തെന്നും മറിയും ഇത്‌ ജലപാളി പ്രവർത്തനം



വാഹനം ഓടിക്കുമ്പോൾ എല്ലാ നിയന്ത്രണവും ഡ്രൈവറുടെ പക്കൽ തന്നെയെങ്കിലും ടയറും റോഡും തമ്മിലുള്ള ഘർഷണം പ്രധാന ഘടകമാണ്. മഴയുള്ളപ്പോൾ പ്രത്യേകിച്ചും. മഴക്കാലത്ത്‌ വാഹനത്തിന്റെ ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു നേർത്ത പാളി ഉണ്ടാകുന്നതിനെയാണ്‌ ജലപാളി അല്ലെങ്കിൽ അക്വാപ്ലെയിനിങ് (Aquaplaning) എന്നുപറയുന്നത്‌. മഴക്കാലത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ ഈ പ്രതിഭാസത്തിന് വലിയ പങ്കുണ്ട്. മഴ പെയ്യുമ്പോൾ റോഡിൽ വെള്ളത്തിന്റെ ഒരു നേർത്ത പാളി രൂപം കൊള്ളും. അത് ഒഴിവാക്കുന്നതിനാണ്‌ ടയറുകളിൽ ചെറിയ ചാലുകൾ പോലെയുള്ള ഭാഗങ്ങളുള്ളത്‌. അതിലൂടെ വെള്ളം ‘പമ്പ് ചെയ്തുകളഞ്ഞ്‌’ ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തുന്നു. എന്നാൽ, വണ്ടിയുടെ വേഗം കൂടുമ്പോൾ ഈ ചാലുകൾക്കിടയിൽ പെടുന്ന വെള്ളം പമ്പ് ചെയ്തുകളയാനുള്ള സമയം ലഭിക്കാത്തതിനാൽ അവ അവിടെ കെട്ടിനിൽക്കുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതിനാൽ ടയർ റോഡിൽനിന്ന്‌ അൽപ്പം വിട്ടുമാറി നിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ടയറിന്റെയും റോഡിന്റെയും ഭൗതികമായ ബന്ധം വിഛേദിക്കുന്ന പ്രതിഭാസമാണ്‌ ജലപാളി പ്രവർത്തനം. വാഹനത്തിന്റെ വേഗത വർധിക്കുമ്പോൾ അക്വാപ്ലെയിനിങ് സാധ്യതയും വർധിക്കുന്നു. തേയ്‌മാനം സംഭവിച്ച ടയറുകളുടെ ചാലുകളുടെ കനം കുറവായതിനാൽ പമ്പിങ്ങിന്റെ വേഗത കുറയുകയും അതുവഴി വെള്ളത്തിന്റെ പാളി നിലനിൽക്കുകയും ചെയ്യും. ഇതും വാഹനം തെന്നിമാറാനുള്ള സാധ്യത വർധിപ്പിക്കുന്നു. പലതരം ഡൈനാമിക്‌ അക്വാപ്ലെയിനിങ്:- ടയറിന്റെ മർദവും ഓടുന്ന വാഹനത്തിന്റെ വേഗതയും മൂലമുണ്ടാകുന്ന ജലപാളീ പ്രവർത്തനമാണിത്‌. വിസ്കസ് അക്വാപ്ലെയിനിങ്: മിനുസമേറിയ പ്രതലത്തിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലവും അവിടെയുള്ള ചെളിയും മറ്റും മൂലവുമുണ്ടാകുന്ന ജലപാളീപ്രവർത്തനമാണിത്‌. ചെറുതും വലുതുമായ വേഗതയിൽ ഇത്‌ സംഭവിക്കാം. റിവേർട്ടഡ് റബർ അക്വാപ്ലെയിനിങ്: ബ്രേക്ക്‌ പിടിക്കുമ്പോൾ ചക്രം ലോക്ക് ആകുകയും അതുവഴി ടയറിന്റെ പുറംഭാഗം ചൂടാകുകയും അവിടെയുള്ള ഈർപ്പം ചക്രത്തിനും പ്രതലത്തിനുമിടയ്ക്കായി ഒരു വിടവ്‌ ഉണ്ടാക്കുകയും ചെയ്യും. ഇതുമൂലമുണ്ടാകുന്ന ജലപാളീ പ്രവർത്തനമാണ്‌ റിവേർട്ടഡ് റബർ അക്വാപ്ലെയിനിങ്.   എങ്ങനെ ഒഴിവാക്കാം ടയറിന്റെ തേയ്മാനം കൃത്യമായി ശ്രദ്ധിക്കുകയും കാലാവധി കഴിഞ്ഞ ടയർ മാറ്റുകയും ചെയ്യുക. നനഞ്ഞ പ്രതലത്തിലൂടെ വണ്ടിയോടിക്കുമ്പോൾ വേഗത കുറക്കുക. വെള്ളം കെട്ടിനിൽക്കുന്ന റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കുക. ആവശ്യമെങ്കിൽ വേഗം കുറച്ചുമാത്രം പോകുക. പെട്ടെന്നുള്ള സ്റ്റിയറിങ് ഉപയോഗവും ബ്രേക്കിങ്ങും കഴിവതും ഒഴിവാക്കുക. മുന്നിലുള്ള വാഹനങ്ങളിൽനിന്ന്‌ ആവശ്യത്തിന്‌ ദൂരം പാലിക്കുക. Read on deshabhimani.com

Related News