സൈബർ ഇൻഷുറൻസ്: സുരക്ഷിതമാക്കാം ഡിജിറ്റൽ ലൈഫ്‌



നമ്മൾ ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് ഗണ്യമായി വർധിച്ചിരിക്കുന്നു. ഷോപ്പിങും സാമ്പത്തികവും കൈകാര്യം ചെയ്യുന്നതുമുതൽ സമൂഹമാധ്യമത്തിൽ ബന്ധം നിലനിർത്തുന്നതുവരെയുള്ള ജീവിതം ഓൺലൈനുമായി ഇഴചേർന്നുകിടക്കുന്നു. ബാങ്കിൽ അക്കൗണ്ട് എടുത്തതിനുശേഷം ഒരിക്കൽപ്പോലും ബാങ്ക് ശാഖയിൽ പോകാത്തവർപോലുമുണ്ട്. പണമിടപാട്  ഒട്ടുമുക്കാലും മൊബൈൽ ഫോണിലൂടെയും കംപ്യൂട്ടറിലൂടെയുമായിരിക്കുന്നു. അതിനൊപ്പം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച തേർഡ് പാർടി ആപ് ഉപയോ​ഗിച്ചുള്ള  പണമിടപാടുകളും വർധിച്ചിരിക്കുന്നു.  ഇവയുടെ പ്രയോജനം വളരെ വലുതാണ്. തിരക്കുപിടിച്ച പുതിയകാലജീവിതത്തിൽ ഇത് അനിവാര്യവുമാണ്. എന്നാൽ, അതുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകളും  വലുതാണ് എന്നതും ഓർമയിലുണ്ടാകണം. പണം പോകുന്ന വഴി അറിയില്ല സൈബർ ഭീഷണികളും ആക്രമണങ്ങളും ബിസിനസുകളെ മാത്രമല്ല, വ്യക്തികളുടെ സ്വകാര്യജീവിതത്തെയും ലക്ഷ്യമിടുന്നു. സൂക്ഷിച്ചില്ലെങ്കിൽ പണം പോകുന്ന വഴി അറിയില്ല. എന്നുമാത്രമല്ല പേരുദോഷവുമുണ്ടാകും. നമ്മൾ അറിയാതെ നമ്മൾ സൈബർ, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാ​ഗമാകാൻപോലും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപ്രതീക്ഷിത സൈബർ ആക്രമണങ്ങൾ നേരിടാൻ നിങ്ങൾ സജ്ജമാണോ? നിങ്ങളുടെ ഡിജിറ്റൽ ആസ്തികൾ സുരക്ഷിതമാണോ? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ട സമയമാണിപ്പോൾ. സൈബർ ഇൻഷുറൻസിന് പ്രസക്തിയേറുന്നത് ഇവിടെയാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സാധ്യത ഉപയോ​ഗപ്പെടുത്താം. മറ്റു ഇൻഷുറൻസ് പോളിസികൾ പ്രവർത്തിക്കുന്നതുപോലെതന്നെയാണിതും. അപ്രതീക്ഷിതമായത് സംഭവിക്കാൻ കാത്തിരിക്കരുത്.  സൈബർ ഇൻഷുറൻസ് വിവേകപൂർണമായ ഒരു തെരഞ്ഞെടുപ്പുമാത്രമല്ല, ഇക്കാലത്ത് അതൊരു അനിവാര്യതയായി മാറിയിരിക്കുകയാണ്. സെെബർ ഇൻഷുറൻസിലൂടെ പോളിസി ഉടമകൾക്ക് എന്തെല്ലാം ലഭ്യമാകുമെന്ന് നോക്കാം. പലതുണ്ട് പരിരക്ഷ സൈബർ ഇൻഷുറൻസ് കമ്പനിയുടെ പ്ലാനുകൾക്ക് അനുസരിച്ച് പോളിസിയിൽ വ്യത്യാസമുണ്ടായേക്കാം. എന്നിരുന്നാലും പൊതുവിൽ സൈബർ ഇൻഷുറൻസ് പോളിസികളിലൂടെ ലഭ്യമാകുന്ന പരിരക്ഷകൾ താഴെ പറയുന്നു. സാമ്പത്തിക സംരക്ഷണം സൈബർ ആക്രമണത്തിൽ സാമ്പത്തിക പ്രത്യാഘാതം വളരെ വലുതായിരിക്കാം. അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട പണമോ, നിയമ നടപടികളുടെ ചെലവോ ഡാറ്റ വീണ്ടെടുക്കൽ ചെലവുകളോ ആകട്ടെ, സൈബർ ഇൻഷുറൻസ് ആ സാമ്പത്തിക നഷ്ടത്തിൽനിന്ന് നിങ്ങൾക്ക് പരിരക്ഷ നൽകും. മാൽവെയർ, ഫിഷിങ്  സംരക്ഷണം ഇന്റർനെറ്റിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന ഫിഷിങ് ആക്രമണങ്ങളും കംപ്യൂട്ടർ ഉപയോഗിക്കുന്നയാൾ അറിയാതെ കംപ്യൂട്ടർ സംവിധാനം തകരാറിലാക്കുന്ന സോഫ്‌റ്റ്‌വെയറുകളായ മാൽവെയറുകളും നിങ്ങൾ സാമ്പത്തിക ഇടപാടുകൾക്കും മറ്റും ഉപയോ​ഗിക്കുന്ന ഉപകരണങ്ങളിലും അതിലൂടെ ജീവിതത്തിലും നാശം വിതച്ചേക്കാം. ഇവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽനിന്ന് കരകയറാൻ സൈബർ ഇൻഷുറൻസ് സഹായിക്കും. വൈകാരിക പിന്തുണ സൈബർ ആക്രമണങ്ങൾ പണം മാത്രമല്ല, വൈകാരിക മുറിവുകളും സൃഷ്ടിക്കും. നിങ്ങളെ ഭീതിയും മാനസിക സമ്മർദവും  പിടികൂടിയേക്കാം. ഇതിൽനിന്ന്‌ പുറത്തുകടക്കാൻ കൗൺസലിങ് അടക്കമുള്ള ചികിത്സകൾ വേണ്ടിവന്നേക്കും. സൈബർ ഇൻഷുറൻസ് പോളിസികളിൽ പലതിലും കൗൺസലിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സമൂഹമാധ്യമവും സമാധാനവും സമൂഹമാധ്യമങ്ങളുടെ പ്രയോജനം ആസ്വദിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ, അത് പ്രശ്‌നങ്ങളുടെ ഉറവിടംകൂടിയാണ്. വ്യക്തിജീവിതത്തിന് ഹാനികരമാകുന്ന സന്ദർഭങ്ങളുണ്ടായാൽ സൈബർ ഇൻഷുറൻസ് നിങ്ങളുടെ സഹായത്തിനെത്തും. ഭീതിയില്ലാതെ ഡിജിറ്റൽ മേഖലയിൽ ഇടപെടാൻ അത് ശക്തിനൽകും. തെരഞ്ഞെടുക്കാം ശരിയായ പോളിസി സൈബർ ഇൻഷുറൻസ് പോളിസികൊണ്ടുള്ള ശരിയായ ​​ഫലം കിട്ടണമെങ്കിൽ ഏതെങ്കിലും പോളിസി എടുത്താൽ പോര, ശരിയായ പോളിസി എടുക്കണം. അതിന് നിങ്ങളുടെ  നഷ്ടസാധ്യതകളെയും പരിരക്ഷാ ആവശ്യങ്ങളെയുംകുറിച്ച് സമഗ്രമായ ധാരണ ആവശ്യമാണ്. അതിനാൽ ആദ്യം നിങ്ങളുടെ സൈബർ നഷ്ടസാധ്യതകൾ വിലയിരുത്തണം. നിങ്ങൾ നേരിട്ടേക്കാവുന്ന സൈബർ ഭീഷണികളും നഷ്ടസാധ്യതകളും തിരിച്ചറിയാനായി സമഗ്രമായ വിലയിരുത്തൽ നടത്തുക. നിങ്ങളുടെ ഐടി, അടിസ്ഥാനഘടന, ഡാറ്റ കൈകാര്യം ചെയ്യൽ രീതികൾ, മുൻകാല സംഭവങ്ങൾ എന്നിവ വിലയിരുത്തണം.  