ദിൽ ലുമിനാട്ടിയും, സ്ഫിയേഴ്സും റാഞ്ചി വ്യാജ ടിക്കറ്റ് ലോബി; അന്വേഷണവുമായി ഇഡി രംഗത്ത്
ജയ്പൂർ> പ്രശസ്ത മ്യൂസിക് ബാൻഡായ കോൾഡ് പ്ലേ പ്രഖ്യാപിച്ച സംഗീത നിശയുടെ വ്യാജ ടിക്കറ്റുകൾ വാങ്ങി വഞ്ചിതരായവരുടെ നിര നീളുന്നു. രാജ്യം മുഴുവനുമായി പരാതിക്കാരുടെ വ്യാപ്തി വർധിച്ചതോടെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഡൽഹി, മുംബൈ, ജയ്പൂർ, ചണ്ഡീഗഡ്, ബാംഗ്ലൂർ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇഡി പരിശോധന തുടങ്ങിയിട്ടുള്ളത്. കോൾഡ് പ്ലേയുടെ 'മ്യൂസിക് ഓഫ് ദി സ്ഫിയേഴ്‌സ് വേൾഡ് ടൂർ', ദിൽജിത് ദൊസാഞ്ചിന്റെ 'ദിൽ-ലുമിനാട്ടി' എന്നീ സംഗീത പരിപാടികൾ പ്രഖ്യാപിച്ചതോടെ തന്നെ ഹിറ്റായിരുന്നു. ബുക്ക് മൈ ഷോയിലും സൊമാറ്റോ ലൈവിലും ടിക്കറ്റുകൾ വിറ്റു തീർന്നതോടെ നിരാശരായവരാണ് പുറത്ത് കൂടുതൽ ഉണ്ടായിരുന്നത്. അവരെ ലക്ഷ്യം വെച്ച് വ്യാജ ടിക്കറ്റ് ലോബി കളി തുടങ്ങി. രാജ്യവ്യാപകമായി തന്നെ അവർ ഇരകളെ വലയിലാക്കി. വ്യാജ ടിക്കറ്റുകൾ വിൽക്കുന്നുണ്ടെന്നു മനസിലാക്കിയ ബുക്ക് മൈ ഷോ ടീം തന്നെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. പൊലീസ് കേസുകൾക്ക് പിന്നാലെയാണ് ഇഡി എത്തുന്നത്. വ്യാജടിക്കറ്റുകളുടെ വില്പന നടന്നതിനെ കുറിച്ചും അതിൽനിന്ന് ലഭിച്ച പണം എന്തിനാണ് ചെലവഴിച്ചത് എന്നുമാണ് നിലവിൽ ഇഡി അന്വേഷിക്കുന്നത്. ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ്, ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് വ്യാജ ടിക്കറ്റുകൾ വിറ്റതെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. Read on deshabhimani.com