ഹൃദയാരോഗ്യം പ്രധാനം



പെട്ടെന്നുള്ള ഹൃദയാഘാതത്തിന്‌ ഉയർന്ന കൊളസ്ട്രോൾ, പുകവലി, രക്തസമ്മർദം, പ്രമേഹം, അരവണ്ണം കൂടുതൽ, വിഷാദം, മാനസിക സമ്മർദം, ഭക്ഷണത്തിലെ തകരാറുകൾ, വ്യായാമക്കുറവ്, മദ്യത്തിന്റെ ഉപയോഗം എന്നീ പരിഹരിക്കാവുന്ന ഒമ്പതു കാരണമുണ്ട്‌. ചെറുപ്പക്കാർക്കിടയിലെ ഫാസ്റ്റ് ഫുഡ് ശീലത്തോടൊപ്പം വ്യായാമക്കുറവ്, ജോലിസ്ഥലത്തെ സമ്മർദം എന്നിവയും ഹൃദയാഘാത കാരണമാകുന്നു. തെറ്റായ ഭക്ഷണരീതിയാണ്‌ ഏകദേശം 30 ശതമാനം ഹൃദ്‌രോഗത്തിനു കാരണം. ഹൃദയാരോഗ്യത്തിനായി ശരിയായ ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുന്നതോടൊപ്പം ഉപ്പ്, പഞ്ചസാര, ട്രാൻസ്‌ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം നന്നായി കുറയ്ക്കേണ്ടതുമുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം, പഴവർഗങ്ങൾ, നട്ട്സ് എന്നിവയ്ക്ക് മുൻതൂക്കം നൽകണം. സമീകൃതാഹാരത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളണം. ദിവസേനയുള്ള വ്യായാമം (ചുരുങ്ങിയത് 30 മിനിറ്റ്), ശരിയായ ഉറക്കം (7–-8 മണിക്കൂർ) എന്നിവ ഹൃദയാരോഗ്യത്തിന് പ്രധാനം. ഇന്ത്യയിലെ 25 ശതമാനം ഹൃദയാഘാതവും പെട്ടെന്നുണ്ടാകുന്നത് 45 വയസ്സിൽ താഴെയുള്ളവരിലാണ്. കൃത്യമായ ലക്ഷണങ്ങൾ എല്ലായ്‌പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല.    ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ 30 ഗ്രാം വേണം. മൊത്തം കൊളസ്ട്രോൾ 200 മില്ലി ഗ്രാമിൽ അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. കലോറി കുറഞ്ഞ ഭക്ഷണം (തൈര്, ചീര, മത്തിക്കറി, കാബേജ്) ഉൾപ്പെടുത്തണം. പ്രതിരോധത്തിന്‌ 4 ഘട്ടം ഹൃദയരോഗ പ്രതിരോധത്തിൽ നാലു ഘട്ടമുണ്ട്. അമിതവണ്ണം, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവ തടയാൻ പ്രാധാന്യം നൽകണം. ഹൃദ്‌രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതയുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. രോഗമുള്ളവരിൽ കൃത്യമായ ഇടപെടലിലൂടെയുള്ള ദ്വിതീയ പ്രതിരോധം സാധ്യമാണ്.   ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റ്‌, ബൈപാസ് സർജറി, പേസ്‌മേക്കറുകൾ, ഡിഫിബ്രല്ലേറ്ററുകൾ, ഇടതുവെൻട്രിക്കിൾ സഹായ ഉപകരങ്ങൾ എന്നിവയും പ്രതിരോധത്തിന്റെ അവസാനവഴിയാണ്.  