നത് കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെയാണ് ഓസ്റ്റിയോപൊറോസിസെന്ന് അറിയപ്പെടുന്നത്. ലോകത്ത് 200 ദശലക്ഷത്തിലധികം പേർക്ക് ഈ രോഗം ഉള്ളതായാണ് കണക്ക്. ഇന്ത്യയിലിത് 50 ദശലക്ഷവും. രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്തതിനാൽ ഇതൊരു നിശ്ശബ്ദ രോഗമാണെന്ന് പറയാം. സ്ത്രീകളിൽ ആർത്തവ വിരാമത്തിനുശേഷം രണ്ടിൽ ഒരാൾക്ക് എന്ന നിരക്കിൽ ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവുകൾ കാണാം. 55 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ലോകത്ത് പ്രതിവർഷം 37 ദശലക്ഷം ഓസ്റ്റിയോപൊറോസിസ് സംബന്ധമായ പൊട്ടലുകൾ നടക്കുന്നു. 70 വയസ്സിനുശേഷം ഇടുപ്പിലെ എല്ലുകളിൽ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. വിറ്റാമിൻ ഡിയുടെ കുറവ്, കൂടുതലായുള്ള സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം, കരൾ രോഗം, വൃക്കരോഗം തുടങ്ങിയവയെല്ലാം ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കാം. ഇത് എല്ലുകളെ ദുർബലമാക്കുകയും ചെറിയ വീഴ്ചകൾമൂലം എല്ലുകളിൽ പൊട്ടലുണ്ടാക്കുകയും ചെയ്യും. വിറ്റാമിൻ ഡി, കാൽസ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയുടെ കുറവ്, പ്രായാധിക്യം, കഫീൻ, മദ്യം, പുകവലി, ജീവിതശൈലി എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കാം. തൈറോക്‌സിൻ പോലെയുള്ള ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗവും കാരണമാണ്. അവ്യക്തമായ നടുവേദന, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞുപോവുക എന്നിവ ചില ലക്ഷണങ്ങളാണ്. സമീകൃതാഹാരം, സജീവമായ ജീവിതശൈലി, വ്യായാമം തുടങ്ങിയവ പൊതുവായ അസ്ഥി ആരോഗ്യത്തിന് അനിവാര്യമാണ്. പുകവലിയും മദ്യപാനവും ഒഴിവാക്കണം. 65 വയസ്സിനുമുകളിൽ പ്രായമുള്ള സ്ത്രീകളെയും ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വ്യക്തികളെയും പരിശോധിക്കാൻ ടെക്‌സ സ്‌കാൻ ചെയ്യാൻ ആരോഗ്യ സംഘടനകൾ ശുപാർശ ചെയ്യുന്നു. 70 വയസ്സിനുമുകളിൽ പ്രായമുള്ള എല്ലാ പുരുഷന്മാരെയും പരിശോധിക്കാൻ ശുപാർശയുണ്ട്. മികച്ച ചികിത്സാ, പ്രതിരോധ സംവിധാനങ്ങൾ ഉള്ളതിനാൽ ആശങ്ക വേണ്ടതില്ല. രോഗത്തെപ്പറ്റിയുള്ള അവബോധവും കൃത്യമായ പരിശോധനയുമാണ് വേണ്ടത്. (തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ ഓർത്തോപീഡിക് സർജറി സീനിയർ കൺസൽട്ടന്റാണ് ലേഖകൻ) Read on deshabhimani.com