ഉയർന്ന വിലയിലും സ്വർണം നേട്ടമാക്കാം



സ്വർണം റെക്കോഡുകൾ ഭേദിച്ച് പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നതാണ് അടുത്ത നാളുകളിൽ ദൃശ്യമായത്. ഇറാൻ–-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകരിൽ ഉടലെടുത്ത ആശങ്കയാണ് സമീപകാലത്തെ വിലക്കയറ്റത്തിന് കാരണമായതെങ്കിൽ, അതിനുമുമ്പ് അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശനിരക്ക് അരശതമാനം കുറച്ചതും ഇനിയും പലിശ കുറച്ചേക്കുമെന്ന് വ്യക്തമാക്കിയതും വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതുമൊക്കെ സ്വർണ വിലക്കുതിപ്പിന് കളമൊരുക്കി. സ്വർണത്തിന്റെ വ്യാപാരചരിത്രം അങ്ങനെയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളിലും പുതിയ ആ​ഗോള സാമ്പത്തികനയ പ്രഖ്യാപനങ്ങളിലുമെല്ലാം അത് പുത്തൻ ഉയരങ്ങൾ കണ്ടെത്തുന്നു. ഒരുമാസത്തിനുള്ളിൽ ഇന്ത്യയിൽ സ്വർണവിലയിലുണ്ടായ വർധന അഞ്ച് ശതമാനത്തിലേറെയാണ്. ഒരുവർഷംകൊണ്ട് 30.81 ശതമാനം വർധിച്ചു. അവസാന അഞ്ചുവർഷത്തിന്റെ കണക്കെടുക്കുമ്പോൾ ഏകദേശം ഇരട്ടിയായാണ് സ്വർണവില ഉയർന്നത്.  സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് ഇക്കാലയളവിൽ പ്രതിവർഷം ലഭിച്ച നേട്ടം 14.60 ശതമാനമാണ്. സാധാരണ നിക്ഷേപകരുടെ ഇഷ്ടപദ്ധതികളായ ബാങ്ക് ഡെപ്പോസിറ്റും സമ്പാദ്യ സ്കീമുകളും നൽകുന്നതിനേക്കാൾ രണ്ടര ഇരട്ടിയോളമാണിത്.   ഈ വിലയിൽ 
നിക്ഷേപിക്കണോ? സ്വർണവില കത്തിക്കയറുമ്പോൾ, അല്ലെങ്കിൽ കുറയുമ്പോൾ സ്വർണത്തിൽ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവർ എന്ത് ചെയ്യണമെന്ന ചോദ്യവും ഉയരുന്നുണ്ട്. വിലയിലെ കുതിപ്പ് കണ്ടിട്ട്, ഇത് തുടരുമോ, കുറയുന്നുണ്ടല്ലോ ഇപ്പോൾ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ എന്നൊക്കെ സംശയമുണ്ടാകുക സ്വാഭാവികം. എന്നാൽ, കൂടുതൽ നേട്ടമുണ്ടാക്കാവുന്ന തരത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ അനുയോജ്യമായ മാർ​ഗങ്ങളെക്കുറിച്ച് നിക്ഷേപകർക്കുള്ള അറിവുകുറവാണ് ഈ സംശയങ്ങൾക്ക് കാരണമാകുന്നത്. അറിഞ്ഞ് നിക്ഷേപിച്ചാൽ ഏത് സാഹചര്യത്തിലും നേട്ടം സമ്മാനിക്കുന്ന നിക്ഷേപമാർ​ഗമാണ് സ്വർണം. പശ്ചിമേഷ്യൻ സംഘർഷം ദിനംപ്രതി രൂക്ഷമാകുന്നത് സ്വർണത്തിലേക്കുള്ള നിക്ഷേപപ്രവാഹം വർധിപ്പിക്കുന്നതാണ് കണ്ടത്. സംഘർഷം അവസാനിച്ചാൽത്തന്നെയും വില കയറുന്നതിന് അനുകൂലമായ അവസ്ഥകൾ വേറെയുമുണ്ട്. 