ഇതിൽ ഉൾപ്പെടുന്നു. ആവശ്യമെങ്കിൽ ഇതിന് വിദ​ഗ്ധരുടെ സഹായം തേടണം. കവറേജ് ആവശ്യകതകൾ നിർണയിക്കുക എന്നതാണ് രണ്ടാംഘട്ടം. നഷ്ടസാധ്യത വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി ഏതെല്ലാം ഇനം പരിരക്ഷകൾ (കവറേജ്) ആവശ്യമാണെന്ന് നിർണയിക്കണം. സാധാരണ പരിരക്ഷകളിൽ ഡാറ്റ നിയമം ലംഘിക്കൽ, ബിസിനസ് തടസ്സം, സൈബർ അപഹരണം, മൂന്നാംകക്ഷി ബാധ്യതകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇൻഷുറൻസ് കമ്പനിയുടെ വൈദഗ്‌ധ്യം വിലയിരുത്തുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. സൈബർ നഷ്ടസാധ്യതകളിൽ വൈദഗ്ധ്യവും സൈബർ ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിൽ ശക്തമായ ട്രാക്ക് റെക്കോഡും ഉള്ള ഇൻഷുറൻസ് കമ്പനി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പരിചയസമ്പന്നനായ സേവനദാതാവിനേ ഗുരുതരമായ ആക്രമണമുണ്ടായാൽ ഫലപ്രദമായ പിന്തുണ നൽകാനാകൂ.‌ പ്രീമിയവും പരിരക്ഷയും നോക്കണം സൈബർ ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം കുറവ് മാത്രമല്ല നോക്കേണ്ടത്. മികച്ച പരിരക്ഷയുമുണ്ടായിരിക്കണം. അതിനാൽ താരതമ്യേന കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ നേടാൻ ഒന്നിലധികം ഇൻഷുറർമാരിൽനിന്ന് വിവരങ്ങൾ തേടുകയും കവറേജ് ഓപ്ഷനുകൾ, പരിമിതികൾ, ഒഴിവാക്കലുകൾ, പ്രീമിയം എന്നിവ താരതമ്യം ചെയ്യുകയും വേണം. പോളിസികൾ താരതമ്യം ചെയ്യുമ്പോൾ സമാനമായവയാണ് താരതമ്യം ചെയ്യുന്നതെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. സൈബർ ഭീഷണികൾക്കെതിരെ അധിക പരിരക്ഷ നൽകുന്ന  പോളിസി എൻഡോഴ്സ്മെന്റുകളും പരി​ഗണിക്കണം. ഐടി പോളിസി അവലോകനം ചെയ്യണം സൈബർ നഷ്ടസാധ്യതകൾ നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയതരം തട്ടിപ്പുകളും സൈബർ ആക്രമണങ്ങളുമാണ്  ഉണ്ടാകുന്നത്. അതിനാൽ നിങ്ങളുടെ ഇൻഷുറൻസ് പോളിസി പര്യാപ്തമാണെന്ന് ഉറപ്പാക്കാൻ അത് പതിവായി അവലോകനം ചെയ്യുക, അപ്‌ഡേറ്റ് ചെയ്യുക എന്നത് പ്രധാനമാണ്. കവറേജ് ആവശ്യങ്ങൾ വർഷംതോറും, അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളിലോ നഷ്ടസാധ്യതയിലോ കാര്യമായ മാറ്റങ്ങൾ സംഭവിക്കുമ്പോഴെല്ലാം വീണ്ടും വിലയിരുത്തി ആവശ്യമെങ്കിൽ പോളിസിയിൽ മാറ്റംവരുത്തണം.   (ഐസിഐസിഐ ലോംബാർഡ് യുഡബ്ല്യു, ക്ലെയിംസ് പ്രോപ്പർട്ടി ആൻഡ്  കാഷ്വാലിറ്റി ചീഫാണ് ലേഖകൻ)   Read on deshabhimani.com

Related News