അക്ഷരങ്ങളെ ഭാവചിത്രങ്ങളാക്കി കലിഗ്രാഫി ഫെസ്റ്റിവൽ



കൊച്ചി > അക്ഷരകലാ വകഭേദങ്ങളുടെ വാതായനങ്ങൾ തുറക്കുന്ന അന്താരാഷ്‌ട്ര കലിഗ്രഫി ഫെസ്‌റ്റിവൽ ജനശ്രദ്ധയാകർഷിക്കുന്നു. അക്ഷരങ്ങളും വാക്കുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ച്‌ മനോഹരമായ ചിത്രമാക്കി മാറ്റിയുള്ള ഈ അപൂർവ കലപ്രദർശനവും മറ്റു അനുബന്ധ പരിപാടികളും ശ്രവിക്കാനും വീക്ഷിക്കാനും സംസ്ഥാനത്തിന്‌ അകത്തും പുറത്തുനിന്നുള്ള ചിത്രകലാ പ്രവർത്തകരുടെ പ്രവാഹമാണ്‌ കൊച്ചി ഡർബാർ ഹാളിൽ. നാലു ദിവസമായി നടക്കുന്ന ഫെസ്‌റ്റിവലിൽ ലോകത്തെ ഒന്നാംനിര കലിഗ്രഫർമാർ അണിനിരക്കുന്നുണ്ട്‌.   ലാറ്റിൻ, അറബി, ചൈനീസ്‌ തുടങ്ങിയ അക്ഷരമാലകൊണ്ടുള്ള കലിഗ്രഫി, കലിഗ്രഫി ഉപയോഗിച്ചുള്ള ബൈബിൾ, ഖുറാൻ പകർത്തിയെഴുത്ത്‌ തുടങ്ങിയ അപൂർവദൃശ്യങ്ങളും ഡർബാർഹാളിലെ നാല്‌ ഗ്യാലറിയിലെ പ്രദർശനത്തിൽ ഉണ്ട്‌.  ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, ഗുജറാത്തി, കനഡ, അറബിക്ക്‌, ഉറുദു, ഹീബ്രു, വിയറ്റ്‌നാമീസ്‌ തുടങ്ങി നിരവധി ഭാഷകളിലുള്ള കലിഗ്രഫിയുടെ മികവ്‌ ഈ ഫെസ്‌റ്റിവലിൽനിന്ന്‌ അടുത്തറിയാനാകും. ഡർബാർ ഹാളിന്‌ മധ്യത്തിൽ മുകളിൽ തുറന്നുവച്ച പുസ്‌തകത്തിൽനിന്ന്‌ അക്ഷരങ്ങൾ പൊഴിക്കുന്ന ചിത്രം ചിന്തകൾക്ക്‌ തിരികൊളുത്തുന്നതാണ്‌.  വ്യത്യസ്‌തമായ ബ്രഷ്, മൂർച്ചയുള്ള ഉപകരണങ്ങൾ, പേന, പെൻസിൽ ഉൾപ്പെടെയുള്ള  എഴുത്ത് ഉപകരണങ്ങൾകൊണ്ടാണ്‌ കലിഗ്രഫി ചിത്രീകരണം നടത്തുന്നത്‌. ലോകപ്രശസ്‌ത കലിയോഗ്രാഫർമാരായ മൈക്കൽ ബി അനസ്‌താസിയോ, (ഫ്രാൻസ്‌), ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപപ്പെടുത്തിയ ബി ഉദയകുമാർ, കലിഗ്രാഫിയുടെ പത്തടി ഉയരത്തിയുള്ള ഏറ്റവും വലിയ പുസ്‌തകം തയ്യാറാക്കിയ വിയറ്റ്‌നാം പ്രതിനിധി ഡാങ്‌ ഹോക്ക്‌, സാൽവാ റെസൂൽ, അക്ഷയ തോംബ്രേ തുടങ്ങി 120 പ്രതിനിധികൾ ഫെസ്‌റ്റിവലിൽ പങ്കെടുക്കുന്നുണ്ട്‌. കേരള ലളിത കലാ അക്കാദമിയും ലോകപ്രശസ്‌ത കലിഗ്രഫി കലാകാരൻ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള കചടതപ ഫൗണ്ടേഷനും ചേർന്നാണ്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്‌. പ്രദർശനം, ശിൽപ്പശാല, അവതരണം, ക്വിസ്‌, പ്രഭാഷണങ്ങൾ തുടങ്ങിയവ ഫെസ്‌റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്‌. ഫെസ്‌റ്റിവൽ വെള്ളി വൈകീട്ട്‌ സമാപിക്കും. Read on deshabhimani.com

Related News