സംഗീതജ്ഞൻ മങ്ങാട് നടേശൻ അന്തരിച്ചു
തൃശൂർ > പ്രസിദ്ധ കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ (90) അന്തരിച്ചു. വ്യാഴം രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തതുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്‌ച പാറമേക്കാവ് ശാന്തിഘട്ടിൽ. കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന്‌സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. 2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്‌കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്, സംഗീതകലാ ആചാര്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ശെമ്മങ്കുടിബാണിയുടെ തികഞ്ഞ പ്രയോക്താവും സ്വാതിതിരുനാൾ കൃതികളുടെ ശുദ്ധപാഠത്തിന്റെ അവതാരകനുമായിരുന്നു. മങ്ങാട് നടേശനും സുധാവർമയും ചേർന്നുള്ള ആകാശവാണിയിലെ കർണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. ഭാര്യ: നിർമല. മക്കൾ. ഡോ. മിനി, പ്രിയ, പ്രിയദർശിനി. മരുമക്കൾ: സജിത്ത്, സുനിൽ, സുനിൽ . Read on deshabhimani.com