വി-ഗാര്‍ഡ് വരുമാനത്തില്‍ 14.1 ശതമാനം വര്‍ധനവ്; അറ്റാദായത്തില്‍ 7.5 ശതമാനം വളര്‍ച്ച



കൊച്ചി > 2024 -25 സാമ്പത്തിക വര്‍ഷം മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1293.99 കോടി രൂപയുടെ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷത്തെ വരുമാനത്തേക്കാള്‍ (1133.75 കോടി രൂപ) 14.1% വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 7.5 ശതമാനം വളര്‍ച്ചയോടെ 63.39  കോടി രൂപയായി. മുന്‍ വര്‍ഷം ഇത്  58.95 കോടി രൂപയായിരുന്നു. സെപ്തംബര്‍ 30 ന് അവസാനിച്ച കമ്പനിയുടെ 6 മാസ കാലയളവിലെ സംയോജിത അറ്റ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 18 ശതമാനം വളര്‍ച്ചയോടെ 2348.51 കോടി രൂപയില്‍ നിന്ന് 2771.09 കോടി രൂപയായി. ഇതേ കാലയളവിലെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 31.8 ശതമാനം വളര്‍ച്ച നേടി 123.17 കോടി രൂപയില്‍ നിന്ന് 162.36 കോടി രൂപയായി. ഈ ത്രൈമാസത്തില്‍ ഇലക്ട്രോണിക് വിഭാഗത്തില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ വി-ഗാര്‍ഡിന് സാധിച്ചുവെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ഇന്‍ ഹൗസ് മാനുഫാക്ച്ചറിംഗ്, ചെലവ് കുറഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലേക്കുള്ള മാറ്റം എന്നിവ മൊത്ത വരുമാനം വര്‍ദ്ധിക്കാന്‍ സഹായകമായി. കോപ്പര്‍ വിലയിലുണ്ടായ വ്യതിയാനം വി-ഗാര്‍ഡിന്റെ ഇലക്ട്രിക്കല്‍ വിഭാഗത്തിന് കീഴിലുള്ള ഇലക്ട്രിക്ക് വയറുകള്‍ക്ക് തിരിച്ചടിയായി. ആദ്യ പകുതിയിലെ മുന്നേറ്റം രണ്ടാം പകുതിയിലും തുടരുമെന്നും, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read on deshabhimani.com

Related News