പത്താംതവണയും 
റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ 
റിസര്‍വ് ബാങ്ക് പണനയം ; 6.5 ശതമാനമായി തുടരും



കൊച്ചി അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ  പണനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവ് കഴിഞ്ഞമാസം 0.5 ശതമാനം പലിശനിരക്ക് കുറച്ചതും ഈവർഷം വീണ്ടും നിരക്ക് കുറയ്ക്കുമെന്ന ഫെഡ് റിസർവിന്റെ സൂചനയും റിസർവ് ബാങ്ക് കണക്കിലെടുത്തില്ല. തുടർച്ചയായ പത്താംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. രാജ്യത്തെ പണപ്പെരുപ്പവും ഉയർന്ന ഭക്ഷ്യ, ഇന്ധന വിലയുമാണ് നിരക്കുമാറ്റത്തിൽനിന്ന്‌ റിസർവ് ബാങ്കിനെ തടയുന്നത്.  നടപ്പ് സാമ്പത്തികവർഷം ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്ന മുൻ അനുമാനം  നിലനിർത്തിയിട്ടുണ്ട്. എന്നാൽ, രണ്ടാംപാദത്തിൽ ഉപഭോക്തൃവില പണപ്പെരുപ്പം 4.4 ശതമാനമായിരിക്കുമെന്ന് പറഞ്ഞിരുന്നത് 4.1 ശതമാനമായി കുറയുമെന്നും മൂന്നാംപാദത്തിൽ 4.8 ശതമാനമായി വർധിക്കുമെന്നും അവസാനപാദത്തിൽ 4.2 ശതമാനമാകുമെന്നും ​​ഗവർണർ പറഞ്ഞു. നടപ്പ് സാമ്പത്തികവർഷത്തെ ജിഡിപി വളർച്ചാ അനുമാനം 7.2 ശതമാനമായി നിലനിർത്തി. രണ്ടാംപാദത്തിലിത് ഏഴ് ശതമാനവും മൂന്ന്, നാല് പാദങ്ങളിൽ 7.4 ശതമാനവുമായിരിക്കും. 2025–--26 സാമ്പത്തികവർഷം ഒന്നാംപാദത്തിലെ ജിഡിപി വളർച്ച 7.3 ശതമാനമായിരിക്കുമെന്നും റിസർവ് ബാങ്ക് പറയുന്നു. Read on deshabhimani.com

Related News