പുകവലി വേണ്ട പുകയിലശീലം ഉപേക്ഷിക്കണം. വെള്ളം ധാരാളം കുടിക്കേണ്ടതുണ്ട്. ശരീരത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിക്കേണ്ടത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഇതിനായി വേഗത്തിലുള്ള നടത്തം, സൈക്കിളിങ്, നീന്തൽ, ഡാൻസിങ്‌ തുടങ്ങിയവ അവലംബിക്കാം. 40 വയസ്സ്‌ കഴിഞ്ഞ പുരുഷന്മാരും 50 വയസ്സ്‌ കഴിഞ്ഞ സ്ത്രീകളും മൂന്ന്‌– നാല്‌ മാസത്തിലൊരിക്കൽ കൊളസ്ട്രോൾ പരിശോധന നടത്തണം. സൺഫ്ലവർ ഓയിൽ, ഒലിവ് ഓയിൽ എന്നിവ ഭക്ഷണം പാചകം ചെയ്യാൻ നല്ലതാണ്.   ബേക്കറി വിഭവങ്ങളും ഇറച്ചി വിഭവങ്ങളും ഏറെ കുറയ്ക്കാം. ഞണ്ട്, ചെമ്മീൻ എന്നിവയുടെ ഉപയോഗം കൊളസ്ട്രോൾ വർധിപ്പിക്കും. ഇന്ത്യയിൽ 79 ശതമാനം പേർക്ക്‌ ഏതെങ്കിലും തരത്തിൽപ്പെട്ട  കൊളസ്ട്രോൾ രോഗമുണ്ട്. പമ്പിങ് ശേഷി കുറഞ്ഞുവന്ന് ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനാകാത്ത അവസ്ഥയാണ് ഹൃദയ പരാജയം.  ഹൃദയപേശികളുടെ ബലക്ഷയംകൊണ്ട് ഹൃദയത്തിന്റെ സങ്കോചവികാസശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാർഡിയോമയോപ്പതി.രക്തസമ്മർദത്തിനുള്ള മരുന്നുകൾ മുറയ്ക്ക് കഴിക്കാത്തവരിൽ വൃക്കയിൽ നെഫ്രോസ്‌ക്ളീറോസിസ്സ്, പക്ഷാഘാതം, രക്തക്കുഴലുകളിൽ (അന്യൂറിസം), കണ്ണുകളിൽ റെറ്റിനോപ്പതി എന്നിവയ്ക്കുള്ള സാധ്യത ഹൃദ്‌രോഗത്തിനു പുറമെ ഉണ്ടാകാം.   ആദ്യ മണിക്കൂറുകൾ പ്രധാനം      ഹൃദയാഘാതം സംഭവിച്ചുള്ള ആദ്യ മണിക്കൂർ നിർണായകമായതിനാൽ ഉടൻ മതിയായ ചികിത്സ ലഭ്യമാക്കണം. ഇത്‌ ഹൃദയപേശികൾക്കുള്ള നാശം ഒരുപരിധിവരെ പരിഹരിക്കും. സ്റ്റെന്റ്‌ ആവശ്യമായ രോഗികൾക്ക് അത്തരം സൗകര്യമുള്ള സ്ഥലത്തേക്ക് റെഫർ ചെയ്യുന്നതിനുമുമ്പ്‌ കൃത്യമായ മരുന്നുകൾ നൽകണം. പ്രമേഹ രോഗികളിൽ നിശ്ശബ്ദ ഹൃദയാഘാത സാധ്യതയുണ്ട്. ഒരിക്കൽ ഹൃദയാഘാത ചികിത്സ കഴിഞ്ഞവർ കൂടുതൽ ജാഗ്രത പുലർത്തണം. ആൻജിയോഗ്രാം പരിശോധനയിലൂടെ കൊറോണറി രക്തക്കുഴൽ ചുരുങ്ങിയിട്ടുണ്ടോ എന്നറിയാനാകും. പ്രമേഹ രോഗികൾക്കും ട്രിപ്പിൾ വെസ്സൽ രോഗികൾക്കും കൊറോണറി ആർട്ടറി ബൈപാസ്‌ ഗ്രാഫ്റ്റ് ആവശ്യമായി വരാറുണ്ട്. പ്രമേഹമുള്ളവരും ഹൃദയാഘാത സാധ്യതയുള്ളവരും ഹൃദയാഘാത ലക്ഷണങ്ങൾ അവഗണിക്കരുത്.  (തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ജനറൽ മെഡിസിൻ വിഭാഗം അസി. പ്രൊഫസറാണ് ലേഖകൻ) Read on deshabhimani.com

Related News