ഇവര്‍ക്ക് പറന്നുയരണം, സംഗീതച്ചിറകില്‍



കണ്ണൂര്‍ > ശാരീരിക അവശത മറികടന്ന് മറ്റുള്ളവരുടെ മനസുകളിലേക്ക് ചിറകുവിരിക്കുകയാണ് ഇവരുടെ സംഗീതം. രോഗങ്ങളും ജന്മവൈകല്യങ്ങളാലും ചലനശേഷി നഷ്ടപ്പെട്ട് ചക്രക്കസേരകളില്‍ തളച്ചിടപ്പെട്ടവരുടെ സ്വാതന്ത്യ്രപ്രഖ്യാപനംകൂടിയാണ് ഈ ഗീതം. പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഫ്രീഡം ഫോര്‍  ലിമിറ്റേറ്റഡ് യൂത്ത്' എന്ന കൂട്ടായ്മയുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്ളൈ മ്യൂസിക്സ്' ആണ് പാട്ടിലൂടെ അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്നത്. കുടയും കരകൌശല വസ്തുക്കളുമൊക്കെ നിര്‍മിച്ച് ആരുടെയും ഔദാര്യം കാക്കാതെ ജീവിക്കാനുള്ള ശ്രമംകൂടിയാണ് ഭിന്നശേഷിക്കാരുടെ കൂട്ടായ്മ നടത്തുന്നത്. ഗാനമേളയില്‍ പുത്തൂരിലെ സജീവനും കാനായിയിലെ ബാബു ദാമോദരനുമൊക്കെ പഴയ മലയാളം പാട്ടുകള്‍ ആലപിക്കുമ്പോള്‍ തമിഴ്, ഹിന്ദി അടിച്ചുപൊളി പാട്ടുകളുമായാണ് ആലക്കോട്ടെ ചക്കര ബാബുവും ഷബീര്‍ കുന്നരുവും ആസ്വാദകരെ കൈയിലെടുക്കുന്നത്. മുഹമ്മദ് റഫിയുടെയും മുകേഷിന്റെയും ഹിന്ദി ഗാനങ്ങളുമായി കണ്ണൂരിലെ ദിനേശനും കാഴ്ചയുടെ ലോകം അന്യമായ ധര്‍മശാലയിലെ ശ്രുതിയുമുണ്ട്. കെപിഎസിയുടെ നാടകഗാനങ്ങളും പഴയ ചലച്ചിത്രഗാനങ്ങളുമാണ് ഈ സംഘം കൂടുതലായി ആലപിക്കുന്നത്. എട്ടുപേരുള്ള ട്രൂപ്പില്‍ മലപ്പട്ടത്തെ പ്രജീഷും പടിയൂരിലെ കവിതയും ആലാപനമധുരം പകരാനുണ്ട്. സംഗീതോപകരണങ്ങള്‍ ചക്രക്കസേരയിലിരുന്ന് വായിക്കാന്‍ പ്രയാസമായതിനാല്‍ പിന്നണി മ്യൂസിക് ഉപയോഗിച്ചാണ് ആലാപനം. ചക്രക്കസേരയിലിരുന്ന് ഒപ്പനയും അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കായും സംഗീത പരിപാടി അവതരിപ്പിച്ച സംഘം ക്ഷണം ലഭിക്കുന്ന പരമാവധി കേന്ദ്രങ്ങളില്‍ പാടാനെത്തുന്നുണ്ട്. സിപിഐ എം പെളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിനിടെ കണ്ണൂര്‍ തെക്കീബസാറിലെ മൈത്രിസദനില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗാനമേള അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ താമസിക്കുന്ന ഗായകര്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാറാണ് പതിവ്. ഇതിന് സഹിക്കുന്ന പ്രയാസം ചെറുതല്ല. വാടകയ്ക്ക് വാഹനം വിളിച്ച് ഒരാളെ സഹായത്തിന് കൂട്ടണം. എല്ലാവര്‍ക്കും ഒരുമിച്ച് സഞ്ചരിക്കാവുന്ന ഒരു വാഹനം ഉദാരമനസ്കര്‍ ആശരങ്കിലും സംഭാവന ചെയ്താല്‍ ഏറെ സഹായമാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഗാനമേളകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും ഇവര്‍ക്ക് ആഗ്രഹമുണ്ട്. പത്ത് വര്‍ഷം മുമ്പാണ് ഫ്ളൈയുടെ കൂട്ടായ്മ ആരംഭിച്ചത്. മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയാണ് ഫ്ളൈയുടെ യാത്രയ്ക്ക് തിരിതെളിച്ചത്. ഇന്ന് വിവിധ ജില്ലകളിലായി നൂറ്റമ്പതോളം അംഗങ്ങളുണ്ട്. ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. കുടനിര്‍മാണവും ലോഷന്‍– സോപ്പുപൊടി–കരകൌശല വസ്തു നിര്‍മാണവും നടത്തുന്നുണ്ട്. തളിപ്പറമ്പിലെ സീനത്തിനെപ്പോലുള്ളവര്‍ പാചകത്തിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. തൊഴില്‍ പരിശീലനത്തിനൊപ്പം വാര്‍ഷിക ക്യാമ്പുകളും നടത്തുന്നു. കണ്ണൂരിലെ ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ (ഐആര്‍പിസി)  അംഗങ്ങള്‍ക്കായി പറശ്ശിനിക്കടവില്‍ തൊഴില്‍ പരിശീലനത്തിനും ഇവര്‍ സന്നദ്ധരായി. ഐആര്‍പിസിക്കായി കുടയും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. രാജീവന്‍ മാത്തില്‍ ചെയര്‍മാനും രതീഷ് കാനായി സെക്രട്ടറിയുമായ 11 അംഗ ട്രസ്റ്റാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ഭിന്നശേഷിയുള്ളവരെ സഹായിക്കാന്‍ 13 അംഗ സന്നദ്ധപ്രവര്‍ത്തകരുടെ എക്സിക്യൂട്ടീവും പിന്തുണയേകുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായി ഒരു സൌഹൃദ വീട് എന്ന സ്വപ്നത്തിന്റെ പണിപ്പുരയിലാണിവര്‍. രാജീവന്‍ മാത്തിലിന്റെ ഫോണ്‍–9947867607. Read on deshabhimani.com

Related News