സ്വര്‍ണ വിലകുതിച്ചു; ഗ്രാമിന് 3,775 രൂപ പവന് 30, 200 രൂപ



കൊച്ചി> സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. തിങ്കളാഴ്ച ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായി വില. ശനിയാഴ്ച ​120 രൂപ വർധിച്ച് പവൻവില 29,680ൽ എത്തിയിരുന്നു. 3,710 രൂപയായിരുന്നു ​ഗ്രാമിന് വില.  ഒറ്റ ദിവസംകൊണ്ട് 520 രൂപയാണ് വർധിച്ചത്‌. കഴിഞ്ഞവർഷം സെപ്‌തംബറിൽ 29,120 എന്ന റെക്കോഡ് വിലയിലെത്തിയ സ്വർണത്തിന് ഡിസംബർ അവസാനം തുടർച്ചയായി വില വർധിച്ചു. മൂന്നിന്  ഇരട്ട വില വർധനയിലൂടെ  29,560ലെത്തി പുതിയ റെക്കോഡിട്ടു. പത്തു ദിവസത്തിനുള്ളിൽ പവന് 1,480 രൂപയാണ് വർധിച്ചത്. പുതുവർഷം തുടങ്ങി ആറുദിവസത്തിനുള്ളിൽ കൂടിയത് 1,200 രൂപയും. തിങ്കളാഴ്ചത്തെ വിലയനുസരിച്ച്  സംസ്ഥാനത്ത് ഒരുപവന്‍ ആഭരണം ലഭിക്കാന്‍ ജിഎസ്ടിയും പണിക്കൂലിയും കൂടിയാകുമ്പോള്‍ കുറഞ്ഞത് 33,200 രൂപ നല്‍കേണ്ടിവരുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ആഭ്യന്തര കൗണ്‍സില്‍ ദേശീയ ഡയറക്ടർ അഡ്വ. എസ് അബ്ദുള്‍ നാസര്‍ പറയുന്നു. ഇറാൻ -- യുഎസ് സംഘർഷ ആശങ്ക ആ​ഗോളവിപണിയിൽ ആഞ്ഞടിച്ചതാണ് സ്വര്‍ണവില ഉയര്‍ന്നതിന് കാരണമായി സാമ്പത്തിക വിദ​​ഗ്ധര്‍ പറയുന്നത്. സുരക്ഷിത നിക്ഷേപമായി കരുതുന്ന സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ചുവടുമാറിയതോടെ വില കുത്തനെ ഉയര്‍ന്നു. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 1552ല്‍ എത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും 25 ഡോളര്‍ ഉയര്‍ന്ന് 1577 ഡോളറിലെത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതും  ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തിയതും  ഇന്ത്യയിൽ സ്വര്‍ണവില ഉയരുന്നതിന് കാരണമായി. Read on deshabhimani.com

Related News