VIDEO - ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം!



കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ തീർത്തും സദുദ്ദേശത്തോടെ ഒരു വർഷത്തേക്ക് മാത്രമായി നടത്തിയ ഡെപ്യൂട്ടേഷൻ നിയമനം കെട്ടിച്ചമച്ച കള്ളക്കഥയിൽ ചാലിച്ച് ബന്ധു നിയമനമെന്ന് കൊട്ടിഘോഷിച്ച് എന്റെ പഴയ സംഘടനയായ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങൾ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. മന്ത്രി കെ ടി ജലീലിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌: ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം! ----------------------------------------------------------------------- സത്യമേ ജയിക്കൂ , സത്യം മാത്രം. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ തീർത്തും സദുദ്ദേശത്തോടെ ഒരു വർഷത്തേക്ക് മാത്രമായി നടത്തിയ ഡെപ്യൂട്ടേഷൻ നിയമനം കെട്ടിച്ചമച്ച കള്ളക്കഥയിൽ ചാലിച്ച് ബന്ധു നിയമനമെന്ന് കൊട്ടിഘോഷിച്ച് എന്റെ പഴയ സംഘടനയായ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങൾ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. പരാതിക്കാരന്റെ ആക്ഷേപത്തിൽ കഴമ്പില്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്നും ഹൈക്കോടതിയുടെ സമയം അപഹരിക്കരുതെന്നും നിരീക്ഷിച്ച് ജൂലൈ 18 ന് അന്തിമവാദത്തിനായി നീട്ടിവെച്ച ഇമ്മിണി വലിയ ബന്ധു നിയമന കേസ് പിൻവലിച്ച് യൂത്ത് ലീഗിന്റെ സംസ്ഥാന "നുണപ്രചാരണ സെക്രട്ടറി" തടിയൂരിയത് കോടതിയുടെ ചൊട്ടിൽ നിന്ന് ഒഴിവാകാനാണെന്ന് ആർക്കാണ് അറിയാത്തത്? ഹൈക്കോടതി വാക്കാൽ നിരർത്ഥകമെന്ന് അഭിപ്രായപ്പെട്ട കേസ് ഇനി ഏത് ഫോറത്തിലേക്കാണാവോ എഴുന്നള്ളിക്കുക? എന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുകയും വഴിയിൽ തടഞ്ഞ് അപകീർത്തിപ്പെടുത്തുകയും ചെയ്ത മുസ്ലിം യൂത്ത്ലീഗ്, മര്യാദയുടെ അംശം അവരുടെ ദേഹത്തെവിടെയെങ്കിലും അവരറിയാതെ ഒട്ടിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടത്. സത്യമറിയാമായിരുന്നിട്ടും അർത്ഥഗർഭമായ മൗനമവലംഭിച്ച മൂത്തലീഗും പൊതു സമൂഹത്തോട് ക്ഷമാപണം നടത്തലാണ് അഭികാമ്യം. കളവ് മുതൽ തിരിച്ചേൽപ്പിച്ചാൽ കളവ് കളവല്ലാതാവില്ലെന്ന ന്യായം സോഷ്യൽ മീഡിയയിലും തെരുവുകളിലുമല്ല ഉയർത്തേണ്ടിയിരുന്നത്, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അകത്തളങ്ങളിലായിരുന്നു. പറയേണ്ടത് പറയേണ്ടിടത്ത് പറയാതെ നാട്ടിൽ പാടി നടക്കുന്നത് അന്തവും കുന്തവും തിരിയാത്ത സ്വന്തം അണികളെ വിഡ്ഢികളാക്കാനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. എന്നെ വഴിയിൽ തടഞ്ഞ് പോലീസിന്റെ തല്ലുകൊണ്ട പാവം പാർട്ടീ പ്രവർത്തകരുടെ തലയിൽ കയറി കാഷ്ഠീകരണം നടത്തിയ സ്വന്തം നേതാവിനെതിരെ ആത്മാഭിമാനം അൽപമെങ്കിലും അവശേഷിക്കുന്നവരിൽ നിന്ന് അധികം വൈകാതെ പ്രതിഷേധം ഉയരുമെന്നുറപ്പാണ്. യൂത്ത് ലീഗ് നൽകിയ പരാതി പിൻവലിക്കാനുള്ള അപേക്ഷ സ്വീകരിച്ച് ബഹുമാനപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയുടെ നേർ മലയാള വിവർത്തനം ചുവടെ ചേർക്കുന്നു. വിധിയുടെ ഒറിജിനൽ ഇമേജായും നൽകുന്നു. "സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നടത്തിയ ഒരു നിയമനമാണ് ഈ റിട്ട് ഹരജിയുടെ പരിഗണനാ വിഷയം. ആരോപിതനുമേൽ ക്രിമിനൽ കുറ്റം രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് ഉത്തരവ് നൽകണമെന്നാണ് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ എന്ന് അവകാശപ്പെടുന്ന പരാതിക്കാരൻ തന്റെ മാന്റമസ് റിട്ട് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല v/s കേരള സർക്കാർ കേസിൽ (2018 ssc online ker 14261) നേരിട്ടോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ സർക്കാർ സർവീസിലേക്ക്‌ നടത്തുന്ന നിയമനങ്ങളിലെ ക്രമക്കേടുകളും നിയമലംഘനവും സംബന്ധിച്ച തർക്കങ്ങളിൽ കോടതി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സർക്കാറിന്റെ ഭരണ നിർവഹണ നടപടിയുടെ ഭാഗമായാണ് കോടതിയുടെ പരിഗണയ്ക്ക് വന്ന ഈ കേസിനാസ്പദമായ നിയമനം മന്ത്രി നടത്തിയിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഏത് വ്യവഹാരത്തിനും നിയമനാധികാരിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. മുൻകൂർ അനുമതി നേടാതെയും പ്രസ്തുത നിയമമനുസരിച്ച് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് റിട്ട് ഹരജിയുമായി പരാതിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ ഭരണഘടന പ്രകാരമുള്ള കർത്തവ്യനിർവഹണം സംബന്ധിച്ച സത്യപ്രതിജ്ഞ ലംഘിച്ചിരിക്കുന്നു എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരാതിയിൽ അപ്രധാനമാണ്. പരാതി പിൻവലിക്കൽ പരാതിക്കാരൻ കരുതുന്ന പോലെ അത്ര നിസ്സാര കാര്യമല്ല. എന്നിരുന്നാലും പരാതിയുമായി മുന്നോട്ടു പോകാൻ അദ്ദേഹം ആഗ്രഹിക്കാത്തതു കൊണ്ട് ഈ റിട്ട് പരാതി അവസാനിപ്പിക്കുകയാണ്. മെമോ കോടതി സ്വീകരിച്ചിരിക്കുന്നു. അതനുസരിച്ച് റിട്ട് ഹരജി പിൻവലിച്ചതായി കണക്കാക്കി കേസ് തള്ളിയിരിക്കുന്നു". ജഗദീശ്വരനായ പരമേശ്വരാ നിനക്കാണ് സർവ്വസ്തുതിയും. വിമർശിച്ചവരോടും കളിയാക്കിയവരോടും പരിഹസിച്ചവരോടും അപകീർത്തിപ്പെടുത്തിയവരോടും ഒരു പരിഭവവുമില്ല. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വന്നപ്പോൾ മനസ്സ് ഒരു പാട് വേദനിച്ചിട്ടുണ്ട്. ഉറക്കം വരാത്ത രാത്രികളുടെ അന്ത്യയാമങ്ങളിൽ ഹൃദയം പിടഞ്ഞ് കണ്ണുനീർ ഒഴുകിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകളും കോടിയേരിയുടെ പ്രതികരണവും പാർട്ടി നൽകിയ പിന്തുണയും സമ്മാനിച്ച സമാശ്വാസം വാക്കുകൾക്കതീതമാണ്. അവരെന്നിലർപ്പിച്ച വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് നീതിപീഠത്തിൽ നിന്നുണ്ടായിട്ടുള്ള വിധിന്യായം. എനിക്കറിയാമായിരുന്നു എന്നെങ്കിലുമൊരു ദിവസം സത്യം വെളിപ്പെടുമെന്ന്. അത് ഹൈക്കോടതിയിൽ നിന്ന് തന്നെ ആയതിൽ പെരുത്ത് സന്തോഷമുണ്ട്. " സത്യം വന്നു. അസത്യം പരാജയപ്പെട്ടു. തീർച്ചയായും അസത്യം പരാജയപ്പെടേണ്ടത് തന്നെയാണ്"(വിശുദ്ധ ഖുർആൻ).   Read on deshabhimani.com

Related News