11 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 5 വർഷം കഠിന തടവ്
തിരുവനന്തപുരം> പതിനൊന്നു വയസുകാരനെ പീഡിപ്പിച്ച കേസിൽ കാലടി താമരം സ്വദേശി ഷിബുവിന് (46) അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. 2022 നവംബർ 19 ന് രാവിലെ 11.30 ന് ആണ് കേസിനാസ്‌പദമായ സംഭവം. കുട്ടി അനിയന് വേണ്ടി ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോൾ സിഗരറ്റ് വാങ്ങാൻ വന്ന പ്രതി കടയിൽ വന്ന കുട്ടിയുടെ രണ്ട് കയ്യും ബലമായി പിടിച്ചുവെച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് പിടിച്ചു. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടുകയായിരുന്നു. വേദന മാറാത്തതുകൊണ്ട് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. രാത്രി വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകി. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോർട്ട് അസി. കമ്മീഷണർ എസ് ഷാജി , എസ്ഐ ടി സജിനി എന്നിവർ ആണ് കേസ് അന്വേഷിച്ചത്. Read on deshabhimani.com