2026 വരെ പലിശനിരക്ക് കുറയ്ക്കുന്നത് തുടരുമെന്നാണ് യുഎസ് ഫെഡറൽ റിസർവ് വ്യക്തമാക്കിയിരിക്കുന്നത്. പലിശനിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനംതന്നെ വില ഉയർത്തിയെങ്കിൽ നിരക്ക് കുറയുമ്പോൾ വില വീണ്ടും ഉയരുമെന്നുതന്നെയാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്. പലിശനിരക്ക് കുറയുമ്പോൾ ബോണ്ടുപോലുള്ള നിശ്ചിത നേട്ടം നൽകുന്ന നിക്ഷേപമാർഗങ്ങൾ അനാകർഷകമാകുകയും സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം എത്തുകയും ചെയ്യും. പലിശനിരക്ക് കുറയുമ്പോൾ ഡോളറും ദുർബലമായേക്കും. സ്വർണത്തിന്റെ രാജ്യാന്തരവ്യാപാരം നടക്കുന്നത് ഡോളറിലാണെന്നതിനാൽ ഡോളറിന്റെ മൂല്യം ഇടിയുന്നത് സ്വർണ വിലവർധനയ്ക്ക് കാരണമാകും. ഇതിനൊപ്പം ഇന്ത്യയിലും ചൈനയിലും ഡിമാൻഡ്‌ ഉയരുന്നതും സ്വർണത്തിന് അനുകൂലമായ ഘടകങ്ങളാണ്. എന്തിന് സ്വർണത്തിൽ നിക്ഷേപിക്കണം? ഏത് നിക്ഷേപമാർ​ഗവും ചെലവേറിയതായാൽ പൊതുവിൽ അത് അത്ര ആദായകരമാകണമെന്നില്ല. എന്നാൽ, സ്വർണവില ഉയർന്നുനിൽക്കുന്നതുകൊണ്ടുമാത്രം അത് ചെലവേറിയ നിലയിലാണെന്ന് പറയാനാകില്ല. ഒരു ആസ്തി മേഖല എന്ന നിലയിൽ സ്വർണത്തിന് മറ്റു നിക്ഷേപമാർഗങ്ങളിൽനിന്ന് വിഭിന്നമായ ചില പ്രത്യേകതകളുണ്ട്. ഓഹരിവിപണി ചെലവേറിയ നിലയിലാണോ അല്ലയോ എന്ന് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതുപോലെ സ്വർണത്തിന്റെ അടിസ്ഥാനമൂല്യം വിലയിരുത്തുക സാധ്യമല്ല. പ്രത്യേകിച്ച് ഒരു വ്യക്തിയുടെ നിക്ഷേപത്തിൽ സ്വർണത്തിന് അനിശ്ചിത സാഹചര്യങ്ങളിൽ സഹായമാകുന്ന ഇൻഷുറൻസിന്റെ റോൾകൂടി വഹിക്കാനുണ്ടെന്നിരിക്കെ ഓഹരി വിലയിരുത്തുന്നതുപോലെയല്ല സ്വർണം നിക്ഷേപയോഗ്യമാണോ എന്ന് വിലയിരുത്തേണ്ടത്. സ്വർണം അടിസ്ഥാനപരമായി നമ്മുടെ നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കാൻ സഹായിക്കുന്ന ആസ്തിയാണ്. പ്രതികൂലസാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഓഹരിവിപണിപോലുള്ള മറ്റ് ആസ്തി മേഖലകൾ ഇടിവ് നേരിടുകയാണെങ്കിലും സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി നിലകൊള്ളുകയാണ് ചെയ്യുന്നത്.  അതിനാൽ ഏതൊരാളുടെയും നിക്ഷേപത്തിന്റെ 5–10 ശതമാനം സ്വർണത്തിലായിരിക്കുന്നതാണ് നല്ലത്. ഗോൾഡ് ഇടിഎഫ് എന്ന സാധ്യത സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് പലരീതികളുണ്ട്. ഇതിൽ ഏറ്റവും ചെലവ് കുറഞ്ഞതും വിൽക്കുമ്പോൾ വിപണിവില കിട്ടുമെന്ന് ഉറപ്പുള്ളതുമായ മാർഗമാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) റിസർവ് ബാങ്കിന്റെ സോവറെയ്ൻ ഗോൾഡ് ബോണ്ടുകളും. റിസർവ് ബാങ്കിന്റെ സോവറെയ്ൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് മൂലധനനേട്ടം കൂടാതെ വർഷത്തിൽ 2.5 ശതമാനം പലിശയും ലഭിക്കും. അർധവാർഷികാടിസ്ഥാനത്തിലാണ് പലിശ ലഭ്യമാകുക. സ്വർണത്തിൽ നിക്ഷേപിക്കുന്നതിലുള്ള ഏറ്റവും ചെലവേറിയ രീതി ഭൗതികരൂപത്തിൽ വാങ്ങുന്നതാണ്. ആഭരണങ്ങളായി വാങ്ങുമ്പോൾ പണിക്കൂലി, ജിഎസ്ടി തുടങ്ങിയ ഇനങ്ങളിലുള്ള അധികചെലവുകൾ വഹിക്കേണ്ടിവരുന്നു. നാണയമായിട്ടാണ് വാങ്ങുന്നതെങ്കിൽ പണിക്കൂലി ഒഴിവാകുമെങ്കിലും ജിഎസ്ടി ബാധകമാണ്. നാണയങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമില്ലാത്തതിനാൽ സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാകില്ല എന്നൊരു പ്രശ്നവുമുണ്ട്. ആഭരണങ്ങളായോ നാണയങ്ങളായോ വാങ്ങുന്ന സ്വർണം കൈവശം വയ്‌ക്കുന്നതിലെ റിസ്ക് ഒഴിവാക്കാൻ ബാങ്ക് ലോക്കറുകളെ ആശ്രയിക്കേണ്ടിവന്നാൽ ചെലവ് പിന്നെയും കൂടും. ഓൺലൈനായി സ്വർണം വാങ്ങുമ്പോഴും ജിഎസ്ടി ബാധകമാണ്. സുരക്ഷിതത്വം താരതമ്യേന കുറവാണ് എന്നതും ഈ നിക്ഷേപരീതിയുടെ ന്യൂനതയാണ്. ഗോൾഡ് ഇടിഎഫും സോവറെയ്ൻ ഗോൾഡ് ബോണ്ടുംവഴി സ്വർണം വാങ്ങുമ്പോൾ ജിഎസ്ടിയോ പണിക്കൂലിയോ മറ്റു നിരക്കുകളോ ബാധകമാകുന്നില്ല. റിസർവ് ബാങ്ക് വിൽപ്പന നടത്തുമ്പോഴാണ് സോവറെയ്ൻ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. എന്നാൽ, റിസർവ് ബാങ്ക് ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന നിർത്തലാക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അങ്ങനെവരുമ്പോൾ ദ്വിതീയ വിപണി (സ്റ്റോക്ക് എക്സ്ചേഞ്ചുകൾ) വഴിമാത്രമേ ഗോൾഡ് ബോണ്ട് വാങ്ങാനാകൂ. എക്സ്ചേഞ്ചുകളുടെ ക്യാഷ്‌ വിഭാഗത്തിലൂടെ ഓഹരികൾ വാങ്ങുന്നതുപോലെ സ്വർണബോണ്ടുകളുടെ യൂണിറ്റുകളും വാങ്ങാം. എന്നാൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾവഴി വിതരണം ചെയ്യുന്ന ബോണ്ടുകളുടെ എണ്ണം താരതമ്യേന കുറവാണ്‌.  ഈ സാഹചര്യത്തിൽ ഗോൾഡ് ഇടിഎഫുകളാണ് ആശ്രയിക്കാവുന്ന മികച്ച നിക്ഷേപമാർഗം. അതിന് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നമ്മൾ വാങ്ങുന്ന ഗോൾഡ് ഇടിഎഫ് യൂണിറ്റുകൾ ഡീമാറ്റ് രൂപത്തിൽ ഈ അക്കൗണ്ടിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ യൂണിറ്റുകൾ ഓഹരികൾപോലെ എപ്പോൾ വേണമെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചുകൾവഴി വാങ്ങാനും വിൽക്കാനും സാധിക്കും. ഏകദേശം 63.32 രൂപയാണ് ഗോൾഡ് ഇടിഎഫുകളുടെ ഒരു യൂണിറ്റിന്റെ ഇപ്പോഴത്തെ വില. ഇടിഎഫുകളിൽ ഡീമാറ്റ് രൂപത്തിൽ എത്ര കാലം വേണമെങ്കിലും സ്വർണം കൈവശം വയ്‌ക്കാം. മാസശമ്പളക്കാർക്ക് എസ്ഐപി ഒരുമിച്ച് വലിയ തുകയെടുക്കാനില്ലാത്തവർക്ക് സ്വർണത്തിൽ പലപ്പോഴായി നിക്ഷേപിക്കാനും അവസരമുണ്ട്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി എല്ലാ മാസവും ഗോൾഡ് ഇടിഎഫിൽ  നിക്ഷേപിക്കുമ്പോൾ ശരാശരി നിക്ഷേപച്ചെലവ് കുറയ്ക്കാനുമാകും. സ്വർണവില ഇടിയുമ്പോൾ കൂടുതൽ  യൂണിറ്റുകൾ വാങ്ങാനും സാധിക്കും. മാസശമ്പളക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയാണിത്.   കൈവശം അധികംവന്ന തുക സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് മൂന്നോ നാലോ ഘട്ടങ്ങളായി നിക്ഷേപിക്കുന്ന രീതിയും സ്വീകരിക്കാവുന്നതാണ്. (ഹെഡ്ജ് ഇക്വിറ്റീസിന്റെ ഓൺലൈൻ ജേർണലായ ഹെഡ്ജ്ഓഹരി.കോമിന്റെ എഡിറ്ററാണ് ലേഖകൻ) Read on deshabhimani.com

Related News