ഡ്രമ്മർ ജിനോ കെ ജോസ്‌ അന്തരിച്ചു



 കൊച്ചി > പ്രമുഖ ഡ്രമ്മറും ഡിജെയുമായ ജിനോ കെ ജോസ് (47) അന്തരിച്ചു. ഇടതുകാലിലെ അണുബാധയെ തുടർന്ന്‌  ചികിത്സയിലായിരുന്നു. ഞായർ രാത്രി 8.30ഓടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കൾ പകൽ 11 വരെ കൂട്ടുകാടുള്ള വീട്ടിലും 12 മുതൽ ഇടപ്പള്ളി സുഭാഷ് നഗറിലെ (എസ്എൻആർഎ–-- 57) വസതിയിലും പൊതുദർശനമുണ്ടാകും. സംസ്‌കാരം വൈകിട്ട്‌ നാലിന് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. വടക്കൻ പറവൂർ കൂട്ടുകാട് കിഴക്കേമാട്ടുമ്മൽ ജോസഫിന്റെ മകനാണ്. ഭാര്യ: സിന്ധു. മക്കൾ: ജൂലിയൻ, ജുവാൻ.  ഡ്രമ്മറായി തുടങ്ങി പിന്നീട് ഡിജെയിലേക്ക് തിരിഞ്ഞ ജിനോ വാദ്യകലാകാരൻ ശിവമണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ശിവമണി കേരളത്തിൽ പരിപാടിക്ക് എത്തുമ്പോൾ ഡ്രം സെറ്റ് ഒരുക്കിയിരുന്നത് ജിനോ ആണ്. ലോക്ക്ഡൗൺ കാലത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാർക്കും തെരുവിൽ കഴിയുന്നവർക്കും സ്വന്തം ചെലവിൽ ജിനോ പൊതിച്ചോറ്  നൽകിയിരുന്നു. കുറച്ചുകാലം ചങ്ങമ്പുഴ പാർക്കിനുസമീപം ബർഗർ ഷോപ് നടത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള വാദ്യോപകരണങ്ങളുടെ വലിയ ശേഖരവും ജിനോയുടെ പക്കലുണ്ടായിരുന്നു. അസാമാന്യമായ കൈവേഗം ജിനോയെ ഈ രംഗത്ത് ശ്രദ്ധേയനാക്കി. വിദ്യാർഥികൾക്ക്‌ പരിശീലനവും നൽകിയിരുന്നു. Read on deshabhimani.com

Related News