കേരളത്തിലേക്ക് ഇന്ന് എട്ട് വിമാനങ്ങള്‍; ജൂണ്‍ നാലുവരെ 84 വിമാനങ്ങള്‍
മനാമ > കോവിഡ് -19 അനുബന്ധ യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിലെ രണ്ടാംഘട്ട അധിക വിമാന സര്‍വീസുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. ഗള്‍ഫില്‍നിന്നും 141 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുക. ഇതില്‍ ജൂണ്‍ നാലുവരെ 84 സര്‍വീസാണ് കേരളത്തിലേക്ക് ഉള്ളത്. യുഎഇ (81 വിമാനം), ഒമാന്‍, സൗദി അറേബ്യ (15 വിമാനം വീതം), കുവൈത്ത് (14 വിമാനം), ഖത്തര്‍ (11 വിമാനം), ബഹ്‌റൈന്‍ (അഞ്ച് വിമാനം) എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് 141 അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് ഒമ്പത് വിമാനങ്ങള്‍ പറന്നുയരും. ഇതില്‍ എട്ടും കേരളത്തിലേക്ക്. ഏഴെണ്ണം യുഎഇയില്‍ നിന്നും ഒരു സര്‍വീസ് ബഹ്‌റൈനില്‍ നിന്നുമാണ്. യുഎഇയില്‍ നിന്നും ഐഎക്‌സ് 1434 ദുബായ്-കൊച്ചി രാവിലെ 11.50, ഐഎക്‌സ് 1746 ദുബായ്-കണ്ണൂര്‍ ഉച്ചക്ക് 12.50, ഐഎക്‌സ് 1348 അബുദബി-കോഴിക്കോട് ഉച്ചക്ക് 1.20, ഐഎക്‌സ് 1538 അബുദബി-തിരുവനന്തപുരം ഉച്ചക്കുശേഷം 3.20, ഐഎക്‌സ് 1344 ദുബായ്-കോഴിക്കോട്, ഐഎക്‌സ് 1540 ദുബായ്-തിരുവനന്തപുരം വൈകീട്ട് 5.20, ഐഎക്‌സ്. 1716 അബുദബി-കണ്ണൂര്‍ വൈകീട്ട് 5.30 എന്നിവ ചൊവ്വാഴ്ച പുറപ്പെടും. 177 യാത്രക്കാരാണ് ഓരോ വിമാനത്തിലുമുണ്ടാകുക. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് ഐഎക്‌സ് 1376 ചൊവ്വാഴ്ച വൈകീട്ട് 4.10-ന് പറന്നുയരും. 179 യാത്രക്കാര്ക്ക് ടിക്കറ്റ് നല്‍കി. കോഴിക്കോടു നിന്നും യാത്രക്കാരുമായി എത്തുന്ന വിമാനമാണ് തിരിച്ച് ഇവിടെ നിന്നും യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പോകുന്നത്. ബഹ്‌റൈനില്‍ നിന്ന് 28ന് കൊച്ചി, 30ന് കോഴിക്കോട്, ജൂണ്‍ ഒന്നിന് കൊച്ചി, രണ്ടിന് കോഴിക്കോട് എന്നിവടങ്ങളിലേക്കും സര്‍വീസുണ്ട്. 28ന്റെ കൊച്ചി വിമാനത്തിലേക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. 177 യാത്രക്കാരെയാണ് കൊണ്ടുപോകുക. അന്ന് കൊച്ചിയില്‍ നിന്നും തിരികെ വരുന്ന വിമാനത്തില്‍ ബഹ്‌റൈന്‍ സ്വദേശികള്‍, സാധുവായ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ എന്നിവരെ കൊണ്ടുവരാന്‍ അനുമതിയുണ്ട്. മറ്റു ദിവസങ്ങളിലെ വിമാനത്തിലും സമാനമായ രീതിയില്‍ യാത്രക്കാരെ കൊണ്ടുവരാന്‍ അനുമതി തേടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. Read on deshabhimani.com