ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസ്; ചിത്രകല അധ്യാപകന് 12 വർഷം തടവും 20,000 രൂപ പിഴയും
തിരുവന്തപുരം > ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പാങ്ങപ്പാറ്റ സ്വദേശി രാജേന്ദ്ര(65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. തുക അടച്ചിക്കാനായില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. 2023 മെയ് മാസം മുതൽ ജൂൺ 25 വരെയാണ് പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവിൽ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തടവുകയും കുട്ടിയുടെ നെഞ്ചിൽ നുള്ളുകയും ചെയ്യുമായിരുന്നു. പ്രതി അവസാനമായി ക്ലാസെടുക്കാൻ വന്നത് ജൂൺ 25നാണ്. അന്ന് പ്രതി മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നുവെന്നാണ് പരാതി. പല തവണ പീഡനം നടന്നെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവിൽ സഹികെട്ടാണ് സംഭവം അമ്മയോട് വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ ശ്രീകാര്യം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ വൈ അഖിലേഷ് എന്നിവർ ഹാജരായി. Read on deshabhimani.com