ഓഹരിവിപണിയില്‍ 
കാളകള്‍ പിടിമുറുക്കി ; സെന്‍സെക്‌സ്‌ 1360 പോയിന്റ് നേട്ടത്തില്‍



കൊച്ചി യുഎസ്‌ ഫെഡ് റിസർവ് പലിശനിരക്ക് 0.50 ശതമാനം കുറച്ചതിന്റെ ആവേശത്തിലുള്ള ആഗോള വിപണികളുടെ കുതിപ്പ് പിന്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയും പുതിയ റെക്കോഡ് ഉയരത്തിൽ. ചരിത്രത്തിലാദ്യമായി 84,000 കടന്ന ബിഎസ്ഇ സെൻസെക്‌സ്‌ 1.63 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.48 ശതമാനവും ലാഭം രേഖപ്പെടുത്തി. ദിനവ്യാപാരത്തിനിടയിൽ സെൻസെക്‌സ്‌ 84,694.46ലും എൻഎസ്ഇ നിഫ്റ്റി 25,849.25ലുമെത്തി. ഒടുവിൽ സെൻസെക്‌സ്‌ 1359.51 പോയിന്റ് നേട്ടത്തിൽ 84,544.31ലും നിഫ്റ്റി 375.15 പോയിന്റ് ഉയർന്ന് 25,790.95ലും ആഴ്ചയിലെ അവസാനദിനം വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്‌റ്റ്‌ ചെയ്‌ത കമ്പനികളുടെ ആകെ വിപണിമൂല്യം 471.72 ലക്ഷം കോടിയായി ഉയർന്നു. ഒറ്റദിവസംകൊണ്ട് അഞ്ചുലക്ഷം കോടിയിലേറെയാണ് നിക്ഷേപകർക്ക് നേട്ടം. ബിഎസ്ഇ മെറ്റൽ സൂചിക 1.82 ശതമാനവും ബാങ്ക് 1.44 ശതമാനവും ഓട്ടോ 2.12 ശതമാനവും നേട്ടം കൈവരിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി 5.57 ശതമാനവും ജെഎസ്ഡബ്ല്യു സ്‌റ്റീൽ 3.66 ശതമാനവും ലാഭം നേടി. കൊച്ചി കപ്പൽശാല പത്തുശതമാനം നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക് (3.77), ഭാരതി എയർടെൽ (2.84), എച്ച്-യുഎൽ (2.34), മാരുതി സുസുകി (2.10), പവർ​ഗ്രിഡ് കോർപറേഷൻ (1.87), ടാറ്റാ സ്‌റ്റീൽ (1.64), റിലയൻസ് (1.15) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ചില പ്രധാന ഓഹരികൾ. Read on deshabhimani.com

Related News