വയനാട് ദുരന്തം; രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി, എട്ടെണ്ണം സംസ്കരിച്ചു



വയനാട്> ദുരന്തസ്ഥലത്ത് ഞായറാഴ്ച്ച വൈകുന്നേരം വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍ നിന്നും നിലമ്പൂരില്‍ നിന്നുമായി രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.  നിലമ്പൂരില്‍ നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗങ്ങൾ ലഭിച്ചു. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍  സംസ്‌കരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം മേപ്പാടിയില്‍ ആരംഭിച്ചു.   ദുരന്ത പ്രദേശത്തെ ആറ് മേഖലകളിൽ വിവിധ സേനകളും സന്നദ്ധപ്രവർത്തകരും വ്യാപക തെരച്ചില്‍ നടത്തി. ഇവര്‍ക്കു പുറമെ രജിസ്റ്റര്‍ ചെയ്ത  1700 വോളണ്ടിയര്‍മാരും 188 സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8246 പേരെ പാർപ്പിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടുപോയ എസ്എസ്എല്‍സി, പ്ലസ്ടു  സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News