രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച



കൊച്ചി> ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിൽ. ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ 83.96 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. മുൻ ദിവസത്തെ അവസാന നിരക്കായ 83.98 ൽനിന്ന്‌ തുടക്കത്തിൽ രണ്ട് പൈസ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് വ്യാപാരത്തിനിടെ 11 പൈസ നഷ്ടത്തിൽ 84.09 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഒടുവിൽ ഒമ്പത് പൈസ നഷ്ടത്തിൽ  84.07 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആദ്യമായാണ് രൂപയുടെ മൂല്യം 84ന് താഴെയെത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതും ഓഹരിവിപണിയിലെ നഷ്ടവും വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതുമാണ് പ്രധാനമായും രൂപയ്ക്ക് തിരിച്ചടിയായത്. സെപ്തംബർ ആദ്യം ഒരു വീപ്പ എണ്ണയ്‌ക്ക്‌ 71.06 ഡോളറായിരുന്നു. വെള്ളിയാഴ്ച 78.71 ഡോളർ നിലവാരത്തിലായിരുന്നു വ്യാപാരം. ഓഹരിവിപണിയിൽനിന്നുള്ള കണക്കുകൾപ്രകാരം വിദേശസ്ഥാപന നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് വ്യാഴാഴ്ച 4926.61 കോടിയും വെള്ളിയാഴ്ച 4162.66 കോടിയുമായി രണ്ട് ദിവസത്തിനുള്ളിൽ 9089.27 കോടിയുടെ നിക്ഷേപമാണ്  പിൻവലിച്ചത്. വിദേശനാണ്യശേഖരം 
ഇടിഞ്ഞു ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതൽശേഖരം താഴ്‌ന്നു. ഒക്‌ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370.9 കോടി ഡോളർ താഴ്‌ന്ന്‌  70117.6 കോടി ഡോളറിലെത്തി. മുൻ ആഴ്ച 1258.8 കോടി ഡോളർ വർധിച്ച് 70488.5 ഡോളർ എന്ന റെക്കോഡിലായിരുന്നു. കരുതൽശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി  351.1 കോടി ഡോളർ കുറഞ്ഞ് 61,264.3 കോടി ഡോളറായി. സ്വർണ കരുതൽശേഖരം നാലുകോടി ഡോളർ കുറഞ്ഞ് 6575.6 കോടി ഡോളറായെന്നും റിസർവ് ബാങ്ക് പറയുന്നു. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽശേഖരം സാമ്പത്തികശക്തിയുടെയും അന്താരാഷ്ട്ര സാമ്പത്തികബാധ്യതകൾ നിറവേറ്റാനുള്ള കഴിവിന്റെയും അളവുകോലായാണ് കണക്കാക്കുന്നത്.   Read on deshabhimani.com

Related News