സ്വർണം താഴേക്ക്; പവന് 1320 രൂപ കുറഞ്ഞു ; 7 ദിവസത്തിനുള്ളില്‍ പവന് 2040 രൂപ കുറഞ്ഞു
കൊച്ചി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായി വില കുത്തനെ താഴ്ന്നു. വ്യാഴാഴ്‌ച ഒറ്റയടിക്ക് പവന് 1320 രൂപയാണ് കുറഞ്ഞത്. പവന് 57,600 രൂപയും ഗ്രാമിന് 7200 രൂപയുമായി. ഒക്ടോബര്‍ 31ന് 59,640 രൂപയായിരുന്നു. ഏഴുദിവസത്തിനുള്ളില്‍ പവന് 2040 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്രവിപണിയിൽ സ്വർണവിലയില്‍ വൻ ഇടിവ് നേരിട്ടതാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണമായത്. അന്താരാഷ്ട്രവില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2750 ഡോളറില്‍നിന്ന് 98 ഡോളര്‍ കുറഞ്ഞ് 2652 ഡോളറായി. തെരഞ്ഞെടുപ്പുഫലത്തെ തുടര്‍ന്ന് അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും ട്രഷറി നിക്ഷേപങ്ങളില്‍നിന്നുള്ള ആദായം വര്‍ധിച്ചതും യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനയുമാണ് പ്രധാനമായും സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരുപവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 64,553 രൂപ വേണമായിരുന്നു. പുതിയ വിലപ്രകാരം 62,355 രൂപയാകും. Read on deshabhimani.com