ടിക് ടോക് സ്ഥാപകൻ ഷാങ് യിമിംഗ് ചൈനയിലെ ധനികരുടെ പട്ടികയിൽ ഒന്നാമത്
ബീജിങ് > ബൈറ്റ്‌ഡാൻസ് സഹസ്ഥാപകൻ ഷാങ് യിമിംഗ് ചൈനയിലെ ധനികരുടെ പട്ടികയിൽ ഒന്നാമത്. 49.3 ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് ഷാങ് യിമിംഗിനുള്ളതായാണ് കണക്ക്. ഇന്നാണ് ചൈനയിലെ സമ്പന്നരുടെ പട്ടികയായ ഹുറുൺ ചൈന റിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വ്യവസായിയായ സോങ് ഷാൻഷനെയാണ് ഷാങ് യിമിംഗ് മറികടന്നത്. സോങ് ഷാൻഷാന്റെ സമ്പത്ത് 24% ഇടിഞ്ഞ് 47.9 ബില്യൺ ഡോളറിലെത്തിയിരുന്നു. അതിനാൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഎസ് ആസ്തികളെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങൾക്കിടയിലും ബൈറ്റ്‌ഡാൻസിന്റെ ആഗോള വരുമാനം കഴിഞ്ഞ വർഷം 30% വർധിച്ച് 110 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇത് ഷാങിന്റെ വ്യക്തിപരമായ സമ്പത്തും ഉയർത്താൻ സഹായിച്ചതായാണ് കരുതുന്നത്. 2021-ൽ ഷാങ് യിമിംഗ് ബൈറ്റ്‌ഡാൻസ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിഞ്ഞു. ടിക് ടോക് മൊബൈൽ ആപ്ലിക്കേഷന്റെ മാതൃകമ്പനിയാണ് ബൈറ്റ്‌ഡാൻസ്. ടിക് ടോക് ലോകത്തിലെ ഏറ്റവും ജനപ്രിതിയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നായി മാറിയിരുന്നു. Read on deshabhimani.com