ഇന്ത്യൻ ഓഹരി വിപണിയെ ഞെട്ടിച്ച് ഹിൻഡൻബർഗ്‌... സ്‌റ്റോക്ക്‌ റിവ്യൂ



ഇന്ത്യൻ ഓഹരി വിപണിയെ ഞെട്ടിക്കാൻ ഹിൻഡൻബർഗ്‌ വീണ്ടും വെടി മുഴക്കി. ഓഹരി വിപണിയിലെ വൻ ശക്തിയും മാർക്കറ്റിനെ നിയന്ത്രിക്കുന്ന സെബിയുടെ തലപ്പത്തുള്ളവരുമായുള്ള ബന്ധത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഓപ്പറേറ്റർമാരെ ആശങ്കയിലാക്കി. വിദേശ ധനകാര്യസ്ഥാപനങ്ങൾ പ്രതിസന്ധികൾ മുന്നിൽ കണ്ട്‌ കഴിഞ്ഞ വാരം 19,546 കോടി രൂപ വില വരുന്ന ഓഹരികളാണ്‌ വിറ്റുമാറിയത്‌. അരുതാത്തത്‌ വിപണിയിൽ സംഭവിക്കുമെന്ന ഭീതി പ്രദേശിക നിഷേപകരിലും തല ഉയർത്തുന്നു. പിന്നിട്ട വാരം മുൻ നിര ഓഹരി ഇൻഡക്‌സുകൾക്ക്‌ ഒന്നര ശതമാനം തകർച്ച. സെൻസെക്‌സ്‌ 1276 പോയിന്റും നിഫ്‌റ്റി സൂചിക 350 പോയിന്റും ഇടിഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ്‌ റിപ്പോർട്ട് വിപണിയെ മൊത്തിൽ പിടിച്ച്‌ ഉലച്ചിരുന്നു. ഇതിനെ തുടർന്ന്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണി മൂല്യം 86 ബില്യൺ ഡോളർ തകർന്നു. ഒന്നര വർഷത്തിന്‌ ശേഷം അവർ വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി രംഗത്ത്‌. വിദേശ ഫണ്ടുകൾ വാരത്തിന്റെ തുടക്കത്തിൽ 406 കോടി രൂപയുടെ നിക്ഷേപത്തിന്‌ താൽപര്യം കാണിച്ചു. എന്നാൽ പിന്നീട്‌ അവർ വിൽപ്പനക്കാരായി 19,546.48 കോടി രൂപയുടെ വിൽപ്പന നടത്തി. ഈ അവസരത്തിൽ വിപണിയെ താങ്ങി നിർത്താൻ ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ 20,871 കോടി രൂപയുടെ നിക്ഷേപത്തിന്‌ മത്സരിച്ചു. ഇത്ര ശക്തമായ വാങ്ങൽ ആഭ്യന്തര ഫണ്ടുകളുടെ ഭാഗത്ത്‌ അപൂർവമാണ്‌. ഒരു പരിധി വരെ സൂചികയുടെ വൻ തകർച്ചയെ തടയാൻ നടത്തിയ നീക്കമായും ഇതിനെ വീക്ഷിക്കാം. സെൻസെക്‌സ്‌ വിൽപ്പനക്കാരുടെ കരങ്ങളിലായിരുന്നു. വിൽപ്പന തരംഗത്തിൽ സൂചിക 80,981 ൽ നിന്നും 78,353 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാൽ പിന്നീട്‌ വിപണി 79,676 ലേയ്‌ക്ക്‌ മെച്ചപ്പെട്ട്‌ വാരാന്ത്യ ക്ലോസിങ്‌ നടന്നു. ഈ വാരം സൂചികയ്‌ക്ക്‌ 78,738 – 77,800 ൽ താങ്ങും 80,229 - 80,782 ൽ പ്രതിരോധവുമുണ്ട്‌. നിഫ്‌റ്റിയും തകർച്ചയോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. 24,717ൽ നിന്നും സൂചിക 23,895 ലേയ്‌ക്ക്‌ നീങ്ങിയതിന്‌ പിന്നിൽ വിദേശ ഫണ്ടുകളുടെ ശക്തമായ വിൽപ്പനയായിരുന്നു. ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ നിക്ഷേപത്തിന്‌ ഉത്സാഹിച്ചത്‌ സൂചികയെ 24,420 ലേയ്‌ക്ക്‌ ഉയർത്തിയെങ്കിലും ക്ലോസിങിൽ നിഫ്‌റ്റി 24,364 ലാണ്‌. നിഫ്‌റ്റി ആഗസ്‌റ്റ്‌ സീരീസ്‌ 24,404 ലാണ്‌. വിപണിയിലെ ഓപ്പൺ ഇൻട്രസ്‌റ്റിൽ സംഭവിച്ച ഇടിവ്‌ ദുർബലാവസ്ഥയുടെ സൂചന നൽകുന്നു. എന്നാൽ ഈവാരം തുടക്കത്തിൽ ചെറിയതോതിൽ ബുള്ളിഷായി നീങ്ങാം. വിപണിയുടെ പ്രതിദിന ചാർട്ട്‌ വിൽപ്പനക്കാർക്ക്‌ അനുകൂലമായതിനാൽ 24,000 – 23,380 ലേയ്‌ക്ക്‌ തിരുത്തലിന്‌ ഇടയുണ്ട്‌. വിപണിയുടെ പ്രതിരോധം 24,444 ലാണ്‌. മുൻ നിര ഓഹരിയായ ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻഡ് എം, മാരുതി, ഇൻഡസ്‌ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്‌, ഇൻഫോസീസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌, റ്റിസിഎസ്‌, ആർഐഎൽ, ടാറ്റാ സ്‌റ്റീൽ ഓഹരി വിലകൾ താഴ്‌ന്നു. വിനിമയ വിപണിയിൽ രൂപയുടെ കാലിടറി. മൂല്യം 83.75 ൽ നിന്നും 83.96 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം 83.95 ലാണ്‌. ആർബിഐ രൂപയ്‌ക്ക്‌ താങ്ങ്‌ നൽകാൻ വിവിധ ബാങ്കുകളോട്‌ അഭ്യർത്ഥിച്ചു. പുതിയ ലോങ്‌ പൊസിഷനുകളിൽ നിന്നും വിട്ടുനിൽക്കാനുള്ള നിർദ്ദേശം എത്രമാത്രം വിജയിക്കുമെന്നത്‌ കണ്ടറിയേണ്ടിയിരിക്കുന്നു. രൂപയുടെ സാങ്കേതിക നീക്കങ്ങൾ വിലയിരുത്തിയാൽ 84.75 ലേയ്‌ക്ക്‌ ദുർബലമാകാം. രൂപ കരുത്തിന്‌ ശ്രമിച്ചാൽ തൽക്കാലം 83.60 ലേയ്‌ക്ക്‌ നീങ്ങാം. Read on deshabhimani.com

Related News