റിസർവ് ബാങ്ക് പുതിയ പണനയം ; യുപിഐ ഇടപാടുപരിധി ഉയർത്തി



കൊച്ചി റിസർവ് ബാങ്ക് പുതിയ പണനയത്തിൽ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐയിലെ ഇടപാടുപരിധി വർധിപ്പിച്ചു. ഇന്റർനെറ്റും സ്മാർട്ട്ഫോണുമില്ലാതെ ഫീച്ചർ ഫോണുകളിലൂടെ പണമിടപാട് നടത്താവുന്ന യുപിഐ 123 പേയിൽ ഒറ്റത്തവണ പരമാവധി പരിധി 5000 രൂപയായിരുന്നത് 10,000 രൂപയാക്കി ഉയർത്തി. ചെറിയ തുകകളുടെ ഇടപാട് നടത്തുന്നവർക്കായി നടപ്പാക്കിയ യുപിഐ ലൈറ്റിൽ ഓരോ ഇടപാടിലും നിലവിൽ പരമാവധി പരിധി 500 രൂപയാണ്. ഇത് ആയിരം രൂപയാക്കും. യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2000 രൂപയിൽനിന്ന് 5000 രൂപയാക്കുമെന്നും റിസർവ് ബാങ്ക് ​ഗവർണർ പറഞ്ഞു. ആ​ഗസ്തിലെ പണനയത്തിൽ യുപിഐ സംവിധാനത്തിലൂടെ നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കിയിരുന്നു. നേരത്തെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യുപിഐ ഇടപാടുപരിധിയും ഒരുലക്ഷത്തിൽനിന്ന്‌ അഞ്ചുലക്ഷം രൂപയായി ഉയർത്തിയിരുന്നു. യുപിഐയിലും ഇമ്മീഡിയറ്റ് പേമെന്റ്‌ സർവീസിലും (ഐഎംപിഎസ്) നിലവിൽ പണം അയക്കുന്നയാൾക്ക് ഇടപാട് നടത്തുന്നതിനുമുമ്പ് സ്വീകർത്താവിന്റെ പേര് പരിശോധിക്കാനുള്ള സംവിധാനമുണ്ട്. തട്ടിപ്പുകളും തെറ്റായ പണമിടപാടുകളും നിയന്ത്രിക്കുന്നതിന് ഈ സൗകര്യം ആർടിജിഎസിനും എൻഇഎഫ്ടിക്കും ഏർപ്പെടുത്തണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു.  ബിസിനസ്‌ ഇതര ആവശ്യങ്ങൾക്കുള്ള വ്യക്തിഗതവായ്പകൾ കാലാവധിക്കുമുമ്പ് പൂർണമായോ ഭാ​ഗികമായോ ഒരുമിച്ച് അടച്ചുതീർക്കുമ്പോൾ (ഫോർക്ലോഷർ/പ്രീ–--പേമെന്റ്) ബാങ്കുകളും എൻബിഎഫ്സികളും പിഴ ഈടാക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ഉത്തരവ് സൂക്ഷ്മ, ചെറുകിട സംരംഭ (എംഎസ്എംഇ) വായ്പകൾക്കും ബാധകമാക്കി. ഫ്ലോട്ടിങ് നിരക്കിലുള്ള ടേം ലോണുകൾക്കാണ് ഇത് ബാധകമാകുക. സർക്കുലർ ഉടൻ പുറത്തിറക്കും.   Read on deshabhimani.com

Related News